വെടിനിർത്തൽ അവസാനിച്ച രണ്ടാം ദിനവും ഗസ്സയിലുടനീളം ആക്രമണമഴിച്ചുവിട്ട് ഇസ്രായേൽ സേന
|ഇസ്രായേലി ഭീകരതയെ കുറിച്ച് മൗനം പാലിക്കാനാകില്ലെന്നും ഇസ്രായേലി ഉദ്യോഗസ്ഥർ വംശഹത്യാ ഇരകളിൽ നിന്ന് വേട്ടക്കാരായി മാറിയെന്നും ഉർദുഗാൻ പറഞ്ഞു
ഗസ്സസിറ്റി: വെടിനിർത്തൽ അവസാനിച്ച് രണ്ടാം ദിനവും ഗസ്സയിലുടനീളം ആക്രമണം നടത്തി ഇസ്രായേൽ സേന. ഇന്നലെ രാത്രി മാത്രം 400 കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഇസ്രായേൽ അറിയിച്ചു. വടക്കൻ ഗസ്സയിലെ താമസക്കാരോട് അഭയകേന്ദ്രത്തിലേക്ക് മാറാൻ സേന ആവശ്യപ്പെട്ടു. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലും ഇസ്രായേൽ സേന വ്യോമാക്രമണം നടത്തി. ഇസ്രായേലി ഭീകരതയെ കുറിച്ച് മൗനം പാലിക്കാനാകില്ലെന്നും ഇസ്രായേലി ഉദ്യോഗസ്ഥർ വംശഹത്യാ ഇരകളിൽ നിന്ന് വേട്ടക്കാരായി മാറിയെന്നും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. ഗസ്സയിൽ മരണം 15,207 ആയി
തെക്കൻ, വടക്കൻ ഗസ്സയിലൊന്നാകെ ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന. അഭയാർഥി ക്യാന്പുകളും താമസയിടങ്ങളുമടക്കം ആക്രമിച്ചു. വടക്കൻ ഗസ്സയിൽ നിന്ന് പലായനം ചെയ്‌തെത്തിയവരാണ് ഖാൻ യൂനിസടക്കം നഗരങ്ങളിലുള്ളത്. ഇവരോടടക്കം വീണ്ടും തെക്കോട്ട് പോകാൻ ആവശ്യപ്പെടുകയും ആക്രമിക്കുകയുമാണ് ഇസ്രായേൽ സേന. ഗസ്സ സിറ്റിയിൽ ഇസ്രായേൽ സൈനികരും ഹമാസ് പോരാളികളും തമ്മിൽ കനത്ത ഏറ്റുമുട്ടലാണ് നടക്കുന്നത്.
നിറിമിൽ മോർട്ടാർ ആക്രമണത്തിൽ അഞ്ചു സൈനികർക്ക് പരിക്കേറ്റെന്ന് ഇസ്രായേൽ അറിയിച്ചു. ഇസ്രായേൽ നഗരങ്ങളായ അഷ്‌കലോൺ, സിദ്‌റോത്ത്, ബീർഷേബ എന്നിവിടങ്ങളിലേക്ക് ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. ഇസ്രായേൽ ആക്രമണം വീണ്ടും ആരംഭിച്ചെങ്കിലും വെടിനിർത്തലിന് ശ്രമം തുടരുകയാണെന്ന് ഖത്തർ അറിയിച്ചു. 137 ബന്ദികളാണ് ഇനി ഹമാസിന്റെ കൈവശമുള്ളത്. വെടിനിർത്തൽ അവസാനിച്ച ശേഷം ആദ്യമായി ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി ഇന്ന് ട്രക്ക് എത്തി, കൂടുതൽ ട്രക്കുകൾ എത്തിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേനാ റെയ്ഡിൽ നിരവധി ഫലസ്തീനികൾക്ക് പരിക്കേറ്റു. ആറുപേരെ സേന അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ലബനാനിൽ നിന്ന് ഹിസ്ബുല്ല വടക്കൻ ഇസ്രായേലി നഗരങ്ങളിലേക്ക് വൻതോതിൽ റോക്കറ്റാക്രമണം നടത്തി. തിരിച്ചടിച്ച ഏതാനും ഹിസ്ബുല്ല സായുധസേനാ അംഗങ്ങളെ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ഇസ്രായേലിൽ നെതന്യാഹുവിന്റെ വീടിന് മുന്നിലടക്കം പ്രതിഷേധം തുടരുകയാണ്. രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച ആറുപേരെ അറസ്റ്റ് ചെയ്തു. ഗസ്സ കുട്ടികൾക്ക് ലോകത്തെ അപകടകരമായ ഇടമായി മാറിയെന്ന് യൂനിസെഫ് പറഞ്ഞു.