ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് വിൻഡ് പാർക്കുമായി നോർവെ
|ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഹരിതോർജത്തിലേക്കുള്ള മാറ്റത്തിന്റെ പാതയക്ക് പുത്തനുണർവേകുന്നതാണ് പുതിയ വിൻഡ് പാർക്ക്
ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് വിൻഡ് പാർക്ക് വടക്കൻ കടലിൽ ബുധനനാഴ്ച തുറന്നിരിക്കുകയാണ് നോർവെ. ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഹരിതോർജത്തിലേക്കുള്ള മാറ്റത്തിന്റെ പാതയക്ക് പുത്തനുണർവേകുന്നതാണ് പുതിയ വിൻഡ് പാർക്ക്.
8.6 മെഗാവാട്ട് വീതം ഉത്പ്പാദിപ്പിക്കുന്ന 11 ടർബൈനുകളാണ് ഹെവിൻഡ് ടാംപെന്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിലൂടെ സമീപത്തുള്ള അഞ്ച് എണ്ണ-വാതക നിലയങ്ങൾക്ക് അവയുടെ ആകെ ഊർജ ആവശ്യത്തിന്റെ 35 ശതമാനം നൽകാൻ സാധിക്കും.
കടൽ തീരത്ത് എകദേശം 140 കിലോമീറ്ററിൽ സ്ഥിതി ചെയ്യുന്ന ഫീൽഡ് കഴിഞ്ഞ വർഷം അവസാനത്തോടെ ഉത്പ്പാദനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇന്നാണ് നോർവീജിയൻ കിരീടാവകാശി ഹാക്കോണും പ്രധാനമന്ത്രി ജോനാസ് ഗർ സ്‌റ്റോറും ചേർന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
'നമുക്കും യൂറോപ്യന്മാർക്കും എല്ലാവർക്കും കൂടുതൽ വൈദ്യുതി ആവശ്യമാണ്. ഉക്രൈനിലെ യുദ്ധം ഈ സാഹചര്യത്തെ ശക്തിപ്പെടുത്തി' സ്റ്റോർ പറഞ്ഞു. യൂറോപ്പ് അതിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങളിൽ എത്തണമെങ്കിൽ വൈദ്യുതി പുനരുപയോഗിക്കാവുന്ന സ്‌ത്രോതസ്സുകളിൽ നിന്നായിരിക്കണമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
കടലിന്റെ അടിത്തട്ടിൽ ഉറപ്പിച്ചിരിക്കുന്ന ഓഫ്‌ഷോർ വിൻഡ് ടർബൈനുകളിൽ നിന്ന് വ്യത്യസതമായി ഫ്ലോട്ടിംഗ് ടർബൈനുകൾ അവയുടെ പേര് സൂചിപ്പിക്കുന്നത് പോലെ കടൽ തീരത്ത് സ്ഥാപിക്കപെട്ട ഒരു ഫ്ലോട്ടിംഗ് ഘടനയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ആഴമുള്ള വെള്ളത്തിലും കാറ്റ് ശക്തിയായ പ്രദേശങ്ങളിലും ഇത് സ്ഥാപിക്കാവുന്നതാണ്. എന്നാൽ ഇത് നിർമിക്കാനുള്ള ചെലവ് വളരെ കൂടുതലാണ്. 260 മുതൽ 300 മീറ്റർ ആഴത്തിൽ ഹൈവിൻഡ് ടാംപെന്റെയുടെ നിർമാണത്തിന് ഏകദേശം 691 ദശലക്ഷം ഡോളർ ചെലവാകും.
നോർവെ സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ഗ്രൂപ്പായ ഇക്വിനോർ, പെറ്റോറോ, ഓസ്ട്രിയയുടെ ഒ.എം.വി ഇറ്റലിയിലെ എനിയുടെ നോർവീജിയൻ സ്ഥാപനമായ വാർ എനർജി, ജർമനിയുടെ വിന്റർഷാൽ ഡി.ഇ.എ, ജപ്പാന്റെ ഇൻപെക്‌സ് എന്നിവയുടെ ഉടമസ്ഥതയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.