World
ദക്ഷിണ കൊറിയൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയൻ മിസൈൽ; പോര് കനക്കുന്നു
World

ദക്ഷിണ കൊറിയൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയൻ മിസൈൽ; പോര് കനക്കുന്നു

Web Desk
|
6 Oct 2022 2:37 PM GMT

രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തര കൊറിയ നടത്തിയ ആറാമത്തെ ആയുധ മിസൈൽ വിക്ഷേപണമാണിത്.

തങ്ങളുടെ ഭാ​ഗമായ കിഴക്കൻ സമുദ്രത്തിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയൻ സൈന്യം. വ്യാഴാഴ്ച രാവിലെയാണ് മിസൈൽ പ്രയോ​ഗിച്ചതെന്ന് ദക്ഷിണ കൊറിയൻ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു. എന്നാൽ ഇതെത്ര ദൂരെയാണ് പതിച്ചതെന്നതു സംബന്ധിച്ച വിവരങ്ങൾ ദക്ഷിണ കൊറിയൻ അധികൃതർ പുറത്തുവിട്ടിട്ടില്ല.

രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തര കൊറിയ നടത്തിയ ആറാമത്തെ ആയുധ മിസൈൽ വിക്ഷേപണമാണിത്. അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതിന് പിന്നാലെയാണ് വ്യാഴാഴ്ച ദക്ഷിണ കൊറിയയ്ക്ക് നേരെയുള്ള വിക്ഷേപണം നടന്നത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് രൂക്ഷമാക്കുന്നതാണെന്നാണ് വിലയിരുത്തൽ.

ഉത്തര കൊറിയൻ നടപടിയെ സംഭവത്തെ അപലപിച്ച് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ രം​ഗത്തെത്തി. കൊറിയൻ പെനിൻസുലയുടെ കിഴക്കൻ സമു​ദ്രത്തിൽ ദക്ഷിണ കൊറിയയും ജപ്പാനും യു.എസും സംയുക്ത സൈനികാഭ്യാസം നടത്തിയതിനു പിന്നാലെയാണ് ഉത്തര കൊറിയയുടെ ആയുധ പരീക്ഷണം. ഈ സംയുക്ത സൈനികാഭ്യാസത്തിനുള്ള പ്രതികരണമായാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമെന്നാണ് വിലയിരുത്തല്‍.

ഇത്തരം സൈനികാഭ്യാസങ്ങളെ അധിനിവേശ റിഹേഴ്സലായിട്ടാണ് ഉത്തരകൊറിയ കാണുന്നത്. ഇതാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് അവരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ചത്തെ വിക്ഷേപണത്തിന് ശേഷം, യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, അൽബേനിയ, നോർവേ, അയർലൻഡ് എന്നീ രാജ്യങ്ങൾ യു.എൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, യു.എസുമായുള്ള ഭാവി ചർച്ചകളിൽ സ്വാധീനം വർധിപ്പിക്കാനായി ആണവായുധ ശേഖരം വിപുലീകരിക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നതെന്ന് നിരീക്ഷകർ പറയുന്നു.

കഴിഞ്ഞദിവസം ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പ്രയോ​ഗിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ജപ്പാന് നേരെയുള്ള ഉത്തര കൊറിയയുടെ ആക്രമണമുണ്ടായത്. നടപടിക്ക് പിന്നാലെ ജപ്പാനില്‍ ഏതാനും ട്രെയിനുകള്‍ റദ്ദാക്കി. ജനങ്ങളെ ഒഴിപ്പിച്ചു. പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

മിസൈല്‍ ജപ്പാന് മുകളില്‍ കൂടി പറന്നെന്നും പസഫിക് സമുദ്രത്തില്‍ അത് പതിച്ചുവെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. ജനുവരി മുതല്‍ ഉത്തര കൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളില്‍ നിര്‍ണായകമായിരുന്നു ജപ്പാന് നേരെ തൊടുത്ത മിസൈല്‍. ഹ്വാസോങ്-12 എന്ന മധ്യധൂര മിസൈലിന് അമേരിക്കന്‍ അധീനതയിലുള്ള ഗുവാമില്‍ വരെ എത്തിപ്പെടാന്‍ ശേഷിയുണ്ട്.

മിസൈല്‍ പരീക്ഷണത്തിന് പിന്നാലെ ദക്ഷിണകൊറിയയും ജപ്പാനും അടിയന്തര സുരക്ഷായോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മിസൈല്‍ തൊടുത്തുവിട്ടതിന് പിന്നാലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ താമസക്കാരെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ജാപ്പനീസ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹൊക്കായ്‌ഡോ, അമോരി പ്രദേശങ്ങളിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകളാണ് സര്‍ക്കാര്‍ അറിയിപ്പു പുറത്തുവരുന്നതുവരെ റദ്ദാക്കിയത്.

Similar Posts