'സമാധാനം ആഗ്രഹിക്കുന്നു'; ഇന്ത്യയുമായി കൈകോർക്കാൻ പാക്കിസ്താൻ
|ജമ്മു കശ്മീർ തർക്കത്തിന് നീതിപൂർവവും സമാധാനപരവുമായ പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി
ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാനപരമായ ഒരു ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പാക്കിസ്‌താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. പാക്കിസ്താനിൽ പുതുതായി നിയമിതനായ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ നീൽ ഹോക്കിൻസുമായി ഇസ്ലാമാബാദിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
തുല്യത, നീതി, പരസ്പര ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന് ഷെഹ്ബാസ് ഷെരീഫിനെ ഉദ്ധരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീർ തർക്കത്തിന് നീതിപൂർവവും സമാധാനപരവുമായ പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. കശ്മീർ ജനത അത് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎൻ രക്ഷാസമിതിയുടെ പ്രസക്തമായ പ്രമേയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന.
'ദക്ഷിണേഷ്യയുടെ സുസ്ഥിരമായ സമാധാനത്തിനും സ്ഥിരതയ്ക്കും ജമ്മു കശ്മീർ തർക്കത്തിന് പരിഹാരം കാണേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാൽ, അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തിൽ സുഗമമായ പങ്ക് വഹിക്കേണ്ടതുണ്ട്'; ഷെഹ്ബാസ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങളോട് യോജിച്ച ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.