യുക്രൈന് പിന്തുണയുമായി ഓസ്കർ വേദി; നീല റിബ്ബൺ ധരിച്ച് താരങ്ങൾ
|അഭയാർത്ഥികൾക്കൊപ്പം എന്നെഴുതിയ റിബ്ബൺ ധരിച്ചാണ് മിക്കതാരങ്ങളും പുരസ്കാര ചടങ്ങിനെത്തിനെത്തിയത്.
യുക്രൈന്- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന് ജനതയ്ക്ക് പിന്തുണയുമായി 94ാമത് ഓസ്കര് വേദി. അഭയാര്‍ത്ഥികള്‍ക്കൊപ്പം എന്നെഴുതിയ റിബ്ബണ്‍ ധരിച്ചാണ് മിക്കതാരങ്ങളും പുരസ്കാര ചടങ്ങിനെത്തിനെത്തിയത്. യു.എൻ അഭയാർത്ഥി ഏജൻസിയാണ് ക്യാമ്പെയിനിന് നേതൃത്വം നല്‍കിയത്.
അതേസമയം, യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് യുക്രൈന് പിന്തുണ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും ഓസ്കര് വേദിയില്‍ പ്രത്യക്ഷപ്പെട്ടു. സംഘർഷസമയത്ത് നമ്മുടെ മാനവികത പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമാണ് സിനിമ, യുക്രൈനിലെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഭക്ഷണം, വൈദ്യസഹായം, ശുദ്ധജലം, അടിയന്തര സേവനങ്ങൾ എന്നിവ ആവശ്യമാണ്. ആഗോളസമൂഹം ഒന്നിച്ച് നിന്ന് യുക്രൈന് ജനതയെ സഹായിക്കണമെന്നാണ് സന്ദേശത്തില്‍ വ്യക്തമാക്കുന്നത്.
Thank you @jamieleecurtis, @SamuelLJackson, @Diane_Warren, Youn Yuh-jung and everyone who are standing #WithRefugees at the #Oscars. pic.twitter.com/t9yJ3chKGX
— UNHCR, the UN Refugee Agency (@Refugees) March 28, 2022
ലോസ് ആഞ്ചൽസിലെ ഡോൽബി തിയറ്ററിലാണ് 94ാമത് പുരസ്കാര ചടങ്ങ് പുരോഗമിക്കുന്നത്. അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ 'ഡ്യൂൺ' ഓസ്കർ പുരസ്കാര പട്ടികയിൽ മുന്നിലാണ്. ഇതുവരെ ഏഴ് പുരസ്കാരങ്ങളാണ് ഡ്യൂണ്‍ സ്വന്തമാക്കിയത്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിന് മികച്ച സഹ നടിക്കുള്ള ഓസ്കര് അരിയാനോ ഡിബോസിന് ലഭിച്ചു. ഓസ്കര് പുരസ്കാരം നേടുന്ന ആദ്യ ക്വിയര്‍ വ്യക്തിയാണ് അരിയാന. കോഡാ എന്ന ചിത്രത്തിലെ പ്രകടനത്തിന് ട്രോയ് കോറ്റ്സറാണ് മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയത്.
യുക്രൈനിൽ റഷ്യയുടെ ആക്രമണം ആരംഭിച്ചിട്ട് ഒരു മാസവും നാല് ദിവസവും പിന്നിടുമ്പോഴും ആക്രമണത്തിൽ അയവ് ഇല്ലാതെ തുടരുകയാണ്. ഖാർകീവിലെ ആണവകേന്ദ്രം ലക്ഷ്യമാക്കി റഷ്യ വീണ്ടും ഷെല്ലാക്രമണം നടത്തി. ചെര്‍ണോബില്‍ ആണവ പ്ലാന്റിനോട് ചേര്‍ന്ന ഒരു നഗരം കൂടി റഷ്യന്‍ സേന നിയന്ത്രണത്തിലാക്കി. യുക്രൈൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതോടെ രാജ്യത്തെ വിഭജിക്കാനാണ് റഷ്യയുടെ അടുത്ത ശ്രമമെന്ന് യുക്രൈൻ സൈനിക ഇന്റലിജന്‍സ് മേധാവി കിറിലോ ബുദാനോവ് ആരോപിച്ചു.
അതിനിടെ, യുക്രൈൻ പ്രസിഡന്റുമായുള്ള അഭിമുഖം റിപ്പോർട്ട് ചെയ്യരുതെന്ന് റഷ്യൻ മാധ്യമങ്ങൾക്ക് റഷ്യ മുന്നറിയിപ്പ് നൽകി. ആക്രമണങ്ങളിലൂടെ റഷ്യ യുക്രൈൻ ജനതയിൽ റഷ്യക്കാർക്കെതിരെ ആഴത്തിലുള്ള വെറുപ്പ് വിതയ്ക്കുകയാണെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിര്‍ സെലൻസ്കിയുടെ പ്രതികരണം.