കളി കാണാനെത്തിയതല്ല, ഗ്രൗണ്ടിലിരുന്ന് പരീക്ഷയെഴുതാൻ വന്നതാണ്; പാക് പ്രതിസന്ധിയിൽ വലഞ്ഞ് ഉദ്യോഗാർത്ഥികളും
|ആകെയുള്ള 1,667 ഒഴിവുകളിലേക്ക് 32,000 ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതാൻ എത്തിയത്
ഭക്ഷ്യക്ഷാമം, കടക്കെണി.. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് പാകിസ്ഥാൻ. ഇതിനിടെ തൊഴിലില്ലായ്മ കൂടി രൂക്ഷമായത് രാജ്യത്തെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയാണുണ്ടായത്. ഇപ്പോഴിതാ രാജ്യത്തെ പ്രതിസന്ധി വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇസ്ലാമാബാദ് പോലീസിലെ കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിനായി എത്തിയ ഉദ്യോഗാർത്ഥികൾ നിലത്തിരുന്ന് പരീക്ഷയെഴുതേണ്ട അവസ്ഥയുണ്ടായി. ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ ഒരു സ്റ്റേഡിയം ഗ്രൗണ്ടിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ശനിയാഴ്ച ഇസ്ലാമാബാദിലെ സ്പോർട്സ് കോംപ്ലക്സിൽ നടന്ന എഴുത്തുപരീക്ഷയ്ക്കായി 32,000 ഉദ്യോഗാർത്ഥികളാണ് എത്തിയത്. പാകിസ്ഥാനിലെമ്പാടുമുള്ള 30,000-ത്തിലധികം സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾ പൊലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് പരീക്ഷക്ക് എത്തിയതായി ഇസ്ലാമാബാദ് പൊലീസ് അറിയിച്ചു. പരസ്യം ചെയ്ത ആകെ 1,667 ഒഴിവുകളിലേക്കാണ് ഇത്രയും പേരെത്തിയത്. കഴിഞ്ഞ അഞ്ച് വർഷമായി പോലീസ് കോൺസ്റ്റബിൾ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
നിലത്തിരുന്ന് പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികളുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാക്കിസ്ഥാനിലെ പ്രതിസന്ധികളെ കുറിച്ച് പുതിയ ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ്. പാക്കിസ്ഥാനിൽ തൊഴിലില്ലായ്മ അതിന്റെ പാരമ്യത്തിലെത്തിയെന്നാണ് ഉയരുന്ന പ്രധാന വിമർശനം. സർക്കാർ ജോലികളിലെ നിസ്സാരമായ റിക്രൂട്ട്മെന്റ് കാരണം, തൊഴിലില്ലാത്തവരുടെ എണ്ണവും തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയും ഭാഗ്യപരീക്ഷണം എന്ന നിലയ്ക്ക് ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് സർക്കാർ മേഖലയിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കുന്നത്.
അതേസമയം, വിവേകപൂർവമല്ലാത്ത സാമ്പത്തിക നയങ്ങളാണ് പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയുടെ അടിത്തറ ഇളക്കിയതെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. കടം തിരിച്ചടക്കുന്നത് മുടങ്ങിയതിനാൽ രാജ്യാന്തര ഏജൻസികളും വിദേശരാജ്യങ്ങളും പാക്കിസ്ഥാന് നേരെ മുഖം തിരിച്ചിരിക്കുകയാണ്. വിദേശനാണ്യശേഖരത്തിലെ കുറവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കുന്ന പ്രധാന ഘടകമാണ്. നാളുകൾ നീണ്ടുനിന്ന രൂക്ഷ പ്രളയവും കാർഷിക മേഖലയെയടക്കം താറുമാറാക്കിയിരുന്നു. രാഷ്ട്രീയ അസ്ഥിരത തുടരുന്നത് രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താൻ ഇടയാക്കുകയാണ് ചെയ്യുന്നത്.