World
ഗസ്സയിൽ ഇസ്രായേൽ നരഹത്യ തുടരുന്നു; ദേശീയ പണിമുടക്കുമായി ഫലസ്ഥീനികൾ
World

ഗസ്സയിൽ ഇസ്രായേൽ നരഹത്യ തുടരുന്നു; ദേശീയ പണിമുടക്കുമായി ഫലസ്ഥീനികൾ

Web Desk
|
18 May 2021 10:17 AM GMT

1936ലാണ് അവസാനമായി ഫലസ്ഥീനിൽ ദേശീയ പണിമുടക്ക് നടന്നത്. ബ്രിട്ടീഷ് അധിനിവേശ നയങ്ങൾക്കെതിരെയായിരുന്നു അന്നത്തെ പണിമുടക്ക്

ഗസ്സയിൽ ഇസ്രായേൽ നരഹത്യ തുടരുന്നതിനിടയിൽ ദേശീയ പണിമുടക്കുമായി ഫലസ്ഥീൻ സംഘടനകൾ. അഭിപ്രായ ഭിന്നതകളെല്ലാം മറന്നാണ് വിവിധ ഫലസ്ഥീൻ സംഘടനകൾ ഇന്ന് ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്. ഫലസ്ഥീനു പുറമെ ഇസ്രായേൽ നഗരങ്ങളിലും അധിനിവിഷ്ട പ്രദേശങ്ങളിലെല്ലാം ഇന്ന് ഹർത്താൽ പൂർണമാണ്.

ഇതിനു മുൻപ് 1936ലാണ് അവസാനമായി ഫലസ്ഥീനിൽ ദേശീയ പണിമുടക്ക് നടന്നത്. അന്ന് ബ്രിട്ടീഷ് അധിനിവേശ നയങ്ങൾക്കെതിരായായിരുന്നു പണിമുടക്ക്. ജനരോഷമിളക്കി കൂടുതൽ ആളുകളെ അതിക്രമങ്ങൾക്കെതിരെ ഒന്നിപ്പിക്കുകയാണ് പണിമുടക്കിലൂടെ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകൾക്കിടയിൽ ഫലസ്ഥീനിൽ ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണത്തിൻരെ പശ്ചാത്തലത്തില്‍ ഫലസ്ഥീൻ ജനത ഒറ്റക്കെട്ടായി വീണ്ടും പണിമുടക്കാൻ തീരുമാനിക്കുകയായിരുന്നു.

ഗസ്സയ്ക്കു പുറമെ ജറൂസലം, ഹെബ്രോൺ, അധിനിവിഷ്ട വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം തുടങ്ങിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പണിമുടക്ക് പൂർണമാണ്. ഇവിടങ്ങളിൽ കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്ന ദൃശ്യങ്ങൾ വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഹമാസിനു പുറമെ, ഫതഹ് പാർട്ടി, ഇസ്രായേലിലെ അറബ് വംശജരുടെ സംഘടന, വിവിധ ഫലസ്ഥീൻ സംഘടനങ്ങള്‍ തുടങ്ങിയവയെല്ലാം പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, രാജ്യാന്തര സമൂഹത്തിന്റെ വിമർശനങ്ങൾ വകവയ്ക്കാതെ ഇസ്രായേൽ ഗസ്സയിൽ നരഹത്യ തുടരുകയാണ്. ഇന്നു പുലർച്ചെയും 50ഓളം വ്യോമാക്രമണങ്ങളാണ് ഗസ്സയ്ക്കുനേരെയുണ്ടായത്. ബൈത്ത് ലാഹിയ, ജബലിയ അടക്കമുള്ള വിവിധ ഗസ്സൻ പ്രദേശങ്ങളിലെ കൃഷിഭൂമിയും വീടുകളും ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഇസ്രായേൽ ആക്രമണം ഒൻപതാം ദിവസത്തിലേക്കു നീളുമ്പോൾ കൊല്ലപ്പെട്ട ഫലസ്ഥീനികളുടെ എണ്ണം 212 ആയി. ഇതിൽ 61 പേർ കുട്ടികളും 36 പേർ സ്ത്രീകളുമാണ്.

Related Tags :
Similar Posts