അക്കൗണ്ടിൽ 100 മില്യൻ! അമ്പരന്ന് പൊലീസുകാരൻ
|ബാങ്ക് ഉദ്യോഗസ്ഥർ വിളിച്ചപ്പോഴാണ് ആമിർ വിവരം അറിയുന്നത്
കറാച്ചി: ഒരൊറ്റ രാത്രി കൊണ്ട് 'കോടീശ്വരനായി' പൊലീസുകാരൻ! ലോട്ടറി അടിച്ചതൊന്നുമല്ല. ഒരുരാത്രി ഉറങ്ങി എണീറ്റപ്പോൾ പാകിസ്താനിലെ കറാച്ചിയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് പത്തു കോടി രൂപയാണ്.
കറാച്ചിയിലെ ബഹാദൂറാബാദിലുള്ള പൊലീസ് സ്റ്റേഷനിലെ ആമിർ ഗോപൊങ്ങിന്റെ അക്കൗണ്ടിലാണ് ഉറവിടം അറിയാത്ത 10 കോടി രൂപ എത്തിയത്. ബാങ്ക് ഉദ്യോഗസ്ഥർ വിളിച്ചപ്പോഴാണ് ആമിർ വിവരം അറിയുന്നത്. എന്നാൽ, പണത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞതോടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്.
ഇത്രയും വലിയൊരു സംഖ്യ അക്കൗണ്ടിലെത്തിയ വിവരം അറിഞ്ഞ് ശരിക്കും അമ്പരന്നിരിക്കുകയാണെന്ന് ആമിർ പ്രതികരിച്ചു. തന്റെ അക്കൗണ്ടിൽ ശമ്പളമായി കിട്ടുന്ന ഏതാനും ആയിരങ്ങളേ ഉണ്ടാകാറുള്ളൂ. എന്നാൽ, കോടികൾ അക്കൗണ്ടിലെത്തിയ വിവരം അറിഞ്ഞ് ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ പാകിസ്താനിലെ ലർകാനയിലും സുക്കൂറിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടിടത്തും പൊലീസുകാരുടെ അക്കൗണ്ടുകളിലാണ് കോടികളെത്തിയത്. അഞ്ചു കോടി രൂപ വീതമാണ് എത്തിയത്.
Summary: Pakistan cop gets ₹ 100 million in account and bank freezes his ATM card