സർപ്രൈസ് !!! ആണാണെന്ന് കരുതിയ ഗൊറില്ല പ്രസവിച്ചു, അമ്പരന്ന് മൃഗശാല അധികൃതർ
|കുട്ടിയുടെ അടുത്ത് നിന്ന് ഗൊറില്ല മാറുന്നില്ലെന്നും കുട്ടിയെ അവൾ നന്നായി പരിചരിക്കുന്നുണ്ടെന്നും അധികൃതർ
ആണാണെന്ന് കരുതിയ ഗൊറില്ല പ്രസവിച്ചതിന്റെ ഞെട്ടലിലാണ് യുഎസിലെ ഒഹയോയിലുള്ള കൊളംബസ് മൃഗശാല. സള്ളി എന്ന് പേരിട്ടിരിക്കുന്ന ഗൊറില്ലയാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇത്രയും നാൾ സള്ളി ആണാണെന്നാണ് കരുതിയിരിക്കുകയായിരുന്നു മൃഗശാല അധികൃതർ.
വ്യാഴാഴ്ചയാണ് സള്ളി കുഞ്ഞിന് ജന്മം നൽകിയത്. പതിവ് പരിശോധനക്കെത്തിയ ജീവനക്കാർ കയ്യിൽ കുഞ്ഞുമായി സള്ളിയെ കാണുകയായിരുന്നു. ഒക്ടോബറിൽ സള്ളി ഗർഭം ധരിച്ചിരിക്കാമെന്നാണ് അധികൃതരുടെ നിഗമനം. 2019ൽ മൃഗശാലയിലെത്തിയതിൽ പിന്നെ മറ്റ് ഗൊറില്ലകൾക്കൊപ്പമാണ് സള്ളിയുടെ വാസം. കുട്ടിയുടെ അച്ഛനാരെന്നറിയാൽ ഡിഎൻഎ ടെസ്റ്റ് നടത്താനൊരുങ്ങുകയാണ് മൃഗശാല അധികൃതർ.
9 മാസമാണ് ഗൊറില്ലകളുടെ ഗർഭകാലം. ഗർഭാവസ്ഥയിൽ ശരീരത്തിൽ മാറ്റങ്ങളൊന്നും തന്നെ പ്രകടമാകാറില്ല. തന്നെയുമല്ല, ഒരു പ്രായം വരെ ആൺ ഗൊറില്ലകളെയും പെൺ ഗൊറില്ലകളെയും തമ്മിൽ തിരിച്ചറിയുക പ്രയാസമാണ്. 12 വയസ്സിന് ശേഷം ആൺ ഗൊറില്ലകളുടെ ശരീരത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങും. ഇതുകൊണ്ടൊക്കെയും സള്ളി ആണാണെന്ന നിഗമനത്തിൽ തന്നെയായിരുന്നു മൃഗശാല അധികൃതർ.
ഗർഭകാലത്തൊന്നും തന്നെ സള്ളിക്ക് വൈദ്യസഹായം ആവശ്യമായി വന്നിട്ടില്ല. ഇതും സള്ളി പെണ്ണാണെന്ന് അറിയുന്നതിന് തടസ്സമായി.
എന്തായാലും കുട്ടി ഗൊറില്ലയുടെ വരവ് ആഘോഷമാക്കാനൊരുങ്ങുകയാണ് അധികൃതർ. കുട്ടി പെണ്ണാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയൊരബദ്ധം പറ്റില്ല എന്നാണ് ഇവർ പറയുന്നത്. കുട്ടിയുടെ അടുത്ത് നിന്ന് സള്ളി മാറുന്നില്ലെന്നും കുട്ടിയെ അവൾ നന്നായി പരിചരിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു.
കൊളംബിയ മൃഗശാലയിൽ ഇത് 34ാം തവണയാണ് ഗൊറില്ല പ്രസവിക്കുന്നത്. ലോകത്താദ്യമായി ഗൊറില്ല കുഞ്ഞിനെ വരവേൽക്കുന്നതും കൊളംബസ് മൃഗശാല തന്നെയാണ്. 1956ലായിരുന്നു ഇത്.