പാകിസ്താനിൽ ദുരിതപ്പേമാരി; വെള്ളപ്പൊക്കത്തില്‍ മരണം 1,000 കടന്നു-അടിയന്തരാവസ്ഥ
|മഴക്കെടുതിയിൽ 300 കുട്ടികൾക്കു ജീവൻ നഷ്ടപ്പെടുകയും നാലു ലക്ഷത്തോളം വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്
ഇസ്‌ലാമാബാദ്: പാകിസ്താനിൽ കനത്ത പേമാരിയെ തുടർന്നുണ്ടായ വൻ വെള്ളപ്പൊക്കത്തിൽ മരണം 1,000 കടന്നു. മൂന്നു കോടി ജനങ്ങളെ ബാധിച്ച ദുരന്തത്തിനു പിന്നാലെ പാക് സർക്കാർ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജൂണിൽ ആരംഭിച്ച വർഷകാലത്തിനു പിന്നാലെയാണ് വിവിധ പാക് പ്രവിശ്യകളിൽ ദുരിതം വിതച്ച് പേമാരി പെയ്തിറങ്ങിയത്. ബലൂചിസ്താൻ, സിന്ധ്, ഖൈബർ പഖ്തുങ്ക്വ പ്രവിശ്യകളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ക്വറ്റ, സൈറാത്ത്, ചമൻ, ഖിലാ സൈഫുല്ല, ഖില അബ്ദുല്ല, ഖുസ്ദർ തുടങ്ങിയ നഗരങ്ങളെല്ലാം വെള്ളത്തിനടിയിൽപെട്ടിട്ടുണ്ട്. ഇവിടങ്ങളിൽ ഇന്റർനെറ്റ്-ടെലഫോൺ ബന്ധങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
മഴക്കെടുതിയിൽ 300 കുട്ടികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നാലു ലക്ഷത്തോളം വീടുകൾ തകർന്നു. രണ്ടു ലക്ഷത്തോളം പേരാണ് വിവിധ ഭവനരഹിതരായി വിവിധ അഭയാർത്ഥി ക്യാംപുകളിൽ കഴിയുന്നത്.
2010നുശേഷം പാകിസ്താൻ സാക്ഷ്യംവഹിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ദുരന്ത നിവാരണത്തിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അഭ്യർത്ഥിച്ചിരുന്നു.
Summary: Pakistan declares national emergency as flood toll nears 1,000