World
റഫ ആക്രമണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് നെതന്യാഹു; ആദ്യം പുറത്താക്കേണ്ടത് നെതന്യാഹുവിനെയെന്ന് പ്രതിപക്ഷ നേതാവ്
World

റഫ ആക്രമണത്തിൽ നിന്ന് പിറകോട്ടില്ലെന്ന് നെതന്യാഹു; ആദ്യം പുറത്താക്കേണ്ടത് നെതന്യാഹുവിനെയെന്ന് പ്രതിപക്ഷ നേതാവ്

Web Desk
|
17 May 2024 1:21 AM GMT

യുദ്ധാനന്തര ഗസ്സയെ കുറിച്ച്​ കൃത്യമായ പദ്ധതിയില്ലാതെയുള്ള ആക്രമണം സിവിലിയൻ കുരുതിക്ക്​ വഴിയൊരുക്കുമെന്ന്​ അമേരിക്കയുടെ മുന്നറിയിപ്പ്

ദുബൈ: റഫ ആക്രമണ പദ്ധതിയിൽ നിന്ന്​ പിറകോട്ടില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ​ബെഞ്ചമിന്‍ നെതന്യാഹു. റഫക്കു നേരെ വ്യാപക ആക്രമണത്തിന്​ ഒരുങ്ങുന്നതായ റിപ്പോർട്ടുകൾക്കിടെയാണ്​ ലക്ഷ്യം നേടും വരെ പിൻവാങ്ങി​ല്ലെന്ന നെതന്യാഹുവിന്‍റെ പ്രഖ്യാപനം. അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങളുടെ സമ്മർദം തള്ളിയ നെതന്യാഹു, ഹമാസിന്‍റെ സൈനിക സംവിധാനങ്ങൾ പൂർണമായും തകർക്കുമെന്നും മുന്നറിയിപ്പ്​ നൽകി.

അതേസമയം, നെതന്യാഹുവിനെതിരെയുള്ള ജനരോഷം ഇസ്രായേലിൽ തുടരുകയാണ്​. ബന്ദികളുടെ ബന്ധുക്കൾ ഇന്നലെയും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. ഹമാസിനും മുമ്പ്​ പുറന്തള്ളേണ്ടത്​ നെതന്യാഹുവിനെയാണെന്ന്​ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡ് പറഞ്ഞു​. ഗസ്സയിൽ സൈനികർ കൊല്ലപ്പെടുന്നതിന്‍റെ ഉത്തരവാദിത്തം നെതന്യാഹുവിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം 5 സൈനികർ കൊല്ലപ്പെടുകയും 16 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തത്​ സൗഹൃദ വെടിവെപ്പിലാണെന്ന്​ ഇസ്രായേൽ സൈന്യത്തിന്‍റെ വിശദീകരണം. സംഭവത്തെ കുറിച്ച്​ അന്വേഷിച്ചു വരികയാണെന്നും സൈനിക വക്​താവ് അറിയിച്ചു​. അതേസമയം, ഇന്നലെ 15 സൈനികർക്ക്​ കൂടി പരിക്കേറ്റതായി ഇസ്രായേൽ വെളിപ്പെടുത്തി. വടക്കൻ ഇസ്രായേൽ അതിർത്തി കേന്ദ്രങ്ങൾക്കു നേരെ ഹിസ്​ബുല്ല നടത്തിയ ആക്രമണത്തിലാണ്​ ഇതിൽ നാലു സൈനികർക്ക്​ പരിക്കേറ്റത്​. ഹിസ്​ബുല്ല അയച്ച നൂറുകണക്കിന്​ മിസൈലുകൾ ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾക്ക്​ വൻതോതിൽ നാശം വരുത്തിയെന്നും റിപ്പോർട്ടുണ്ട്​. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യാ നടപടികൾ അതിന്‍റെ മൂർധന്യത്തിലെത്തിയെന്നും ഫലസ്​തീൻ ജനതയെ രക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അന്താരാഷ്​ട്ര നീതിന്യായ കോടതിക്കു മുമ്പാകെ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു. വംശഹത്യാ കേസിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്ക കൈമാറിയ പുതിയ പരാതിയിലാണ്​ ഹേഗിലെ കോടതിയിൽ വാദം ആരംഭിച്ചത്​. ഇസ്രായേലിന്‍റെ വാദം ഇന്ന്​ നടക്കും.

അതിനിടെ, ഇസ്രായേലിന്റെ ശക്തമായ ആക്രമണം നടക്കുന്ന റഫയിൽ സുരക്ഷ മുൻനിർത്തി ഭക്ഷണ വിതരണം നിർത്തിയതായി യു.എൻ ഏജൻസിയായ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. മേയ് 11 മുതൽ യു.എന്നിന്റെ ഭക്ഷണ വിതരണം മുടങ്ങിയിരിക്കുകയാണ്​. ഖാൻ യൂനിസ്, ദൈർ അൽ ബലാഹ് എന്നിവിടങ്ങളിൽ സ്​ഥിതി പരിതാപകരമാണ്​.

റഫ- ഈജിപ്ത് അതിർത്തി ഇസ്രായേൽ ​സൈന്യം പിടിച്ചെടുത്ത് അടച്ചത് കാരണം ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ക്ഷാമം രൂക്ഷമാണ്​. മിക്ക ആശുപത്രികളുടെ പ്രവർത്തനവും നിലച്ചിരിക്കുകയാണ്​. ഈജിപ്​ത്​ ഉൾപ്പെടെ അറബ്​ രാജ്യങ്ങളുടെ സുരക്ഷാ സംവിധാനത്തിലും ഇസ്രായേൽ മേൽനോട്ടത്തിലും അതിർത്തി തുറക്കാം എന്ന നിർദേശമാണ്​ ഇസ്രായേൽ മുന്നോട്ടു വെച്ചത്​. എന്നാൽ ഈജിപ്​ത്​ ഈ നിർദേശം തള്ളിയന്നാണ്​ റിപ്പോർട്ട്​. കൈറോയിൽ ഇസ്രായേൽ സംഘം ഈജിപ്​ത്​ സുരക്ഷാ വിഭാഗം മേധാവികളുമായി അതിർത്തി തുറക്കുന്ന കാര്യം ചർച്ച ചെയ്​തെങ്കിലും തീരുമാനം ആയില്ലെന്ന്​ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. യുദ്ധാനന്തര ഗസ്സയുടെ നടത്തിപ്പും രാഷ്​ട്രീയ പരിഹാര മാർഗങ്ങളും മുന്നിൽ കാണാതെയുള്ള റഫ ആക്രമണം പ്രതിസന്​ധി സങ്കീർണമാക്കുമെന്ന്​ അമേരിക്ക ഇസ്രായേലിന്​ മുന്നറിയിപ്പ്​ നൽകി. എന്നാൽ തടഞ്ഞുവെച്ച ഇസ്രായേലിനുള്ള അമേരിക്കയുടെ ആയുധ ഷിപ്​മെൻറിന്‍റെ ആദ്യഘട്ടം​ ഇന്നലെ തെൽ അവീവിൽ എത്തി.ഇസ്രായേലിനുള്ള സുരക്ഷാ സഹായം തടയുന്ന ഭരണകൂട നടപടി വിലക്കുന്ന ബിൽ യു.എസ്​ പ്രതിനിധി സഭ പാസാക്കി.

Similar Posts