World
ഗസ്സ ആക്രമണത്തിനെതിരെ ബ്രിട്ടനിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ
World

ഗസ്സ ആക്രമണത്തിനെതിരെ ബ്രിട്ടനിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലികൾ

Web Desk
|
14 Oct 2023 3:41 PM GMT

മുസ്‍ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ, ഫ്രണ്ട്സ് ഓഫ് അൽ-അഖ്സ, സ്റ്റോപ് ദി വാർ സഖ്യം എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി.

ലണ്ടൻ: ഇസ്രേയേലിന്റെ ആക്രമണത്തിനെതിരെ ഫലസ്തീന് ഐക്യദാർഢ്യവുമായി ലോകത്തെങ്ങും റാലികൾ തുടരുന്നു. ബ്രിട്ടനിൽ ലണ്ടൻ, മാഞ്ചസ്റ്റർ, ഗ്ലാസ്ഗോ, ബിർബിങ് ഹാം, ലീഡ്സ് തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിഷേധറാലികൾ നടന്നു. മുസ്‍ലിം അസോസിയേഷൻ ഓഫ് ബ്രിട്ടൻ, ഫ്രണ്ട്സ് ഓഫ് അൽ-അഖ്സ, സ്റ്റോപ് ദി വാർ സഖ്യം എന്നിവരുടെ നേതൃത്വത്തിലാണ് ഇസ്രായേൽ വിരുദ്ധ റാലികൾ സംഘടിപ്പിച്ചത്.

അതേസമയം, ഗസ്സയുടെ മുഴുവൻ മേഖലയിലും വ്യോമാക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. വടക്കൻ ഗസ്സയിൽ നിന്ന്​ ആളുകളുടെ പലായനം തുടരുകയാണ്. ഇസ്രായേൽ ഭീഷണിക്ക്​ പിന്നാലെ പരിഭ്രാന്തരായ ആയിരങ്ങളാണ്​ വടക്കൻ ഗസ്സയിൽ നിന്ന്​ പലായനം തുടരുന്നത്​. പലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. പലായനം ചെയ്യുന്നവരെയും ആരോഗ്യ പ്രവർത്തകരെയും ആക്രമിക്കുന്നതിലൂടെ ആസൂത്രിത കുരുതി തന്നെയാണ്​ ഇസ്രായേൽ തുടരുന്നതെന്ന്​ ഹമാസ്​ ആരോപിച്ചു.

അതിനിടെ ഗസ്സയിലെ വെള്ളം മണിക്കൂറുകൾക്കുള്ളിൽ തീരുമെന്ന് യു.എൻ അറിയിച്ചു. യു.എൻ ക്യാമ്പുകളിൽ ഇതിനോടകം തന്നെ വെള്ളം തീർന്നു. ഗസ്സയിൽ സഹായവിതരണം മുടങ്ങിയതായി റെഡ്ക്രോസ് അറിയിച്ചു. അതിഗുരുതര സാഹചര്യം നേരിടുന്ന ഗസ്സയിലേക്ക് അവശ്യസാധനങ്ങളെത്തിക്കാൻ ഇതുവരെയും ഇസ്രായേൽ അനുമതി നൽകിയിട്ടില്ല.

ഹമാസ്​ കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ വ്യോമസേനാ വിമാനം തകർന്നതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഗസ്സക്കുള്ളിൽ ഇസ്രായേൽ സൈന്യം നടത്തിയ റെയ്ഡിൽ ഹമാസ് ബന്ധികളാക്കിയ ചിലരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ അറിയിച്ചു. ഹമാസിന്റെ കൈകളിൽ 120 ബന്ദികളുണ്ടെന്നാണ്​ ഇസ്രായേൽ വ്യക്തമാക്കുന്നത്​. ബന്ദികളുടെ മോചനം വൈകുന്നതിൽ ഇസ്രായേലിൽ പ്രതിഷേധം നടന്നു.

Similar Posts