ആഗോള വിപണിയിൽ വിലകുറഞ്ഞു; പെട്രോളിനും ഡീസലിനും വില കുറച്ച് പാകിസ്താൻ
|തുടർച്ചയായി നാലുതവണ വില വർധിപ്പിച്ച ശേഷമാണ് പാകിസ്താൻ എണ്ണവില കുറയ്ക്കുന്നത്
ഇസ്ലാമാബാദ്: ആഗോള വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് വില കുറഞ്ഞതിനു പിന്നാലെ പാകിസ്താനിൽ പെട്രോൾ, ഡീസൽ വില കുറച്ച് ഭരണകൂടം. പെട്രോളിന് 18.50 രൂപയും ഡീസലിന് 40.54 രൂപയുമാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കുറച്ചത്. ഇതോടെ പെട്രോൾ ഡീസലിന് 230.24 പാകിസ്താൻ രൂപയും ഡീസൽ ലിറ്ററിന് 236 രൂപയുമായി വിലകുറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ രൂപയിൽ പെട്രോളിന് 88 രൂപയും ഡീസലിന് 89.75 രൂപയുമാണ് നിലവിൽ പാകിസ്താനിലെ വില.
ഷഹബാസ് ശരീഫ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മൂന്നു മാസത്തിനിടെ പാകിസ്താനിലെ ഇന്ധനവില നാലുതവണ വർധിച്ചിരുന്നു. ഇത് വലിയ ജനരോഷത്തിന് കാരണമായി. ആഗോള വിപണിയിൽ അസംസ്കൃത എണ്ണയ്ക്ക് വില കുറഞ്ഞതു കൊണ്ടാണ് രാജ്യത്ത് എണ്ണവില കുറക്കാൻ കഴിഞ്ഞതെന്ന് ഷഹബാസ് ശരീഫ് പറഞ്ഞു.
'ദൈവാനുഗ്രഹത്താൽ അന്താരാഷ്ട്ര വിപണികളിൽ എണ്ണവില കുറയുകയാണ്. അതുകൊണ്ടുതന്നെ വില കുറക്കാൻ നമുക്കു കഴിഞ്ഞു.' - പാകിസ്താൻ ജനതയോട് നടത്തിയ അഭിസംബോധനയിൽ ഷഹബാസ് ശരീഫ് പറഞ്ഞു. മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ കാലത്ത് താറുമാറായ സാമ്പത്തികരംഗം ശരിയാക്കേണ്ട ചുമതലയാണ് തനിക്കുള്ളതെന്നും, അന്താരാഷ്ട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) കടങ്ങൾ വീട്ടുന്നതിൽ അദ്ദേഹം വരുത്തിയ വീഴ്ച രാജ്യത്തെ വൻ പ്രതിസന്ധിയിലേക്കാണ് കൊണ്ടുചെന്നെത്തിച്ചതെന്നും ഷഹബാസ് പറഞ്ഞു.