യു.എസിൽ 30ലധികം കുട്ടികൾക്ക് കുരങ്ങുവസൂരി
|8 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കുരങ്ങുവസൂരി ബാധിച്ചാൽ അത് ഗുരുതരമാവാനുളള സാധ്യത കൂടുതലാണെന്നാണ് സിഡിസി ആരോഗ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
വാഷിംഗ്ടണ്‍: അമേരിക്കയിൽ 30ലധികം കുട്ടികൾക്ക് കുരങ്ങുവസൂരി സ്ഥിരീകരിച്ചതായി എബിസി വാർത്ത റിപ്പോർട്ട് ചെയ്തു. സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ (സിഡിസി) കണക്കുകൾ പ്രകാരം രാജ്യത്തുടനീളം പടർന്നുപിടിച്ച കുരങ്ങുവസൂരിയില്‍ കുറഞ്ഞത് 18,417 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. 8 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കുരങ്ങുവസൂരി ബാധിച്ചാൽ അത് ഗുരുതരമാവാനുളള സാധ്യത കൂടുതലാണെന്നാണ് സിഡിസി ആരോഗ്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
"11 യു.എസ്. സംസ്ഥാനങ്ങളിലും കുട്ടികൾക്കിടയിൽ കുരങ്ങുവസൂരി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെക്സാസിൽ മാത്രം ഒമ്പത് പീഡിയാട്രിക് കേസുകളിൽ കുരങ്ങുവസൂരി കണ്ടെത്തിയിട്ടുണ്ട്," സ്റ്റേറ്റ് ഉദ്യോഗസ്ഥർ എബിസി ന്യൂസിനോട് വ്യക്തമാക്കി . ഫ്ലോറിഡയിലും കുട്ടികൾക്കിടയിൽ കുരങ്ങുവസൂരി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 14 വയസിന് താഴെയുള്ള മൂന്ന് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. 50 യു.എസ് സംസ്ഥാനങ്ങളിൽ ഇതുവരെ അണുബാധ കണ്ടെത്തിയിട്ടുണ്ട്, കാലിഫോർണിയയിലും ന്യൂയോർക്കിലുമാണ് കൂടുതൽ അണുബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പ്, ടെക്സാസിൽ കുരങ്ങുവസൂരി ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തിരുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 96 രാജ്യങ്ങളിലായി 41,600 ലധികം കുരങ്ങുവസൂരി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 12 മരണങ്ങളും ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ അണുബാധകൾ റിപ്പോർട്ട് ചെയ്തത് യുഎസിലാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ മുൻകാലങ്ങളിൽ വസൂരി രോഗികളിൽ കണ്ടതിന് സമാനമായ ലക്ഷണങ്ങളുള്ള മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറസ് ആണ് മങ്കിപോക്സ്.
കുരങ്ങുവസൂരി ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗമാണെന്നതിന് തെളിവില്ലെന്നും എന്നാൽ രോഗബാധിതനായ വ്യക്തിയുമായി ദീർഘനേരം അടുത്തിടപഴകുന്നതിലൂടെ ആർക്കും രോഗം വരാൻ സാധ്യതയുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അതേസമയം കഴിഞ്ഞ ആഴ്ച ആഗോളതലത്തിൽ കുരങ്ങുവസൂരി ബാധിതരുടെ എണ്ണത്തിൽ 21 ശതമാനം കുറവുണ്ടായതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.