World
Over half of Israelis believe Netanyahu should resign immediately
World

'നെതന്യാഹു ഉടൻ രാജിവെക്കണം'; പകുതിയിലധികം ഇസ്രായേലികളും പ്രധാനമന്ത്രിക്ക് എതിരെന്ന് സർവേ റിപ്പോർട്ട്

Web Desk
|
1 May 2024 10:26 AM GMT

എൻ12 പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിൽ 58 ശതമാനം പേരാണ് നെതന്യാഹു ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്.

ജെറുസലേം: പകുതിയിലധികം ഇസ്രായേലികളും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉടൻ രാജിവെക്കണമെന്ന അഭിപ്രായക്കാരെന്ന് സർവേ റിപ്പോർട്ട്. ഇസ്രായേൽ ചാനലായ എൻ12 പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിൽ 58 ശതമാനം പേരാണ് നെതന്യാഹു ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്.

പ്രതിരോധമന്ത്രി യോവ് ഗാലന്റ് രാജിവെക്കണമെന്ന് 58 ശതമാനം ആളുകളും ഐ.ഡി.എഫ് മേധാവി സ്റ്റാഫ് ഹെർസി ഹലേവി രാജിവെക്കണമെന്ന് 50 ശതമാനം പേരും ആവശ്യപ്പെട്ടു. ഇസ്രായേൽ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് തലവൻ റോനൻ ബാർ ഉടൻ രാജിവെക്കണമെന്നാണ് 56 ശതമാനം ഇസ്രായേലികളുടെയും അഭിപ്രായം.

തെരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് 44 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. മന്ത്രിമാരായ ബെന്നി ഗാന്റ്‌സും ഗാഡി ഈസൻകോട്ടും ഉടൻ സ്ഥാനമൊഴിയണമെന്നാണ് 37 ശതമാനം പേർ ആവശ്യപ്പെട്ടത്.

ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ഗാന്റ്‌സിന്റെ നാഷണൽ യൂണിറ്റി പാർട്ടി 31 സീറ്റ് നേടുമെന്ന് സർവേ പറയുന്നു. ലികുഡ് പാർട്ടിക്ക് 18 സീറ്റും യേഷ് അതിഡിന് 15 സീറ്റും കിട്ടുമെന്നാണ് സർവേ റിപ്പോർട്ട്. ഷാസ്, യിസ്രായേൽ ബെയ്റ്റിനു, ഒത്സാമ യെഹൂദിത് എന്നീ പാർട്ടികൾ 10 സീറ്റ് വീതം നേടും. യുണൈറ്റഡ് തോറാ ജൂതായിസം (യു.ടി.ജെ) പാർട്ടിക്ക് എട്ട് സീറ്റും ഹദാശ്-താൽ, റാം പാർട്ടികൾ അഞ്ച് സീറ്റൂകൾ വീതവും നേടും. മെരെറ്റ്‌സ്, റിലീജ്യസ് സിയോണിസ്റ്റ് പാർട്ടികൾ നാല് സീറ്റ് വീതവും നേടുമെന്നാണ് സർവേ പറയുന്നത്. നിലവിൽ ഭരണം നടത്തുന്ന നെതന്യാഹു സഖ്യത്തിന് 50 സീറ്റും ഗാന്റ്, യിയിർ ലാപിഡ് സഖ്യത്തിന് 65 സീറ്റും ലഭിക്കുമെന്നും സർവേ അഭിപ്രായപ്പെടുന്നു.

Similar Posts