World
ഇൻസുലിൻ അമിത അളവിൽ കുത്തിവെച്ച് 17 രോഗികളെ കൊലപ്പെടുത്തി; നഴ്‌സിന് 700 വർഷം തടവ്
World

ഇൻസുലിൻ അമിത അളവിൽ കുത്തിവെച്ച് 17 രോഗികളെ കൊലപ്പെടുത്തി; നഴ്‌സിന് 700 വർഷം തടവ്

Web Desk
|
5 May 2024 5:34 AM GMT

43 മുതൽ 104 വയസ് വരെ പ്രായമുള്ളവരിലാണ് ഹെതർ പ്രസ്ഡി ഇൻസുലിൻ കുത്തിവെച്ചത്

പെൻസിൽവാനിയ: അമിത അളവിൽ ഇൻസുലിൻ കുത്തിവെച്ച് 17 ഓളം രോഗികളെ കൊലപ്പെടുത്തിയ കേസിൽ യു.എസിലെ നഴ്‌സിന് 700 വർഷം തടവ് ശിക്ഷ വിധിച്ചു. 41 കാരിയായ ഹെതർ പ്രസ്ഡിക്കാണ് ശിക്ഷ വധിച്ചത്. മൂന്ന് വർഷത്തിനിടെയാണ് നഴ്‌സ് കൊലപാതകം നടത്തിയത്. നിരവധി പേരെ കൊല്ലാൻ ശ്രമിച്ചതായും പരാതിയുണ്ട്. 2020 നും 2023 നും ഇടയിൽ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായാണ് 17 രോഗികളെ കൊലപ്പെടുത്തിയത്.

മൂന്ന് കൊലപാതക കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലും കുറ്റസമ്മതം നടത്തിയ നഴ്‌സിന് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. 22 രോഗികൾക്കാണ് ഹെതർ പ്രസ്ഡി അമിതമായ അളവിൽ ഇൻസുലിൻ കുത്തിവെച്ചത്. ആശുപത്രിയിൽ കുറച്ച് ജീവനക്കാർ ജോലി ചെയ്യുന്ന സമയത്തും രാത്രി ഷിഫ്റ്റുകളിലുമാണ് പ്രമേഹമില്ലാത്തവർക്ക് വരെ നഴ്‌സ് ഇൻസുലിൻ അമിതമായി കുത്തിവെച്ചത്. 43 മുതൽ 104 വയസ്സ് വരെ പ്രായമുള്ളവരിലാണ് ഇൻസുലിൻ കുത്തിവെച്ചത്. ഇസുലിൻ കുത്തിവെച്ചതിന് പിന്നാലെ ഇരകളിൽ പലരും മരിച്ചുവീഴുകയായിരുന്നു. ഇൻസുലിൻ അമിതമായി ശരീരത്തിലെത്തുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വർധിച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്യും.

രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വർഷം മേയിലാണ് ഇവർക്കെതിരെ ആദ്യം കുറ്റം ചുമത്തിയത്. തുടർന്ന് പൊലീസ് അന്വേഷണത്തിലാണ് മറ്റ് കൊലപാതകങ്ങൾ കൂടി തെളിയുകയും കൂടുതൽ കുറ്റങ്ങൾ ചുമത്തുകയും ചെയ്തത്. നേരത്തെതന്നെ നഴ്‌സിന്റെ സ്വഭാവത്തെക്കുറിച്ചും രോഗികളോടുള്ള പെരുമാറ്റത്തെക്കുറിച്ചും സഹപ്രവർത്തകർ പരാതി നൽകിയിരുന്നു. 2018 മുതൽ 2023 വരെ നഴ്സിംഗ് ഹോമുകളിൽ ഹെതർ പ്രസ്ഡി ജോലികൾ ചെയ്തിട്ടുണ്ട്. കൊലപാതക്കുറ്റം തെളിഞ്ഞതിന് പിന്നാലെ ഹെതർ പ്രസ്ഡിയുടെ ലൈസൻസ് അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു.

Similar Posts