ഒരു ലിറ്റർ പാലിന് 200 രൂപ, ചിക്കന് 700; വിലക്കയറ്റത്തിൽ പൊള്ളി പാകിസ്താൻ
|1975നുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്
ഇസ്‍ലാമാബാദ്: പാകിസ്താനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ വിലക്കയറ്റത്തിൽ പൊറുതുമുട്ടി സാധാരണക്കാർ. നിത്യാപയോഗ വസ്തുക്കൾ തീവില നൽകിയാണ് നാട്ടുകാർ വാങ്ങുന്നത്. പാലുൽപന്നങ്ങൾ മുതൽ മാംസത്തിനടക്കം വിവിധ പാക് നഗരങ്ങളിൽ പൊള്ളുംവിലയാണെന്ന് പാകിസ്താൻ മാധ്യമം 'ഡൗൺ' റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ഒരു ലിറ്റർ പാലിന് 210 പാകിസ്താൻ രൂപയാണ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസത്തെ 190 രൂപയിൽനിന്നാണ് ഒറ്റയടിക്കുള്ള വിലക്കയറ്റം. ബ്രോയ്‌ലർ ചിക്കനും രണ്ടു ദിവസത്തിനിടെ വില കുതിച്ചുയരുകയാണ്. രണ്ട് ദിവസത്തിനിടെ 40 രൂപ വരെയാണ് കൂട്ടിയത്. ഇതോടെ നിലവിൽ ബ്രോയ്‌ലർ ചിക്കന് കിലോയ്ക്ക് 500 ആണ് കറാച്ചിയിൽ വിലയെന്ന് ഡൗൺ റിപ്പോർട്ടിൽ പറയുന്നു. ഈ മാസം ആദ്യത്തിൽ കിലോയ്ക്ക് 390 രൂപയുണ്ടായിരുന്നതാണ് കുത്തനെ കുതിച്ചുകയറിയത്.
കോഴിയിറച്ചി കിലോയ്ക്ക് 700 മുതൽ 780 വരെയാണ് വിവിധയിടങ്ങളിൽ വില. ഏതാനും ദിവസങ്ങൾക്കുമുൻപ് ഇത് 620-650 രൂപയായിരുന്നു. ബോൺലെസ് ഇറച്ചിയുടെ വില ആയിരം കടന്നിരിക്കുകയാണ്. 1,000 മുതൽ 1,100 രൂപവരെയാണ് കിലോയ്ക്ക് വില. ഒറ്റയടിക്ക് 200 രൂപ വരെ കൂടിയിട്ടുണ്ട്. ഇന്ധനവിലയും നിയന്ത്രണമില്ലാതെ കുതിച്ചുയരുകയാണെന്നാണ് റിപ്പോര്‍ട്ട്.
1975നുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ കടന്നുപോകുന്നത്. അരനൂറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ വിലക്കയറ്റത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് പാകിസ്താൻ ജനത. വിദേശനാണ്യ ശേഖരം കുത്തനെ കുറഞ്ഞതു മുതൽ രാജ്യത്തെ പിടിച്ചുലച്ച 2022ലെ വെള്ളപ്പൊക്കം വരെ പുതിയ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. പാകിസ്താൻ രൂപയുടെ വിലയും ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
Summary: Milk at Pak Rs 210 per litre and chicken meat costs Rs 700 per Kg as inflation and food price hike is at historic high in Pakistan