ഫലസ്തീന്‍ തെരുവിന് ആരോണ്‍ ബുഷ്നെലിന്റെ പേര് നല്‍കി
|ജെറികോയിലെ തെരുവിനാണ് വംശഹത്യയില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി മരിച്ച യു.എസ് സൈനികന്‍ ആരോണ്‍ ബുഷ്നെലിന്റെ പേര് നല്‍കിയത്
ഗസ്സ സിറ്റി: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെറികോ നഗരത്തിലെ തെരുവിന് വംശഹത്യയില്‍ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി മരിച്ച യു.എസ് സൈനികന്‍ ആരോണ്‍ ബുഷ്നെലിന്റെ പേര് നല്‍കി. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പേര് നല്‍കിയത്. ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആസൂത്രിത വംശഹത്യയില്‍ പ്രതിഷേധിച്ചാണ് വാഷിങ്ടണിലെ ഇസ്രായേല്‍ എംബസിക്ക് മുന്നില്‍ ആരോണ്‍ ബുഷ്നെല്‍ സ്വയം തീകൊളുത്തിയത്. 25 വയസ്സുള്ള ബുഷ്നെല്‍ ഇസ്രായേലി എംബസിക്ക് മുന്നില്‍ സൈനിക യൂനിഫോമിലെത്തിയാണ് ആത്മഹത്യ ചെയ്തത്.
തെരുവിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ജെറികോ മേയര്‍ അബ്ദുള്‍ കരിം സിദിര്‍ ആരോണ്‍ ബുഷ്നെലിനെ അനുസ്മരിച്ചു. 'ഞങ്ങള്‍ക്ക് അദ്ദേഹത്തേയോ അദ്ദേഹത്തിന് ഞങ്ങളെയോ അറിയില്ല. ഞങ്ങള്‍ക്കിടയില്‍ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ബന്ധങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ഗസ്സക്ക് നേര്‍ക്കുള്ള ക്രൂരതക്കെതിരെയും സ്വാതന്ത്ര്യത്തിനായും ഞങ്ങള്‍ ഒരുമിച്ചുനിന്നു' വെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ സ്വതന്ത്ര്യം ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത ആരോണ്‍ ഈ വംശഹത്യയില്‍ തനിക്ക് പങ്കില്ലെന്നും പങ്കാളിയാവുകയില്ലെന്നും പറഞ്ഞ ശേഷമായിരുന്നു തീകൊളുത്തിയത്. ശരീരമാസകലം തീ ആളിപ്പടരുമ്പോഴും 'ഫലസ്തീനെ സ്വതന്ത്രമാക്കുക' എന്ന് അരോണ്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരതകളില്‍ ആരോണ്‍ കടുത്ത മാനസിക പ്രയാസം നേരിട്ടിരുന്നു. ആരോണിന്റെ മരണത്തില്‍ യു.എസിന് പങ്കുണ്ടെന്ന് ആരോപിച്ച് വലിയ പ്രതിഷേധവും അരങ്ങേറിയിരുന്നു.
അതേസമയം ആരോണ്‍ ബുഷ്നെലിന്റെ മരണത്തില്‍ ഹമാസ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഫലസ്തീന്‍ ജനതയുടെയും ലോകത്തിലെ സ്വതന്ത്രരായ ജനങ്ങളുടെയും ഓര്‍മയില്‍ അനശ്വരനായി തുടരുമെന്നായിരുന്നു ഹമാസിന്റെ സന്ദേശം.