ഉത്തര കൊറിയയിൽ പനി ബാധിച്ച് 21 പേർ മരിച്ചു
|എത്ര കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു എന്ന കാര്യത്തിൽ വ്യക്തതയില്ല
പ്യോങ്യാങ്: ഉത്തരകൊറിയയിൽ പനി ബാധിച്ച് 21 പേർ മരിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാജ്യത്ത് 174,440 പേർക്കാണ് പനി സ്ഥിരീകരിച്ചത്. എന്നാൽ ഇതിൽ എത്ര കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു എന്ന കാര്യത്തിൽ വ്യക്തതയില്ല.
രാജ്യത്ത് ആദ്യ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പനി ബാധിച്ചുള്ള മരണങ്ങളുടെ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
കോവിഡിന്റെ ആരംഭം മുതൽ തന്നെ കടുത്ത നിയന്ത്രണങ്ങളാണ് ഉത്തര കൊറിയ ഏർപ്പെടുത്തിയിരുന്നത്. അതിർത്തികൾ അടച്ച് പുറത്തുനിന്നുള്ളവർ രാജ്യത്ത് പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. ഒറ്റ കോവിഡ് കേസും ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നായിരുന്നു ഉത്തര കൊറിയയുടെ അവകാശവാദം.
എത്ര പേർക്കാണ് ഇപ്പോൾ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതെന്ന കാര്യം വ്യക്തമല്ല. 2.5 കോടി ജനസംഖ്യയിൽ ആരും വാക്സിനെടുത്തിട്ടില്ലെന്നാണ് വിവരം. വാക്സിനേഷന് ആവശ്യമായ സഹായങ്ങൾ നൽകാമെന്ന ലോകാരോഗ്യ സംഘടനയുടെയും ചൈനയുടെയും റഷ്യയുടെയുമെല്ലാം വാഗ്ദാനങ്ങൾ കൊറിയ തള്ളിയിരുന്നു.