നിലവിലെ സാഹചര്യം അത്ര നല്ലതല്ല, ലോകം ഇസ്രായേലിന് അനുകൂലമല്ല: ഇസ്രായേല്‍ മുന്‍പ്രധാനമന്ത്രി
|ഇസ്രായേൽ സർക്കാരിനെ പിന്തുണയ്ക്കാനും താന്‍ തന്‍റെ എല്ലാ ശക്തിയോടെയും പ്രവർത്തിക്കുമെന്ന് നഫ്താലി വ്യക്തമാക്കി
ജറുസലെം: ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം നിലവിലെ അന്താരാഷ്ട്ര സാഹചര്യം അത്ര നല്ലതല്ലെന്നും ലോകജനത ഇസ്രായേലിന് അനുകൂലമല്ലെന്നും മുന്‍ പ്രധാനമന്ത്രി നഫ്‍താലി ബെന്നറ്റ്. ഇത് മാറ്റാനും ഇസ്രായേൽ സർക്കാരിനെ പിന്തുണയ്ക്കാനും താന്‍ തന്‍റെ എല്ലാ ശക്തിയോടെയും പ്രവർത്തിക്കുമെന്ന് നഫ്താലി വ്യക്തമാക്കി.
''ഇന്ന് രാത്രി ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലുമായി ഞാനൊരു ഒരു രാഷ്ട്രീയ സംക്ഷിപ്ത പര്യടനം നടത്തുകയാണ്. അന്താരാഷ്ട്ര സാഹചര്യം ഞങ്ങള്‍ക്ക് അനുകൂലമല്ല. ഈ ധാരണ മാറ്റുകയും ഇസ്രായേലിന് അനുകൂലമായ നിലപാട് ശക്തിപ്പെടുത്താനും രാഷ്ട്രത്തെ സഹായിക്കുക എന്നതാണ് എന്‍റെ ലക്ഷ്യം. ഹമാസിനെ ഇല്ലാതാക്കാന്‍ ഇസ്രായേല്‍ പ്രതിരോധ സേനക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതിനു വേണ്ടിയാണ്. ലോകജനതയുടെ അഭിപ്രായം ഇപ്പോൾ നമുക്ക് അനുകൂലമല്ല.ഇത് മാറ്റാനും കാറ്റ് ഇസ്രായേലിന് അനുകൂലമാക്കാനും ഞാൻ എന്‍റെ എല്ലാ ശക്തിയും ഉപയോഗിക്കും. കൂടുതല്‍ വിവരങ്ങള്‍ ഉടനെ നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കാം. ഐഡിഎഫ് സൈനികർക്കും നമ്മുടെ അത്ഭുതകരമായ രാജ്യത്തിനും നല്ലൊരു ആഴ്ച ആശംസിക്കുന്നു'' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടങ്ങിയിട്ട് ഒരുമാസം തികയുകയാണ്. ഗസ്സയുടെ ആകാശത്ത് ബോംബര്‍ വിമാനങ്ങള്‍ തീതുപ്പി പറക്കുകയാണ്. 12 മണിക്കൂറിനിടെ ആശുപത്രിയും അഭയാർഥി ക്യാമ്പുകളുമടക്കം 12കേന്ദ്രങ്ങളിലാണ് ബോംബിട്ടത്. ബന്ദികളെ വിടാതെ വെടിനിർത്തൽ ഇല്ലെന്ന് ഇസ്രായേലും അമേരിക്കയും വ്യക്തമാക്കിയതോടെ മധ്യസ്ഥ ചർച്ചകൾ വഴിമുട്ടി. ലോകത്തെ വിവിധ നഗരങ്ങളിൽ ഫലസ്തീൻ അനുകൂല റാലികൾ തുടരുകയാണ്.