അഫ്ഗാനിലെ പാക് ഇടപെടലില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയും അമേരിക്കയും
|'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്‍റെ നിലപാട് അപലപനീയമാണ്'
അഫ്ഗാനിസ്താനിലെ പാകിസ്താന്‍ ഇടപെടലില്‍ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയും അമേരിക്കയും. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്‍റെ നിലപാട് അപലപനീയമാണ്. ഇത്തരം നീക്കങ്ങള്‍ പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു.
തീവ്രവാദത്തെ ആരും പ്രോത്സാഹിപ്പിക്കരുത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണ് പാകിസ്താന്‍റെ നീക്കങ്ങളെന്നും ഇരു രാജ്യങ്ങളും വിലയിരുത്തി. ക്വാഡ് ഉച്ചകോടിയിലും പാകിസ്താന് വിമര്‍ശനം. അഫ്ഗാനിലെ സാഹചര്യങ്ങളില്‍ ഉച്ചകോടി ആശങ്ക പങ്കുവെച്ചു. ചൈനയുടെ ഇടപെടലുകളെയും ക്വാഡ് ഉച്ചകോടി രൂക്ഷമായി വിമര്‍ശിച്ചു.
'ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ അധ്യായം'
ഇന്ത്യ-യുഎസ് ബന്ധത്തിൽ പുതിയ അധ്യായമാണ് ആരംഭിക്കുന്നതെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പ്രതികരണം. ഈ ദശകം രൂപപ്പെടുത്തുന്നതിൽ ബൈഡന്റെ നേതൃത്വം പ്രധാനമാണെന്ന് മോദിയും പ്രതികരിച്ചു.
വൈറ്റ്ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള വരവേൽപ്പാണ് ജോ ബൈഡൻ നൽകിയത്. ഒന്നര മണിക്കൂറാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടത്. രാജ്യാന്തര തലത്തിൽ പല വെല്ലുവിളികളും നേരിടാൻ ഇന്ത്യ-.യുഎസ് സഹകരണത്തിനാകുമെന്ന് ജോ ബൈഡൻ വ്യക്തമാക്കി. അക്രമ രാഹിത്യം എന്ന ഗാന്ധിജിയുടെ സന്ദേശം ഇന്ന് എന്നത്തേക്കാളും പ്രസക്തമാണെന്നും ബൈഡൻ പറഞ്ഞു.
ഇന്ത്യ- യുഎസ് ബന്ധം കൂടുതൽ വിപുലമാക്കുമെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വ്യാപാരബന്ധം ഇതിൽ പ്രധാനമാണെന്നും അദ്ദേഹം വിശദീകരിച്ചു. അമേരിക്ക, ആസ്ത്രേലിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങളടങ്ങുന്ന ക്വാഡ് ഉച്ചകോടിയിലും നരേന്ദ്ര മോദി പങ്കെടുത്തു. ഇന്തോ പസഫിക് മേഖലയിൽ ഒരുമിച്ച് നീങ്ങാൻ നാലു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ന് യുഎൻ പൊതുസഭാ സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും.