World
North Korea executes man for listening to 70 K-pop songs, North Korea against western culture
World

'കെ-പോപ്പ് ഗാനം കേട്ടു, ദ.കൊറിയന്‍ സിനിമ കണ്ടു'; ഉ. കൊറിയയില്‍ 22കാരനു വധശിക്ഷ

Web Desk
|
29 Jun 2024 6:17 AM GMT

ഉ.കൊറിയയില്‍ മുടി കറുപ്പിക്കുന്നതിനും നീട്ടിവളര്‍ത്തുന്നതിനുമെല്ലാം നിയന്ത്രണങ്ങളുണ്ടെന്നും പൗരന്മാരുടെ ഹെയര്‍സ്റ്റൈലും വസ്ത്രധാരണരീതിയുമെല്ലാം ഭരണകൂടം നിരീക്ഷിക്കുന്നുണ്ടെന്നും ദ. കൊറിയ പുറത്തുവിട്ട മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പറയുന്നു

പ്യോങ്‌യാങ്: ദക്ഷിണ കൊറിയന്‍ ജനപ്രിയ സംഗീതമായ കെ-പോപ്പ് കേട്ടതിന് ഉത്തര കൊറിയയില്‍ യുവാവിനെ പരസ്യമായി വധിച്ചതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുന്‍പ് നടന്ന സംഭവം ഇപ്പോഴാണു വാര്‍ത്തയാകുന്നത്. ദക്ഷിണ കൊറിയന്‍ യൂനിഫിക്കേഷന്‍ മന്ത്രാലയം പുറത്തുവിട്ട 2024ലെ ഉ.കൊറിയന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് 22കാരനെ വകവരുത്തിയ വിവരമുള്ളത്.

ഉ.കൊറിയന്‍ പ്രവിശ്യയായ ഹ്വാങ്‌ഹേ സ്വദേശിയാണ് കൊറിയന്‍ സംഗീതവും സിനിമകളും കേള്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന കുറ്റമാരോപിക്കപ്പെട്ടു വധശിക്ഷയ്ക്കിരയായത്. 70 കെ-പോപ്പ് പാട്ടുകള്‍ കേള്‍ക്കുകയും മൂന്ന് സിനിമകള്‍ കാണുകയും അവ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണു യുവാവിനെതിരെ ചുമത്തിയ കുറ്റമെന്ന് 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. 'പ്രതിലോമകരമായ സംസ്‌കാരവും പ്രത്യയശാസ്ത്രവും' വിലക്കിക്കൊണ്ട് 2020ല്‍ ഉ.കൊറിയ നടപ്പാക്കിയ നിയമം ലംഘിച്ചെന്നും ആരോപണമുണ്ട്.

649 ഉ.കൊറിയന്‍ കൂറുമാറ്റക്കാരുടെ സാക്ഷിമൊഴികള്‍ ചേര്‍ത്താണ് ദ.കൊറിയന്‍ മന്ത്രാലയം മനുഷ്യാവകാശ റിപ്പോര്‍ട്ട് തയാറാക്കിയത്. വിദേശ വിജ്ഞാനങ്ങളിലും അറിവുകളിലും വിനോദങ്ങളിലും യുവാക്കള്‍ ആകൃഷ്ടരാകുന്നതു തടയാന്‍ ഉ. കൊറിയന്‍ ഭരണകൂടം സ്വീകരിച്ച നടപടികള്‍ ഇതില്‍ വിശദമായി വിവരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുവാക്കള്‍ക്കെതിരെ വലിയ തോതില്‍ ഭരണകൂട വേട്ട നടന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍നിന്നുള്ള സംരക്ഷണം എന്നു പറഞ്ഞാണ് ഉ.കൊറിയ കെ-പേപ്പ് സംഗീതത്തിനു വിലക്കേര്‍പ്പെടുത്തിയിരുന്നത്. നവവധു വെളുത്ത വസ്ത്രം ധരിക്കുന്നത്, വരന്‍ വധുവിനെ എടുത്തുപൊക്കുന്നത്, സണ്‍ഗ്ലാസ് വയ്ക്കുന്നത്, മദ്യം കഴിക്കുന്നത് എന്നിവയെല്ലാം പ്രതിലോമ പ്രവര്‍ത്തനമായാണു നിയമം ചൂണ്ടിക്കാട്ടുന്നത്. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിച്ചിരുന്നത്.

