ഹോട്ടലില്‍ കുടിവെള്ളത്തിന് പകരം നൽകിയത് ആസിഡ്; ജന്മദിനാഘോഷത്തിനെത്തിയ രണ്ടരവയസുകാരി ഗുരുതരാവസ്ഥയിൽ
|വെള്ളക്കുപ്പി ഉപയോഗിച്ച് കൈ കഴുകിയ കുട്ടിക്കും ഗുരുതരമായി പൊള്ളലേറ്റു
ലാഹോർ: ഹോട്ടലിൽ നടന്ന ജന്മദിന പാർട്ടിയിൽ കുടിവെള്ളത്തിന് പകരം നൽകിയ ആസിഡ് കുടിച്ച് രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാക്കിസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ഗ്രേറ്റർ ഇഖ്ബാൽ പാർക്കിലെ കവി റെസ്റ്റോറന്റിലാണ് സംഭവം. ഹോട്ടൽ മാനേജരെ ലാഹോർ പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്തംബർ 27നാണ് സംഭവം നടന്നത്. കുട്ടികൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് ആദിൽ എന്നയാളാണ് പരാതി നൽകി നൽകിയിരിക്കുന്നത്. ബന്ധുവിന്റെ ജന്മദിന പാർട്ടി ഹോട്ടലിൽ വെച്ചാണ് നടത്തിയത്. ജീവനക്കാർ നൽകിയ വെള്ളക്കുപ്പി ഉപയോഗിച്ച് അനന്തരവനായ കുട്ടി കൈകഴുകി. ഉടൻ കുട്ടിയുടെ കരച്ചിൽ കേട്ടാണ് എല്ലാവരും ഓടിയെത്തിയത്. കുട്ടിയുടെ ഇരു കൈകളും പൊള്ളിയ നിലയിലാണ് കണ്ടതെന്നും പരാതിയിൽ പറയുന്നു.
ആസമയം തന്നെ മറ്റൊരു വെള്ളക്കുപ്പിയിലെ ആസിഡ് കുടിച്ച രണ്ടര വയസ്സുള്ള കുട്ടി ഛർദ്ദിക്കാൻ തുടങ്ങി. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചു. ആസിഡ് കുടിച്ച രണ്ടരവയസുകാരിയുടെ നില അതീവഗുരുതരമാണ്.
റെസ്റ്റോറന്റ് മാനേജർക്ക് പുറമെ മറ്റ് അഞ്ച് ജീവനക്കാർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 'റസ്റ്റോറന്റ് മാനേജർ മുഹമ്മദ് ജാവേദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റുള്ളവരെ അറസ്റ്റ് ചെയ്യുന്നതിനായി റെയ്ഡ് നടത്തുകയാണെന്ന് പൊലീസ് ഓഫീസർ താഹിർ വഖാസ് പിടിഐയോട് പറഞ്ഞു. 'ഇതൊരു വിചിത്രമായ സംഭവമാണ്, ആസിഡ് നൽകാനുള്ള കാരണം അറിയില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. അതുവരെ ഹോട്ടൽ അടച്ചിടുമെന്നും പൊലീസ് പറഞ്ഞു.