ഇമ്രാൻ ഖാൻ സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പാക് അസംബ്ലി പിരിഞ്ഞു
|അസംബ്ലി അംഗത്തിന്‍റെ മരണത്തെ തുടർന്നാണ് അനുശോചനം അറിയിച്ച് സഭ നിർത്തിവയ്ക്കുന്നതെന്ന് സ്പീക്കർ അറിയിച്ചു
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ ഇന്ന് പാക് ദേശീയ അസംബ്ലി പിരിഞ്ഞു. അടുത്ത തിങ്കളാഴ്ച വരെ അസംബ്ലി നിർത്തിവയ്ക്കുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. അസംബ്ലി അംഗത്തിന്‍റെ മരണത്തെ തുടർന്നാണ് അനുശോചനം അറിയിച്ച് സഭ നിർത്തിവയ്ക്കുന്നതെന്ന് സ്പീക്കർ അറിയിച്ചു.
മാർച്ച് 8ന് 100 അംഗങ്ങൾ ഒപ്പിട്ടാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. പ്രമേയം വോട്ടെടുപ്പിലേക്ക് നീങ്ങുമ്പോൾ 172 വോട്ടാണ് ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടത്. പ്രതിപക്ഷത്തിന് 162 സീറ്റുണ്ട്. ഇമ്രാൻ ഖാന്‍റെ സ്വന്തം പാർട്ടിയായ തെഹ്‍രീകെ ഇൻസാഫിലെ 24 അംഗങ്ങൾ പ്രതിപക്ഷത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭരണമുന്നണിയിലെ മൂന്ന് പാർട്ടികളും കൂറുമാറി. മുത്തഹിദ ക്വാമി മൂവ്മെന്‍റ് പാകിസ്താൻ, പാകിസ്താൻ മുസ്‍ലിം ലീഗ് ക്യു, ബലൂചിസ്ഥാൻ അവാമി പാർട്ടി എന്നിവയാണ് പ്രതിപക്ഷവുമായി സഹകരിക്കാൻ തയ്യാറായത്. സൈന്യവും ഇമ്രാന്‍ ഖാനെ കൈവിട്ടതായാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ സാമ്പത്തികമായി തകർത്തു എന്നതാണ് ഇമ്രാൻ ഖാനെതിരായ പ്രധാന ആരോപണം. പ്രതിപക്ഷത്തിന്‍റെ വാദങ്ങളെല്ലാം പാടെ തള്ളുകയാണ് ഇമ്രാൻ ഖാൻ. വഞ്ചകരുടെ സമ്മർദത്തിന് വഴങ്ങി രാജി വയ്ക്കില്ലെന്ന് അദ്ദഹം പ്രഖ്യാപിച്ചു. അതേസമയം കൂറു മാറിയ അംഗങ്ങളെ അയോഗ്യരാക്കണമെന്ന ഇമ്രാൻ ഖാന്‍റെ ഹരജിയിൽ സുപ്രിംകോടതി അഞ്ചംഗ ബെഞ്ച് ഇന്ന് വാദം കേൾക്കും. കൂറുമാറിയ അംഗങ്ങൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നാണ് ഇമ്രാൻ ഖാന്‍റെ ആവശ്യം.