ഗസ്സയിൽ അടിയന്തര ഇടപെടൽ തേടി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്
|യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മഹ്മൂദ് അബ്ബാസിന്റെ അഭ്യർഥന.
ഗസ്സ സിറ്റി: ഗസ്സയിൽ അടിയന്തര ഇടപെടൽ തേടി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മഹ്മൂദ് അബ്ബാസിന്റെ അഭ്യർഥന. ഇസ്രായേൽ ആക്രമണങ്ങളിൽ 90 ശതമാനവും ജനങ്ങളുടെ താമസ കേന്ദ്രങ്ങളിലാണെന്ന് ഗസ്സ സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
അതിനിടെ ആക്രമണ- പ്രത്യാക്രമണങ്ങൾ ഇന്നും തുടരുകയാണ്. ജറൂസലേമിൽ ഫലസ്തീനികൾക്ക് നേരെ പലയിടങ്ങളിലും ആക്രമണമുണ്ടായി. ഇസ്രായേലിലെ അഷ്കലോണിന് നേരെ ഹമാസിന്റെ റോക്കറ്റ് ആക്രമണമുണ്ടായി.
ജനങ്ങൾ വടക്കൻ ഗസ്സ വിട്ടുപോകണമെന്ന ഇസ്രായേലിന്റെ ഭീഷണി ഹമാസ് തള്ളി. കരയുദ്ധത്തിന് സജ്ജമാണെന്നും ശത്രുക്കൾക്ക് വൻ ആഘാതം ഗസ്സയിലെ മണ്ണിലുണ്ടാകുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 13 ബന്ദികൾ കൊല്ലപ്പെട്ടെന്നും ഹമാസ് വ്യക്തമാക്കി. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശീയ കൂട്ടക്കുരുതിയാണെന്നും ഇസ്രയേൽ കൊന്നു തീർക്കുന്നത് കുഞ്ഞുങ്ങളേയും സ്ത്രീകളെയുമാണെന്നും ആരും സ്വന്തം മണ്ണ് വിട്ടുപോകരുതെന്നും ഫലസ്തീൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.