World
100ഓളം റോഹിങ്ക്യകളുമായി ആൻ‍ഡമാൻ‍ ദ്വീപിനടുത്ത് ബോട്ട് കുടുങ്ങി; വിശന്ന് വലഞ്ഞ് മരിച്ചത് 20ലേറെ പേർ
World

100ഓളം റോഹിങ്ക്യകളുമായി ആൻ‍ഡമാൻ‍ ദ്വീപിനടുത്ത് ബോട്ട് കുടുങ്ങി; വിശന്ന് വലഞ്ഞ് മരിച്ചത് 20ലേറെ പേർ

Web Desk
|
21 Dec 2022 1:16 PM GMT

എല്ലാ വർഷവും നിരവധി റോഹിങ്ക്യൻ‍ മുസ്‌ലിങ്ങളാണ് മ്യാൻ‍മർ സൈന്യത്തിന്റെ ക്രൂര പീഡനങ്ങളിൽ നിന്ന് രക്ഷ നേടാൻ വിവിധ രാജ്യങ്ങളിലേക്ക് അഭയം തേടി പോവുന്നത്.

മുംബൈ: ആൻ‍ഡമാൻ ദ്വീപുകൾക്കടുത്ത് 100 റോഹിങ്ക്യൻ വംശജരുൾപ്പെടുന്ന ബോട്ട് കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഇവരിൽ 20ലേറെ പേർ ദാഹത്താലോ പട്ടിണി മൂലമോ വെള്ളത്തിൽ‍ മുങ്ങിയോ മരിച്ചെന്നും രണ്ട് മ്യാൻമർ റോഹിങ്ക്യൻ ആക്ടിവിസ്റ്റ് ഗ്രൂപ്പുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ബോട്ടിലെത്തിയവരിൽ‍ ഭൂരിഭാ​ഗവും സ്ത്രീകളും കുട്ടികളുമാണ്. ചില ഇന്ത്യൻ കപ്പലുകൾ ബോട്ടിനെ സമീപിക്കുന്നുണ്ടെന്ന് ഇന്നലെ രാത്രി വൈകി തങ്ങൾക്ക് വിവരം ലഭിച്ചതെന്നും ഏറ്റവും പുതിയ വിവരങ്ങൾ‍ക്കായി കാത്തിരിക്കുകയാണെന്നും ഏഷ്യാ പസഫിക് റഫ്യൂജി റൈറ്റ്‌സ് നെറ്റ്‌വർക്കിന്റെ റോഹിങ്ക്യ വർക്കിങ് ഗ്രൂപ്പ് പറഞ്ഞു.

ഇന്ത്യൻ നാവികസേനയ്ക്കോ കോസ്റ്റ്ഗാർഡിനോ എത്രയും വേഗം റോഹിങ്ക്യൻ ബോട്ടിനെ രക്ഷപ്പെടുത്താൻ‍ കഴിയുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. കുടുങ്ങിയ ബോട്ടിനടുത്ത് അഞ്ച് ഇന്ത്യൻ കപ്പലുകൾ ചൊവ്വാഴ്ച വൈകി എത്തിയതായി ബന്ധപ്പെട്ടവരിൽ‍ ഒരാൾ‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

രണ്ടാഴ്ചയിലേറെയായി ഭക്ഷണവും വെള്ളവുമില്ലാതെ തകർന്ന ബോട്ടിൽ നട്ടംതിരിയുകയാണ് അവർ. ഇതിനകം 20 പേർ വരെ മരിച്ചിട്ടുണ്ടെന്നാണ് തങ്ങളറിഞ്ഞതെന്നും അവർ വ്യക്തമാക്കി. എന്നാൽ സംഭവത്തിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ ഇന്ത്യൻ‍ നാവികസേന ഉദ്യോ​ഗസ്ഥർ തയാറായില്ല.

"20ഓളം പേർ മരിച്ചിട്ടുണ്ട്. ഇതിൽ പലരും കടുത്ത വിശപ്പും ദാഹവും മൂലവുമാണ് മരിച്ചത്. മറ്റ് ചിലർ വെള്ളത്തിൽ വീണ് മുങ്ങിമരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് തീർത്തും ഭയാനകവും സങ്കടകരവുമാണ്-" മ്യാൻമറിലെ റോഹിങ്ക്യകളെ പിന്തുണയ്ക്കാനായി പ്രവർത്തിക്കുന്ന അരാകൻ പദ്ധതിയുടെ ഡയറക്ടർ ക്രിസ് ലെവ പറഞ്ഞു.

എല്ലാ വർഷവും നിരവധി റോഹിങ്ക്യൻ‍ മുസ്‌ലിങ്ങളാണ് മ്യാൻ‍മർ സൈന്യത്തിന്റെ ക്രൂര പീഡനങ്ങളിൽ നിന്ന് രക്ഷ നേടാൻ വിവിധ രാജ്യങ്ങളിലേക്ക് അഭയം തേടി പോവുന്നത്. ഇവരിൽ പലരും യാത്രാമധ്യേ മരണത്തിന് കീഴടങ്ങുകയും ചെയ്യും.

കൂടുതൽ പേരും ബം​ഗ്ല​ദേശിലേക്കും മലേഷ്യയിലേക്കും ഇന്ത്യയിലേക്കുമൊക്കെ എത്തുകയും അഭയാർഥി ക്യാമ്പുകളിൽ‍ കഴിയുകയും ചെയ്യുന്നുണ്ട്. അഭയാർഥി ക്യാമ്പുകളിലും ദുരിതമനുഭവിക്കുകയാണ് അവർ‍. ആയിരങ്ങൾ‍ ഇപ്പോഴും പലയിടങ്ങളിലേക്കും പലായനത്തിലാണ്.

കഴിഞ്ഞയാഴ്ച അവസാനവാരം, നൂറോളം റോഹിങ്ക്യകളുമായെത്തിയ ഒരു ബോട്ട് ശ്രീലങ്കൻ നാവികസേന രക്ഷപെടുത്തിയിരുന്നു. മ്യാൻ‍മർ സൈന്യത്തിന്റെ കൂട്ടബലാത്സം​ത്തിനും കൊടുംക്രൂരതകൾ‍ക്കും ഇരയായി നിരവധി റോഹിങ്ക്യകളാണ് മരിച്ചുവീണത്. ഈ ക്രൂരതകളിൽ നിന്ന് രക്ഷ തേടി 2018ൽ മാത്രം 7,30,000ഓളം റോഹിങ്ക്യകളാണ് അയൽ‍രാജ്യമായ ബം​ഗ്ലദേശിലേക്ക് മാത്രം കുടിയേറിയത്.

ബംഗ്ലദേശിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയ ഒമ്പത് റോഹിങ്ക്യൻ അഭയാർഥികൾ കഴിഞ്ഞദിവസം ത്രിപുരയിൽ പിടിയിലായിരുന്നു. അഞ്ച് സ്ത്രീകളടക്കമുള്ളവരാണ് പിടിയിലായതെന്ന് നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ പി.ആർ.ഒ സബ്യാസച്ചി ദേ പറഞ്ഞു. അഗർത്തല റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലായത്.

Similar Posts