'ഇസ്ലാമിക രാജ്യങ്ങൾ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട സമയമാണിത്'; ഒഐസി യോഗത്തിൽ ഇറാൻ
|സാധാരണക്കാർക്ക് സുരക്ഷിത പാതയൊരുക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി അറേബ്യ
ജിദ്ദ: ഇസ്ലാമിക രാജ്യങ്ങൾ ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കേണ്ട സമയമാണിതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി. ജിദ്ദയിൽ നടക്കുന്ന ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ) അടിയന്തിര യോഗത്തിലാണ് പ്രതികരണം. ഇസ്രയേലിനെതിരെ എല്ലാ തരം ഉപരോധവും വേണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഒഐസി അംഗ രാജ്യങ്ങൾ ഇസ്രായേൽ അംബാസിഡർമാരെ പുറത്താക്കണമെന്നും എണ്ണയുത്പാദക രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തണമെന്നും നിർദേശിച്ചു. ഇസ്ലാമിക ലോകത്തിന്റെ ആദ്യ പ്രശ്നമായി ഫലസ്തീൻ നിലനിൽക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അമേരിക്കയുടെയും പാശ്ചാത്യരുടെയും പിന്തുണയോടെ സയണിസ്റ്റ് അസ്തിത്വം യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവും വംശഹത്യയും ചെയ്യുകയാണെന്നും ഗസ്സയിൽ നടന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്കാണെന്നും കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് ഒരു പ്രതിനിധി സംഘത്തെ ഗാസയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. ഗസ്സക്കാർക്ക് വസ്തുക്കളെത്തിക്കാൻ റഫ അതിർത്തി തുറക്കാതെ ഗസ്സയിലുള്ള ഒരു വിദേശിയും പുറത്തുപോകില്ലെന്ന് ഈജിപ്ത് യോഗത്തിൽ പറഞ്ഞു.
57 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത യോഗം അവസാനിച്ചിരിക്കുകയാണ്. എന്നാൽ വിദേശ കാര്യ മന്ത്രിമാരുമായി സൗദിയുടെ കൂടിക്കാഴ്ച തുടരുകയാണ്. അസാധാരണ വംശീയ ഉന്മൂലന വേദിയായി ഫലസ്തീൻ മാറുന്നുവെന്ന് പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് യോഗത്തിൽ കുറ്റപ്പെടുത്തി. വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി വിമർശിച്ചു. 'ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോബിട്ടത് മനഃപൂർവമാണ്. അത് ചെയ്യുമെന്നവർ മുന്നേ പ്രഖ്യപിച്ചിരുന്നതാണ്. ഇസ്രായേലിന് സമ്മതം കൊടുത്തവരും ആയുധം കൊടുത്തവരും ഇതിൽ കുറ്റക്കാരാണ്. കാടൻ നിയമമാണ് ഇസ്രായേൽ ഫലസ്തീനെതിരെ പ്രയോഗിക്കുന്നത്. ഓരോ മിനിറ്റിലും ഇസ്രായേൽ കൊല്ലുന്നത് 15 ഫലസ്തീനികളെയാണ്' വിദേശകാര്യമന്ത്രി വിമർശിച്ചു. ക്രൈസ്തവ- മുസ്ലിം ആരാധനാലയങ്ങൾ ഇസ്രായേൽ തകർക്കുമെന്ന് തങ്ങൾ പറഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമം പാലിച്ച് പരിഹാരത്തിലെത്താനല്ല ഇസ്രായേൽ ശ്രമിച്ചതെന്നും ഇസ്രയേലിന് എന്തു ചെയ്യാനുള്ള അവസരം ലോകരാഷ്ട്രങ്ങൾ സൃഷ്ടിച്ചു കൊടുത്തുവെന്നും ഫലസ്തീൻ വിദേശകാര്യ മന്ത്രി പറഞ്ഞു. പുതിയ സ്ഥലങ്ങൾ ഇന്നലെയും ഇസ്രായേൽ കയ്യേറിയെന്നും പ്രതിരോധമെന്ന പേരിൽ ഇസ്രായേൽ ചെയ്തു കൂട്ടുന്നത് തടയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഫലസ്തീന്റെ കൂടെ നിന്നതിന് സൗദി അറേബ്യയോട് നന്ദിയുണ്ടെന്നും ഫലസ്തീൻ അറിയിച്ചു. സാധാരണക്കാർക്ക് സുരക്ഷിത പാതയൊരുക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി അറേബ്യ യോഗത്തിൽ ആവശ്യപ്പെട്ടു.
ഫലസ്തീനും ഇസ്രയേലുമായി രണ്ട് രാഷ്ട്രങ്ങൾ സൃഷ്ടിക്കുകയാണ് പരിഹാരമെന്നും നിബന്ധനകളില്ലാത്തെ വെടിനിർത്തലിലേക്ക് ഇരുകൂട്ടരും നീങ്ങണമെന്നും ഇസ്രയേൽ ചെയ്തുകൂട്ടുന്നത് അക്രമം മാത്രമാണെന്നും തുർക്കി വിദേശകാര്യ മന്ത്രി യോഗത്തിൽ പറഞ്ഞു.
It is time for Islamic countries to cut ties with Israel; Iran at the OIC meeting