പാകിസ്താനിൽ മൂന്ന് ചാവേർ സ്ഫോടനങ്ങൾ; 52 പേർ കൊല്ലപ്പെട്ടു
|ബലൂചിസ്താനിൽ മസ്‍തൂങ് ജില്ലയിലാണ് ആദ്യ ചാവേർ ആക്രമണം ഉണ്ടായത്
ഇസ്‍ലാമാബാദ്: പാകിസ്താനിൽ മൂന്നിടങ്ങളിലായി നടന്ന സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ ചാവേർ സ്ഫോടനത്തിലാണ് 52 പേർ മരിച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ബലൂചിസ്താനിൽ മസ്‍തൂങ് ജില്ലയിലാണ് ആദ്യ ചാവേർ ആക്രമണം ഉണ്ടായത്. മദീനാ മസ്ജിദിനു സമീപം നബിദിനറാലിക്കായുള്ള ഒരുക്കത്തിനിടെയായിരുന്നു ആക്രമണം. ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിന് അരികിലെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മസ്‍തൂങ് ഡി.എസ്.പി നവാസ് ഗിഷ്കോരിയും ഉൾപ്പെടുന്നു. പരിക്കേറ്റ നൂറിലധികം പേരിൽ നിരവധി പേരുടെ നില ഗുരുതരമാണ്.
ഖൈബർ പക്തൂൺഖ്വാ പ്രവശ്യയിലെ ഹാങു ജില്ലയിലും ഇരട്ട സ്ഫോടനമുണ്ടായി. ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും 12പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദോബാ പൊലീസ് സ്റ്റേഷന് പരിസരത്തായിരുന്നു ആദ്യ സ്ഫോടനം. സ്റ്റേഷൻ പരിസരത്തെ മസ്ജിദിൽ നിമിഷങ്ങൾക്കുള്ളിൽ രണ്ടാമത്തെ സ്ഫോടനവും നടന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതുവരെ ആരും രംഗത്തെത്തിയിട്ടില്ല.