World
Norway will continue to help the United Nations agency
World

‘ഫലസ്തീന് അന്താരാഷ്ട്ര പിന്തുണ ഏറെ ആവശ്യമുള്ള സമയം’; ഐക്യരാഷ്ട്ര സഭ ഏജൻസിക്ക് സഹായം തുടരുമെന്ന് നോർവേ

Web Desk
|
28 Jan 2024 3:18 AM GMT

ഇസ്രായേൽ ആരോപണത്തെ തുടർന്ന് ഒമ്പത് രാജ്യങ്ങളാണ് ഏജൻസിക്ക് ഫണ്ട് നൽകുന്നത് നിർത്തിയത്

ഫലസ്തീൻ അഭയാർഥികൾക്കായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിക്ക് (യുഎൻആർഡബ്ല്യുഎ) പിന്തുണ തുടരുമെന്ന് ഫലസ്തീനിലെ നോർവേയുടെ പ്രതിനിധി ഓഫിസ് അറിയിച്ചു. ഒക്ടോബർ ഏഴിലെ ഹമാസിന്റെ ആക്രമണത്തിൽ ഏജൻസിയുടെ ജീവനക്കാർക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസം ഇസ്രായേൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഒമ്പത് രാജ്യങ്ങൾ ഏജൻസിക്ക് ഫണ്ട് നൽകുന്നത് നിർത്തുമെന്ന് പ്രഖ്യാപിച്ചു.

ഇതോടെയാണ് നോർവേ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്. ‘മഹാദുരന്തമാണ് ഗസ്സയിലേത്. യുഎൻആർഡബ്ല്യുഎ അവിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട മാനുഷിക സംഘടനയാണ്. ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയിലൂടെ ഫലസ്തീൻ ജനതക്കുള്ള പിന്തുണ നോർവേ തുടരും. ഫലസ്തീനിനുള്ള അന്താരാഷ്ട്ര പിന്തുണ എന്നത്തേക്കാളും അധികം ഇപ്പോൾ ആവശ്യമാണ്.

വ്യക്തികൾ പലതും ചെയ്തേക്കാം. പക്ഷെ, യുഎൻആർഡബ്ല്യുഎ എന്തിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഞങ്ങൾക്ക് വേർതിരിച്ചറിയാനാകും. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സംഘടനയുടെ പതിനായിരക്കണക്കിന് ജീവനക്കാർ സഹായം വിതരണം ചെയ്യുന്നതിലും ജീവൻ രക്ഷിക്കുന്നതിലും അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നുണ്ട്’ -നോർവേയുടെ പ്രതിനിധി ഓഫിസ് വിശദീകരിച്ചു.

യു.എൻ അഭയാർഥി ഏജൻസിയുടെ പ്രവർത്തനം അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ ഉന്നയിച്ച ആരോപണം ഏറ്റുപിടിച്ചിരിക്കുകയാണ്​​ അമേരിക്ക ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾ. ഏജൻസിക്ക്​ ഇനി ഫണ്ട്​ നൽകില്ലെന്ന്​ അമേരിക്ക, ബ്രിട്ടൻ, കനഡ, ഇറ്റലി, ജർമനി, ഫിൻലൻഡ്, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലൻഡ്, ആസ്ത്രേലിയ എന്നീ​ രാജ്യങ്ങൾ അറിയിച്ചു.

അതേസമയം, ഒക്ടോബർ ഏഴിലെ ആക്രണമത്തിൽ ഐക്യരാഷ്ട്ര സഭ ഏജൻസിയുടെ ജീവനക്കാരുടെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ അയർലൻഡ് ശനിയാഴ്ച പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, ഏജൻസിക്കുള്ള ധനസഹായം താൽക്കാലികമായി നിർത്തില്ലെന്നും അവർ വ്യക്തമാക്കി.

ഫണ്ട്​ നിഷേധിച്ച നടപടി ആപൽക്കരമെന്നാണ്​ യു.എൻ ഏജൻസി ഉദ്യോഗസ്​ഥർ പ്രതികരിച്ചത്. ഗസ്സയിലെ അന്താരാഷ്ട്ര ദുരിതാശ്വാസ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ ഇസ്രായേൽ ലക്ഷ്യമിടുകയാണെന്ന് ഹമാസ് ആരോപിച്ചു. ധനസഹായ വിതരണം നിർത്തിവെക്കരുതെന്ന് ഇവർ ഐക്യരാഷ്ട്ര സഭയോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യർഥിച്ചു.

1949 ഡിസംബർ എട്ടിനാണ് യുഎൻആർഡബ്ല്യുഎ രൂപവത്കരിക്കുന്നത്. 2019ലെ കണക്കനുസരിച്ച് 5.6 ദശലക്ഷത്തിലധികം ഫലസ്തീനികൾ അഭയാർത്ഥികളായി ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ 30,000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്നു. അവരിൽ ഭൂരിഭാഗവും ഫലസ്തീൻ അഭയാർത്ഥികളാണ്. കൂടാതെ വിദേശികളും ഉണ്ട്. ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ ഏജൻസിയുടെ നിരവധി ജീവനക്കാരാണ് കൊല്ലപ്പെട്ടത്.

Similar Posts