World
ഓരോ നാല് സെക്കൻഡിലും പട്ടിണി മൂലം ഒരാൾ മരിക്കുന്നു; ഞെട്ടിക്കുന്ന കണക്ക്
World

ഓരോ നാല് സെക്കൻഡിലും പട്ടിണി മൂലം ഒരാൾ മരിക്കുന്നു; ഞെട്ടിക്കുന്ന കണക്ക്

Web Desk
|
21 Sep 2022 11:25 AM GMT

21ാം നൂറ്റാണ്ട് പട്ടിണി മുക്തമായിരിക്കുമെന്ന് ലോക നേതാക്കളുടെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു

ജനീവ: ലോകത്ത് പട്ടിണി മൂലം ഓരോ നാല് സെക്കൻഡിലും ഒരാൾ മരിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുമായി 75 രാജ്യങ്ങളിൽ നിന്നുള്ള 238 സംഘടനകൾ. ഓക്‌സ്ഫം, സേവ് ദി ചിൽഡ്രൻ, പ്ലാൻ ഇന്റർനാഷണൽ അടക്കമുള്ള എൻജിഒകളാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

പട്ടിണി പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്രതലത്തിൽ നടപടികൾ ആവശ്യമാണെന്ന് സംഘടനകൾ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. 45 രാജ്യങ്ങളിലായി 50 ലക്ഷം ആളുകൾ പട്ടിണിയുടെ വക്കിലാണെന്നും എൻജിഒകൾ സമർപ്പിച്ച കത്തിൽ വ്യക്തമാക്കുന്നു. ഓരോ ദിവസവും 19,700 പേർ പട്ടിണി മൂലം മരിക്കുന്നു. 345 ദശലക്ഷം പേരാണ് ഇപ്പോൾ കടുത്ത പട്ടിണി അനുഭവിക്കുന്നത്. 2019നേക്കാൾ ഇരട്ടിയിലധികമാണിതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.

21ാം നൂറ്റാണ്ട് പട്ടിണി മുക്തമായിരിക്കുമെന്ന് ലോക നേതാക്കളുടെ വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആഫ്രിക്കൻ രാജ്യമായ സൊമാലിയ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

കാർഷിക രംഗത്തടക്കം സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഈ 21ാം നൂറ്റാണ്ടിലും പട്ടിണിയെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത് എന്നത് വളരെ ദയനീയമായ അവസ്ഥയാണെന്ന് കത്തിൽ ഒപ്പിട്ടവരിൽ ഒരാളായ യെമൻ ഫാമിലി കെയർ അസോസിയേഷനിൽ നിന്നുള്ള മൊഹന്ന അഹമ്മദ് അലി എൽജബാലി പ്രസ്താവനയിൽ പറഞ്ഞു. ഈ അവസ്ഥ ഒരു രാജ്യത്തെയോ ഒരു ഭൂഖണ്ഡത്തെയോ കുറിച്ചുള്ളതല്ലെന്നും വിശപ്പിന് വേർതിരിവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Tags :
Similar Posts