ഇമ്രാന്‍ ഖാന്‍റെ ലോംഗ് മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു; അഭിമുഖത്തിനിടെ കണ്ടെയ്നറില്‍ നിന്നും വീണാണ് അപകടം
|കണ്ടെയ്നറില്‍ നിന്നും താഴെ വീണ നയീം വാഹനത്തിനടിയില്‍ പെട്ടു മരിക്കുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
ഇസ്‍ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ലോംഗ് മാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. ചാനല്‍ 5ന്‍റെ റിപ്പോര്‍ട്ടര്‍ സദഫ് നയീം ആണ് മരിച്ചത്. ഇമ്രാനെ അഭിമുഖം ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറില്‍ നിന്നും താഴെ വീണാണ് മരിച്ചത്. കണ്ടെയ്നറില്‍ നിന്നും താഴെ വീണ നയീം വാഹനത്തിനടിയില്‍ പെട്ടു മരിക്കുകയായിരുന്നുവെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
تحریک انصاف کے لانگ مارچ میں کنٹینر کے تلے آکر چینل ۵ کی رپورٹر صدف نعیم شہید ہوگئیں@CMShehbaz @PakPMO @GovtofPakistan @Marriyum_A @PTIofficial @ImranKhanPTI #SadafNaeem#channelfivepakistan#khabraindigital pic.twitter.com/vPtEfRui5x
— Khabrain Digital (@daily_khabrain) October 30, 2022
എന്നാൽ കണ്ടെയ്‌നറിൽ കയറാൻ ശ്രമിക്കുന്നതിനിടെ നയീം തെന്നി വീഴുകയായിരുന്നുവെന്ന് ഡോൺ . കോം ലേഖകൻ പറഞ്ഞു. ഒരു വനിതാ മാധ്യമ പ്രവർത്തകയാണ് കൊല്ലപ്പെട്ടതെന്നും ഇതറിഞ്ഞപ്പോള്‍ തന്നെ സംഭവം പരിശോധിക്കാൻ ഇമ്രാൻ തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയെന്നും പിടിഐ നേതാവ് ഫവാദ് ചൗധരി വ്യക്തമാക്കി. ഇമ്രാന്‍റെ കണ്ടെയ്‌നറിലൂടെ നടക്കുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഫവാദ് അഭ്യർത്ഥിച്ചു, മാർച്ചിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ജീവൻ അമൂല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സദഫ് നയീമിന്‍റെ മരണത്തെ തുടര്‍ന്ന് ഇന്നലെ ലോംഗ് മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മാധ്യമപ്രവര്‍ത്തകയുടെ മരണത്തില്‍ ഇമ്രാന്‍ ഖാന്‍ അനുശോചനം അറിയിച്ചു. തന്‍റെ ദുഃഖം പ്രകടിപ്പിക്കാന്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും മരണത്തിൽ ഖേദം പ്രകടിപ്പിച്ചു, സംഭവത്തിൽ തനിക്ക് അതിയായ ദുഃഖമുണ്ടെന്ന് പറഞ്ഞു. കുടുംബത്തെ അനുശോചനം അറിയിച്ചു. കഠിനാധ്വാനിയായ റിപ്പോര്‍ട്ടറായിരുന്നു നയീമെന്ന് അദ്ദേഹം അനുസ്മരിച്ചു. മാധ്യമപ്രവര്‍ത്തകയുടെ കുടുംബത്തിന് 5 മില്യൺ രൂപ ധനസഹായം പ്രഖ്യാപിച്ച ഷെരീഫ് നടപടികൾ ഉടൻ പൂർത്തിയാക്കി തുക കുടുംബത്തിന് കൈമാറാൻ അധികാരികളോട് ഉത്തരവിടുകയും ചെയ്തു. നയീമിന്‍റെ ഭർത്താവുമായി താൻ സംസാരിച്ചുവെന്നും അവരുടെ കുടുംബത്തെ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുമെന്നും വാർത്താവിതരണ മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു. വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയും മരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പൊതുജനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ ക്രമീകരണങ്ങൾ ഒരുക്കേണ്ടത് ഏതൊരു പരിപാടിയുടെയും സംഘാടകരുടെ ഉത്തരവാദിത്തമാണെന്നും പറഞ്ഞു. ലോംഗ് മാർച്ചിൽ പങ്കെടുത്ത ജനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ജീവനും സ്വത്തിനും പൂർണ ഉത്തരവാദിത്തം പിടിഐ സംഘടനയ്ക്കാണെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
آج کے افسوسناک حادثے کے بعد فوری طور پر مارچ کو روک دیا گیا ہے. انشاءاللہ کل کامونکی سے دوبارہ آغاز ہو گا #حقیقی_آزادی_لانگ_مارچ
— Asad Umar (@Asad_Umar) October 30, 2022
സംഭവത്തില്‍ അനുശോചിച്ച പഞ്ചാബ് മുഖ്യമന്ത്രി പർവേസ് ഇലാഹി നയീമിന്‍റെ കുടുംബത്തിന് 2.5 മില്യൺ രൂപയുടെ ധനസഹായം പ്രഖ്യാപിക്കുകയും കുടുംബത്തിന്‍റെ പൂർണ സംരക്ഷണം പഞ്ചാബ് സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡ്യൂട്ടിക്കിടെയാണ് നയീം മരണമടഞ്ഞതെന്നും അതുകൊണ്ട് അവരുടെ കുടുംബത്തെ ചാനല്‍ 5 സംരക്ഷിക്കണമെന്നും മാധ്യമപ്രവർത്തകനായ മസർ അബ്ബാസ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 28നാണ് ഇമ്രാന്‍ ഖാന്‍റെ ലോംഗ് മാര്‍ച്ച് ആരംഭിച്ചത്. 350 കിലോമീറ്ററോളം സഞ്ചരിക്കുന്ന മാര്‍ച്ച് നവംബര്‍ 4ഓടെ തലസ്ഥാനമായ ഇസ്‍ലാമാബാദിലെത്തുമെന്നാണ് പ്രതീക്ഷ. ആയിരക്കണക്കിന് പേരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.
چیئرمین عمران خان کی خاتون صحافی کیساتھ حادثے پر اظہار تعزیت اور آج کے دن کے لیے لانگ مارچ کو فوری طور پر روک دیا گیا۔
— PTI (@PTIofficial) October 30, 2022
#حقیقی_آزادی_لانگ_مارچ pic.twitter.com/6F5ovNM6XZ