World
Israeli strikes
World

ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന്​ ഇസ്രായേൽ; ഇന്നലെ മാത്രം മരിച്ചത് അറുപതിലേറെ പേർ

Web Desk
|
17 July 2024 1:16 AM GMT

വെടിനിർത്തൽ കരാറിൽ വ്യക്തത വരാൻ രണ്ടാഴ്​ചയെങ്കിലും വേണ്ടിവരുമെന്ന്​ ​അമേരിക്കയോട്​​ ഇസ്രായേൽ വ്യക്തമാക്കി

തെല്‍ അവിവ്: ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന്​ ഇസ്രായേൽ. ഇന്നലെ മാത്രം അറുപതിലേറെ പേർ മരിച്ചു. വെടിനിർത്തൽ കരാറിൽ വ്യക്തത വരാൻ രണ്ടാഴ്​ചയെങ്കിലും വേണ്ടിവരുമെന്ന്​ ​അമേരിക്കയോട്​​ ഇസ്രായേൽ വ്യക്തമാക്കി. ഗസ്സയിലെ ആ​സൂത്രിത നരഹത്യയുടെ ഉത്തരവാദിത്തം അമേരിക്കക്കാണെന്ന്​ ഹമാസ് ​ പറഞ്ഞു. അതേസമയം വെടിനിർത്തൽ കരാറിൽ ഒപ്പുവെക്കാൻ വൈകരുതെന്നാവശ്യപ്പെട്ട്​ ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്.

ഇന്നലെ രാത്രി ഒരു മണിക്കൂറിനിടെ നടന്ന മൂന്ന്​ ആക്രമണങ്ങളിലായി 44 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം. സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു കൂടുതൽ ആക്രമണങ്ങളും. ഖാൻ യൂനുസ്​, ദേർ ബലാഹ്​, ശുജാഇയ എന്നിവിടങ്ങളിലും നിരവധി ഫലസ്​തീനികളാണ്​ കൊല്ലപ്പെട്ടത്​. റഫയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സൈന്യത്തിനെതിരെ ശക്​തമായ ചെറുത്തുനിൽപ്പ്​ തുടരുന്നതായി ഹമാസ്​ സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ്​ അറിയിച്ചു. ലക്ഷക്കണക്കിന് ഫലസ്തീൻ അഭയാർഥികൾക്ക് ഭക്ഷണവും കുടിവെള്ളവുമുൾപ്പെടെ എത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഗസ്സയിലെ ആസ്ഥാനം ഉൾ​പ്പെ​ടെ നിരവധി കേന്ദ്രങ്ങൾ ഇസ്രായേൽ ആക്രമണത്തിൽ തകർന്നു.

'യുനർവ' കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം ഞെട്ടിക്കുന്നതും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ശക്തമായ ലംഘനമാണെന്നും ഏജൻസി തലവൻ ഫിലിപ്പ് ലസ്സാറിനി പറഞ്ഞു. യുനർവ നടത്തുന്ന ഗസ്സയിലെ എഴുപത്​ ശതമാനം സ്​കൂളുകളും ഇസ്രായേൽ സേന തകർത്തു. ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 160 ആയി ഉയർന്നു. ദക്ഷിണ ലബനാനു നേർക്ക്​ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട്​ പേർക്ക്​ പരിക്കേറ്റു.

തിങ്കളാഴ്​ച വാഷിങ്​ടണിൽ നെതന്യാഹു, ബൈഡൻ ചർച്ച നടക്കാനിരിക്കെ, ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാൻ അമേരിക്ക നടപടി ഊർജിതമാക്കി. എന്തു വില കൊടുത്തും വെടിനിർത്തൽ യാഥാർഥ്യമാക്കണമെന്ന്​ ഇസ്രായേലിനോട്​ നിർദേശിച്ചതായി യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ വ്യക്​തമാക്കി. യുദ്ധാനന്തര ഗസ്സയുടെ ഭാവിയെ കുറിച്ച ഗൗരവപൂർണമായ ചർച്ചകളി​ലാണ്​ ഇസ്രായേലെന്നും സ്​റ്റേറ്റ്​ വകുപ്പ്​ ചൂണ്ടിക്കാട്ടി. എന്നാൽ വെടിനിർത്തലിൽ വ്യക്തതക്കായി രണ്ടാഴ്​ച വേണ്ടിവരുമെന്ന്​ സുരക്ഷാ വിഭാഗം അമേരിക്കയെ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. അതിനിടെ, ഉടൻ വെടിനിർത്തൽ വേണം എന്നാവശ്യപ്പെട്ട്​ തെൽ അവീവിലും ജറൂസലമിലും ആയിരങ്ങൾ പ്രകടനം നടത്തി. നെതന്യാഹുവിനെ വെടിനിർത്തലിന്​ പ്രേരിപ്പിക്കണമെന്ന്​ ബന്ദികളുടെ ബന്​ധുക്കളോട്​ പ്രതിരോധ മ​ന്ത്രി യോവ്​ ഗാലന്‍റ്​ നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

Similar Posts