ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ; ഇന്നലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 31 പേർ കൊല്ലപ്പെട്ടു
|റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്
തെല് അവിവ്: വടക്കൻ, തെക്കൻ ഗസ്സയിൽ ആക്രമണം വ്യാപിപ്പിച്ച് ഇസ്രായേൽ. റഫക്കു പുറമെ വടക്കൻ ഗസ്സയിലെ ജബാലിയ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യാപക ആക്രമണം തുടരുകയാണ്. റഫയിലേക്ക് കൂടുതൽ സൈന്യത്തെ നിയോഗിക്കാനും നീക്കം ആരംഭിച്ചു. ഗസ്സയിൽ ഇന്നലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 31 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണസംഖ്യ 35,303 ആയി.
ജബാലിയ, ബൈത് ഹാനൂൻ, ബൈത് ലാഹിയ എന്നിവിടങ്ങളിൽ കനത്ത ബോംബാക്രമണമാണ് ഇസ്രായേൽ നടത്തിയത്. ജബാലിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ പലരെയും ഇനിയും രക്ഷിക്കാനായില്ല. ബൈത് ഹാനൂനിൽ രൂക്ഷമായ ഷെല്ലാക്രമണവും തുടർന്നു. ഹമാസ് ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ. 32 ആഴ്ചകൾ പിന്നിട്ട ചെറുത്തുനിൽപ്പ് ദീർഘകാലം തുടരാൻ ഒരുക്കമാണെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദ അറിയിച്ചു. പത്തു ദിവസത്തിനുള്ളിൽ നൂറിലേറെ സൈനിക വാഹനങ്ങൾ തകർത്തതായും നിരവധി സൈനികരെ വധിച്ചതായും അദ്ദേഹം അറിയിച്ചു.
ഹമാസിന്റെ സൈനിക സംവിധാനം പൂർണമായും അമർച്ച ചെയ്യും വരെ യുദ്ധം തുടരുമെന്ന് ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. യുദ്ധാനന്തര ഗസ്സയെ ചൊല്ലി മന്ത്രിമാർക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്.. ഹമാസിനെ തുരത്തുകയെന്ന ഇസ്രായേൽ യുദ്ധലക്ഷ്യത്തെ പിന്തുണക്കുന്നുണ്ടെങ്കിലും സിവിലിയൻ കുരുതി ഒഴിവാക്കുക പ്രധാനമാണെന്ന് പെൻറഗൺ പ്രതികരിച്ചു. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഇസ്രായേലിൽ എത്തും. നെതന്യാഹുവുമായി റഫ ആക്രമണം സംബന്ധിച്ച് നാളെ ജെയ്ക് സള്ളിവൻ ചർച്ച നടത്തും. തടഞ്ഞുവെച്ച ആയുധ ഷിപ്മെന്റ് വിട്ടുകൊടുത്തതോടെ ഇസ്രായേലും അമേരിക്കയും തമ്മിലുള്ള ഭിന്നത കുറഞ്ഞു. ഇസ്രായേലിന് ആയുധങ്ങൾ വിലക്കരുതെന്നാവശ്യപ്പെട്ട് യു.എസ് ജനപ്രതിനിധി സഭയിൽ ബില്ല് പാസായതും ബൈഡൻ ഭരണകൂടത്തെ പുനരാലോചനക്ക് പ്രേരിപ്പിച്ചതായാണ് റിപ്പോർട്ട്. അതേസമയം അമേരിക്ക ഒഴികെയുള്ള ജി 7 കൂട്ടായ്മ ഉൾപ്പെടെ 13 രാജ്യങ്ങൾ റഫ ആക്രമണത്തിൽ നിന്ന് പിൻവാങ്ങാൻ ഇസ്രായേലിനോട് കത്തിൽ ആവശ്യപ്പെട്ടു.
ഗസ്സയിലെ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ വിചാരണക്കിടെ അക്രമത്തെ ന്യായീകരിച്ച് ഇസ്രായേൽ. റഫയിൽ പൂർണതോതിലുള്ള അക്രമവുമായി മുന്നോട്ടുപോവാൻ അവകാശമുണ്ടെന്ന് ഇസ്രായേലി അഭിഭാഷകൻ വാദിച്ചു. ഹമാസിനു വേണ്ടിയാണ് കോടതിയിൽ ഹരജി നൽകിയതെന്ന ഇസ്രായേൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ദക്ഷിണാഫ്രിക്ക കോടതിക്ക് മുമ്പാകെ വ്യക്തമാക്കി. മാനുഷിക സഹായ വസ്തുക്കൾ എത്തിക്കാനായി അമേരിക്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ഗസ്സ തീരത്ത് നിർമിച്ച താൽക്കാലിക തുറമുഖം തുറന്നു.
32 കോടി ഡോളർ ചെലവിലാണ് തുറമുഖം നിർമിച്ചത്. ഇവിടെ എത്തിച്ച ആദ്യ ലോഡ് സഹായവസ്തുക്കളുടെ വിതരണം ആരംഭിച്ചു. കര അതിർത്തികൾ തുറക്കുകയാണ് സഹായ വിതരണത്തിനുള്ള ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ മാർഗമെന്ന് യു.എന്നും ഫലസ്തീൻ കൂട്ടായ്മകളും ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുടെ മിസൈൽ ആക്രമണത്തിൽ വടക്കൻ അതിർത്തിയിൽ സൈനികർ തമ്പടിച്ച കെട്ടിടത്തിന് തകർച്ച സംഭവിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.