കിം ജോങ് ഉന്നിന്റെ മുന്‍ഗാമി കിം ജോങ് ഇല്‍ ആണ് വിദേശ സംസ്‌കാരത്തിനെതിരായ പ്രതിരോധം എന്ന പേരില്‍ പൗരന്മാരുടെ ദൈനംദിന ജീവിതത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടങ്ങുന്നത്. ഇതു കൂടുതല്‍ കടുപ്പിക്കുകയാണ് കിം ചെയ്തത്. വിദേശ സംസ്‌കാരത്തിന്റെ സ്വാധീനമുണ്ടോ എന്നു നിരീക്ഷിക്കാനായി പൗരന്മാരുടെ മൊബൈല്‍ ഫോണുകള്‍ വ്യാപകമായി പരിശോധിക്കുന്നതും പതിവുണ്ട്. ആളുകളുടെ പേരുകളിലെ അക്ഷരവിന്യാസം, പ്രാദേശിക ഭാഷാ പ്രയോഗങ്ങള്‍ എന്നിവയെല്ലാം നിരീക്ഷിച്ചിരുന്നു. ദക്ഷിണ കൊറിയന്‍ സ്വാധീനമുണ്ടോ എന്നാണു പരിശോധിച്ചിരുന്നത്.

പടിഞ്ഞാറന്‍-മുതലാളിത്ത രാജ്യങ്ങളിലെ ഫാഷന്‍ ശീലം അനുകരിക്കന്നതിനും കടുത്ത വിലക്കുണ്ട് ഉ.കൊറിയയില്‍. ഹെയര്‍സ്റ്റൈല്‍, വസ്ത്രധാരണരീതി എന്നിവയെല്ലാം നിരീക്ഷണത്തിനു വിധേയമായിരുന്നു. ചെത്തിപ്പൊളിച്ചുള്ള ഹെയര്‍കട്ടിനും ഇറുകിയ ജീന്‍സിനും ടി ഷര്‍ട്ടുകള്‍ക്കുമെതിരെ നടപടി തുടരുന്നുണ്ടെന്നാണ് 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ടില്‍ പറയുന്നു. മുടി കറുപ്പിക്കുന്നതിനും മുടി നീട്ടിവളര്‍ത്തുന്നതിനുമെല്ലാം നിയന്ത്രണങ്ങളുണ്ട്.

ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കുമിടയിലും ദ.കൊറിയന്‍ സംസ്‌കാരവും ജീവിതരീതിയും ഉ.കൊറിയയിലെ യുവാക്കള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കുകയാണെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും പുതിയ കൊറിയന്‍ ടെലിവിഷന്‍ ഷോകളും സംഗീത ബാന്‍ഡുകളുമെല്ലാം ഉ.കൊറിയയിലും ട്രെന്‍ഡാണെന്നാണ് കൂറുമാറിയ ഒരു യുവതി മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയത്. അതിവേഗത്തിലാണ് ദ.കൊറിയന്‍ സംസ്‌കാരം ഇവിടെ വ്യാപിക്കുന്നത്. ഏത് ദ. കൊറിയന്‍ സംസ്‌കാരവും അതിയായ താല്‍പര്യത്തോടെയും ഇഷ്ടത്തോടെയും അനുകരിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയുമാണ് ഉ. കൊറിയയ്ക്കാരെന്നും യുവതി പറയുന്നു.

Summary: North Korea executes man for listening to 70 K-pop songs: Report

Similar Posts