'ഒക്‌ടോബർ 7': ഹമാസ് ആക്രമണത്തിന്റെ ഓർമയിൽ ജോർദാനിൽ പുതിയ റസ്റ്റോറന്റ്
|'ഒക്‌ടോബർ 7' എന്ന പേരിലാണ് ജോർദാനിലെ ഷവർമ റസ്റ്റോറന്റ്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണം ഇസ്രായേലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. 1,200 ഇസ്രായേലികൾ കൊല്ലപ്പെടുകയും 240 പേർ ബന്ദികളാവുകയും ചെയ്‌ത ആ ദിവസം ഇസ്രായേലിനും, തുടർന്നുണ്ടായ സംഭവങ്ങൾ ലോകത്തിനും മറക്കാനാകുന്നതല്ല. ഇപ്പോൾ ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഓർമക്കായി ജോർദാനിൽ തുടങ്ങിയ ഒരു പുതിയ റസ്റ്റോറന്റ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ജോർദാന്റെ തലസ്ഥാനമായ അമ്മാന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കാരക് ഗവർണറേറ്റിലാണ് പുതിയ റസ്റ്റോറന്റ് തുറന്നിരിക്കുന്നത്. റസ്റ്റോറന്റിന്റെ പേര് 'ഒക്‌ടോബർ 7' എന്നുതന്നെ. പിസ്സയും രണ്ട് തരം ഷവർമയുമാണ് ഇവിടുത്തെ പ്രധാന മെനു.
റസ്റ്റോറന്റിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒപ്പം ഇസ്രായേൽ അനുകൂലികളിൽ നിന്ന് കടുത്ത വിമർശനങ്ങളും ഉയർന്നു. ഇസ്രായേലി പ്രതിപക്ഷ നേതാവ് യാർ ലാപിഡ് റസ്റ്റോറന്റിന്റെ വീഡിയോ ഷെയർ ചെയ്‌തുകൊണ്ട് ജോർദാൻ ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ചു. "ഒക്‌ടോബർ ഏഴിലെ ആക്രമണത്തെ മഹത്വവൽക്കരിക്കുന്നത് അപമാനകരമാണ്. ഇസ്രായേലിനെതിരായ വിദ്വേഷം വളരാൻ ഇത് ഇടയാക്കും": യാർ ലാപിഡ് എക്‌സിൽ കുറിച്ചു. ജോർദാൻ സർക്കാർ സംഭവത്തെ പരസ്യമായി അപലപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റസ്റ്റോറന്റ് തുറന്നതിന് പിന്നാലെ ആളുകളുടെ നീണ്ടനിരയാണ് ഇവിടെയുള്ളത്. ഭക്ഷണം കഴിക്കാൻ മാത്രമല്ല ഹമാസിനെ പിന്തുണച്ച് രംഗത്തെത്തുന്നവരും റസ്റ്റോറന്റിന് മുന്നിൽ എത്തുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ജോർദാനെതിരെ ബഹിഷ്‌കരണ ക്യാമ്പയിനുകൾക്കും ഇതോടെ തുടക്കമായി. പാശ്ചാത്യ രാജ്യങ്ങൾ ഇസ്ലാമിക രാജ്യങ്ങളിൽ യാത്രാ നിരോധനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ശക്തമായി രംഗത്തെത്തിയ രാജ്യങ്ങളിലൊന്നാണ് ജോർദാൻ. ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കാതെ പശ്ചിമേഷ്യയിൽ സമാധാനം ഉണ്ടാകില്ലെന്ന് ജോർദാൻ രാജാവ് അബ്ദുല്ല ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. രണ്ട് രാഷ്ട്രമെന്ന ആശയം തന്നെയാണ് പരിഹാരമെന്ന നിലപാടാണ് ജോർദാൻ രാജാവ് ആവർത്തിക്കുന്നത്. 1967ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത ഭൂമിയിൽ പരമാധികാര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരാതെ മേഖലയിൽ സ്ഥിരതയും സുരക്ഷയും സമാധാനവും സംജാതമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആയിരക്കണക്കിന് ഫലസ്തീനിയൻ സാധാരണക്കാരെ കൊന്ന ഗസ്സയിലെ യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രായേലിലെ തങ്ങളുടെ അംബാസിഡറെയും ജോർദാൻ തിരികെ വിളിച്ചിരുന്നു.