World
pro palestine protest at london
World

ഫലസ്തീൻ ലാൻഡ് ഡേ: ഐക്യദാർഢ്യവുമായി യൂറോപ്പിലെങ്ങും ​റാലികൾ

Web Desk
|
31 March 2024 4:06 AM GMT

ലണ്ടനിൽ രണ്ട് ലക്ഷം പേരാണ് അണിനിരന്നത്

ലണ്ടൻ: ഗസ്സക്കെതിരെ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യയിൽ പ്രതിഷേധിച്ചും ഫലസ്തീൻ ലാൻഡ് ഡേക്ക് ഐക്യദാർഢ്യം അർപ്പിച്ചും ശനിയാഴ്ച യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ലണ്ടൻ, പാരീസ്, ആംസ്റ്റർഡാം, കോപ്പൻഹേഗൻ, ആർഹസ്, ഓസ്​ലോ തുടങ്ങി വിവിധ നഗരങ്ങളിലാണ് ശനിയാഴ്ച ആയിരങ്ങൾ പ​ങ്കെടുത്ത ​പ്രകടനങ്ങൾ അരങ്ങേറിയത്.

യുദ്ധം ആരംഭിച്ചത് മുതൽ ഇത്തരത്തിൽ യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാരാന്ത്യങ്ങളിൽ പ്രകടനങ്ങൾ നടക്കാറുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും പ്രതിഷേധ പ്രകടനങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്.

ലണ്ടനിൽ നടന്ന പ്രകടനത്തിൽ പതിനായിരക്കണക്കിന് പേരാണ് പ​ങ്കെടുത്തത്. രണ്ട് കിലോമീറ്റർ നീണ്ട പ്രകടനം ട്രാഫൽഗർ സ്ക്വയറിൽ അവസാനിച്ചു. തുടർന്ന് കൂടുതൽ പേർ ഇവിടേക്ക് പ്രതിഷേധവുമായെത്തി. ഏകദേശം രണ്ട് ലക്ഷം പേരാണ് ഐക്യദാർഢ്യവുമായി ഇവിടെ എത്തിയത്. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 7ന് ശേഷം 11ാം തവണയാണ് ഇത്തരത്തിൽ ലണ്ടനിൽ പ്രകടനം നടക്കുന്നത്. ഗ​സ്സക്കെതിരായ ഇസ്രായേലിന്റെ യുദ്ധവും വംശഹത്യയും അവസാനിപ്പിക്കണമെന്നും ജനങ്ങളെ പട്ടിണിക്കിടരുതെന്നും ഇസ്രായേലിന് ആയുധങ്ങൾ നൽകരുതെന്നും ബ്രിട്ടീഷ് സർക്കാറിനോട് ഇവർ ആവശ്യപ്പെട്ടു.

പാരീസിൽ ലാൻഡ് ഡേയുടെ പശ്ചാത്തലത്തിൽ നിരവധി ഫ്രഞ്ച് പ്രതിനിധികളും സെനറ്റർമാരും പ്രകടനത്തിൽ പ​ങ്കെടുത്തു. അടുത്തിടെ പാരീസിൽ നടന്ന ഏറ്റവും വലിയ പ്രകടനങ്ങളിലൊന്നായി മാറിയിത്. കുട്ടികളെയടക്കം കൊല്ലുന്ന ഇസ്രായേൽ സൈന്യത്തിന്റെ ക്രൂരതകൾ, ഗസ്സക്കെതിരായ ഇസ്രായേൽ വംശഹത്യ എന്നിവ തടയണമെന്ന് പ്രതിഷേധത്തിൽ പ​ങ്കെടുത്തവർ മുദ്രാവാക്യം മുഴക്കി.

ബെർലിനിൽ ഗസ്സയിലെ ഫലസ്തീൻ ജനതക്ക് പിന്തുണയുമായി നിരവധി പേരാണ് തെരുവിലിറങ്ങിയത്. ഇസ്രായേൽ അധിനിവേശത്തിനെതിരായ നിലപാട് ജർമ്മൻ സർക്കാർ ഈയിടെ മാറ്റിയിരുന്നു. ഇതിന് പിന്നിലെ പ്രധാന കാരണം ഇത്തരം റാലികളാണെന്ന് പ്രതിഷേധക്കാർ പറയുന്നു. ബെർലിനിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ബഹുജന പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്.

1976 മാർച്ച് 30ലെ സംഭവങ്ങളെ അനുസ്മരിച്ച് എല്ലാ വർഷവും മാർച്ച് 30നാണ് ഫലസ്തീനികൾ ലാൻഡ് ഡേ ആചരിക്കുന്നത്. തങ്ങളുടെ ഭൂമി പിടിച്ചെടുക്കാനെത്തിയ ഇസ്രായേൽ സൈന്യത്തിനെതിരെ പ്രതി​ഷേധിച്ച ആറുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫലസ്തീൻ പൗരന്മാരുടെ 2000 ഹെക്ടർ ഭൂമി പിടിച്ചെടുക്കാനായിരുന്നു ഇസ്രായേൽ സർക്കാറിന്റെ ഉത്തരവ്.

ഫലസ്തീനികൾ എല്ലാ വർഷവും മാർച്ച് 30ന് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കാറുണ്ട്. കൂടാതെ ഒലിവ് മരങ്ങൾ നട്ടുപിടിപ്പിച്ച് പിറന്നമണ്ണുമായുള്ള ബന്ധം അവർ ഊട്ടിയുറപ്പിക്കും. അതേസമയം, ഈ പ്രതിഷേധങ്ങളെ ഇസ്രായേൽ അത​ിക്രൂരമായാണ് നേരിടാറ്.

ഒക്ടോബർ ഏഴിന് ശേഷം ആരംഭിച്ച യുദ്ധത്തിനിടയിലും ഇസ്രായേൽ ഫലസ്തീൻ ഭൂമി കൈയേറിക്കൊണ്ടിരിക്കുകയാണ്. മാർച്ച് 22ന് അധിനിവേശ വെസ്റ്റ്ബാങ്കിൽ 800 ഹെക്ടർ ഭൂമി പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് പ്രഖ്യാപിച്ചിരുന്നു. കൂടുതൽ അനധികൃത സെറ്റിൽമെൻ്റുകൾ നിർമിക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യം. 2022 നവംബർ 1 മുതൽ 2023 ഒക്‌ടോബർ 31 വരെ ഫലസ്തീൻ ഭൂമിയിൽ 24,000 അനധികൃത ഭവന യൂണിറ്റുകൾ നിർമ്മിക്കാനാണ് ഇസ്രായേൽ അനുമതി നൽകിയത്.

Similar Posts