ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി
|വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. ചൊവ്വാഴ്‌ചയാണ് ഉത്തര കൊറിയ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ പറഞ്ഞു. വിമാന വാഹിനി കപ്പലിൽ നിന്നാകാം മിസൈൽ വിക്ഷേപിച്ചതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
" സിംപോയിൽ നിന്നാണ് തിരിച്ചറിയപ്പെടാത്ത "ബാലിസ്റ്റിക് മിസൈൽ " വിക്ഷേപിച്ചതെന്ന് സിയോളിലെ ജോയിന്റ്റ് ചീഫ് ഓഫ് സ്റ്റാഫ് പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി ദക്ഷിണ കൊറിയൻ , അമേരിക്കൻ ഇന്റലിജൻസ് വിഭാഗങ്ങൾ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
മിസൈൽ വിക്ഷേപിക്കപെട്ട സിംപോ നേവിയുടെ ഒരു സുപ്രധാന കപ്പൽശാലയാണ്. ഇവിടെ മുങ്ങിക്കപ്പലുകളുണ്ടായതായി ഇവിടെ നിന്നും മുൻപെടുത്ത ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കിയിരുന്നു.
നേരത്തെ, വിമാനവാഹിനി കപ്പലിൽ നിന്നും തൊടുക്കാവുന്ന ബലിസ്റ്റിക്ക് മിസൈലുകൾ ഉത്തര കൊറിയ വികസിപ്പിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. ഉത്തര കൊറിയ കഴിഞ്ഞ വർഷം നടത്തിയ സൈനിക പരേഡിൽ ആയുധങ്ങളുടെ പ്രദർശനം നടത്തിയിരുന്നു. ഇതിൽ ഭീമാകാരമായ അന്തരാഷ്ട്ര ബാലിസ്റ്റിക് മിസൈലും പ്രദർശിപ്പിച്ചിരുന്നു. ദക്ഷിണ കൊറിയ കഴിഞ്ഞ മാസം വിമാനവാഹിനി കപ്പലിൽ നിന്നും തൊടുക്കാവുന്ന തങ്ങളുടെ ആദ്യ മിസൈൽ പരീക്ഷിച്ചിരുന്നു.