World
പ്രളയം: ഇന്ത്യയിൽ നിന്ന് ഭക്ഷണ ഇറക്കുമതിക്കൊരുങ്ങി പാകിസ്താൻ; രാജ്യം സഹായിച്ചേക്കുമെന്ന് റിപ്പോർട്ട്
World

പ്രളയം: ഇന്ത്യയിൽ നിന്ന് ഭക്ഷണ ഇറക്കുമതിക്കൊരുങ്ങി പാകിസ്താൻ; രാജ്യം സഹായിച്ചേക്കുമെന്ന് റിപ്പോർട്ട്

Web Desk
|
31 Aug 2022 9:54 AM GMT

പാകിസ്താനിലെ ദുരന്തവും നാശനഷ്ടങ്ങളും കണ്ട് താൻ ദുഃഖിതനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇക്കാര്യം പരി​ഗണിക്കുന്നത്

ഇസ്‌ലാമാബാദ്: രാജ്യത്തുടനീളം നാശം വിതച്ച വെള്ളപ്പൊക്കത്തെ തുടർന്ന് ഇന്ത്യയിൽ നിന്ന് ഭക്ഷണ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നത് പരിഗണിക്കുമെന്ന് പാകിസ്താൻ. പാക് ധനമന്ത്രി മിഫ്താ ഇസ്മായിലാണ് ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ധനമന്ത്രി അറിയിച്ചു.

ഇന്ത്യയിൽ നിന്ന് കര അതിർത്തി വഴി ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നിലധികം അന്താരാഷ്ട്ര ഏജൻസികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും അത് വേണോ വേണ്ടയോ എന്ന കാര്യം ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി കൂടിയാലോചിച്ച ശേഷം ഉടൻ തീരുമാനിക്കുമെന്നും ഇസ്മായിൽ ട്വീറ്റ് ചെയ്തു.

പാകിസ്താനിലെ ദുരന്തവും നാശനഷ്ടങ്ങളും കണ്ട് താൻ ദുഃഖിതനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ്, ഉയർന്ന വിലയും ക്ഷാമവും നേരിടാൻ ഇന്ത്യയിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന കാര്യം തങ്ങൾ പരിഗണിക്കുന്നതെന്ന് പാക് ധനമന്ത്രി മിഫ്താ ഇസ്മായിൽ പറഞ്ഞത്. ചൊവ്വാഴ്ച ലാഹോർ ചേംബർ ഓഫ് കൊമേഴ്‌സ് ഇന്ത്യയിൽ നിന്ന് പച്ചക്കറി ഇറക്കുമതി ചെയ്യാൻ സർക്കാരിനോട് അനുമതി തേടിയിരുന്നു.

പ്രളയത്തിൽ രാജ്യത്തെ മരണസംഖ്യ 1,100 കവിയുകയും ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ആയിരക്കണക്കിന് ഏക്കർ വിളകൾ നശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാകിസ്താൻ ഇക്കാര്യം പരി​ഗണിക്കുന്നത്. അതേസമയം, ഭക്ഷ്യ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്നും അഫ്ഗാനിസ്താനിൽ നിന്നും ഉള്ളിയും തക്കാളിയും ഇറക്കുമതി ചെയ്യാൻ പാകിസ്താൻ തീരുമാനിച്ചിട്ടുണ്ട്.

കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തെ തുടർന്ന് പാകിസ്താന്റെ മൂന്നിലൊന്ന് ഭാ​ഗവും വെള്ളത്തിനടിയിലാവുകയും കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. അവശ്യസാധനങ്ങളുടെ വൻ വിലക്കയറ്റത്തിനൊപ്പം പച്ചക്കറികളുടെയും പഴങ്ങളുടെയും ക്ഷാമവും രാജ്യം നേരിടുന്നുണ്ട്.

അതേസമയം, മാനുഷിക പരിഗണനയുടെ പശ്ചാത്തലത്തിൽ പാകിസ്താന് സഹായം നൽകുന്ന കാര്യം ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആവശ്യമുള്ള രാജ്യങ്ങൾ ഇന്ത്യ എല്ലായ്‌പ്പോഴും സഹായം നൽകിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പാകിസ്താനുള്ള സഹായം സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനകം തീരുമാനമുണ്ടാവുമെന്നാണ് വിവരം. ഇന്ത്യയിലെ ബിജെപി സർക്കാർ പാകിസ്താന് മാനുഷിക സഹായം നൽകാൻ തീരുമാനിച്ചാൽ, 2014ന് ശേഷം ആദ്യമായിട്ടായിരിക്കും അത്തരമൊരു കാര്യം നടപ്പാക്കപ്പെടുന്നത്. 2010ലെ വെള്ളപ്പൊക്കത്തിലും അതിനുമുമ്പ് 2005ലെ ഭൂകമ്പത്തിലും ഇന്ത്യ പാകിസ്താന് സഹായം നൽകിയിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരാണ് രണ്ടു തവണയും അധികാരത്തിലിരുന്നത്.

Similar Posts