മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങളുമായി ഉത്തരകൊറിയയുടെ ബലൂണുകള്‍; മുന്നറിയിപ്പുമായി ദക്ഷിണ കൊറിയ
|വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ബലൂണുകളും അവയിൽ ഘടിപ്പിച്ച പ്ലാസ്റ്റിക് ബാഗുകളും തൊടുന്നതിനെതിരെയും ദക്ഷിണ കൊറിയൻ സൈന്യം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
സിയോള്‍: മനുഷ്യ വിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍ വഹിച്ച 260 ബലൂണുകള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയതായി ദക്ഷിണ കൊറിയ. ഉത്തര കൊറിയയില്‍ നിന്നുള്ളതാണ് ഈ ബലൂണുകളെന്നാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ദക്ഷിണ കൊറിയന്‍ നിവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ബലൂണുകളും അവയിൽ ഘടിപ്പിച്ച പ്ലാസ്റ്റിക് ബാഗുകളും തൊടുന്നതിനെതിരെയും ദക്ഷിണ കൊറിയൻ സൈന്യം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ ഒമ്പത് പ്രവിശ്യകളിൽ എട്ടെണ്ണത്തിലും ഇത്തരത്തിലുള്ള ബലൂണുകള്‍ കണ്ടെത്തിയിട്ടുണ്ട്. ബലൂണുകളിൽ ഉത്തരകൊറിയൻ പ്രചരണ ലഘുലേഖകൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.ദക്ഷിണ കൊറിയയിലെ ആക്ടിവിസ്റ്റുകള്‍ പ്രദേശങ്ങളിൽ ലഘുലേഖകളും മറ്റ് മാലിന്യങ്ങളും ഇടയ്ക്കിടെ വിതറുന്നതിനെതിരെ പ്രതികാരം ചെയ്യുമെന്ന് ഉത്തര കൊറിയ പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം.
വീടിനു പുറത്തിറങ്ങരുതെന്ന് സിയോളിൻ്റെ വടക്കുഭാഗത്തും അതിർത്തി പ്രദേശത്തും താമസിക്കുന്നവർക്ക് പ്രവിശ്യ അധികാരികള്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി. അജ്ഞാത വസ്തുക്കള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അടുത്തുള്ള സൈനിക കേന്ദ്രത്തിലോ പൊലീസ് സ്റ്റേഷനിലോ അറിയിക്കാനും ആവശ്യപ്പെട്ടു. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ചില ബലൂണുകള്‍ക്കുള്ളില്‍ ടോയ്‍ലറ്റ് പേപ്പറും കറുത്ത മണ്ണും ബാറ്ററികളുമടക്കമുള്ള മാലിന്യങ്ങള്‍ കാണാം. ചില ബലൂണുകളുടെ നിറവും ദുര്‍ഗന്ധവും കാരണം അവയില്‍ മനുഷ്യവിസര്‍ജ്യമുള്ളതായി തോന്നുമെന്ന് ദക്ഷിണ കൊറിയയിലെ യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു."അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനം" എന്ന് ദക്ഷിണ കൊറിയൻ സൈന്യം ഈ നടപടിയെ അപലപിച്ചു.
''ഇതു നമ്മുടെ ജനങ്ങളുടെ സുരക്ഷക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു. ഉത്തരകൊറിയയാണ് ഇതിന്‍റെ പൂര്‍ണ ഉത്തരവാദി. മനുഷ്യത്വരഹിതവും ക്രൂരവുമായ ഈ നടപടി ഉടനടി നിർത്താൻ ഞങ്ങൾ ഉത്തരകൊറിയക്ക് കർശനമായി മുന്നറിയിപ്പ് നൽകുന്നു," സൈന്യം വ്യക്തമാക്കി. ഈ മാസമാദ്യം ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ഒരു ആക്ടിവിസ്റ്റ് ഗ്രൂപ്പ് പ്യോങ്‌യാങ് വിരുദ്ധ ലഘുലേഖകളും കൊറിയൻ പോപ്പ് സംഗീതവും മ്യൂസിക് വീഡിയോകളും അടങ്ങിയ യുഎസ്ബി സ്റ്റിക്കുകളും വഹിച്ചുകൊണ്ടുള്ള 20 ബലൂണുകൾ അതിർത്തിക്കപ്പുറത്തേക്ക് അയച്ചതായി അവകാശപ്പെട്ടു.