World
ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രിയായി കറുത്ത വംശജൻ; വംശീയാധിക്ഷേപവുമായി തീവ്ര വലതുപക്ഷം
World

ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രിയായി കറുത്ത വംശജൻ; വംശീയാധിക്ഷേപവുമായി തീവ്ര വലതുപക്ഷം

Web Desk
|
22 May 2022 12:38 PM GMT

പൊളിറ്റിക്കൽ സയൻസിൽ അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ പാരിസിലെ സയൻസസ് പോ സർവകലാശാലയിൽ പ്രൊഫസറായിരുന്ന പിയാപി എൻഡ്യായെയാണ് പുതിയ ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി

പാരിസ്: കഴിഞ്ഞ ദിവസം അധികാരമേറ്റ ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രിക്കെതിരെ വംശീയാധിക്ഷേപവുമായി തീവ്ര വലതുപക്ഷം. സെനഗൽ വംശജനും ബ്ലാക്ക് ചരിത്രത്തിൽ വിദഗ്ധനുമായ പിയാപി എൻഡ്യായെയാണ് വെള്ളിയാഴ്ച ഫ്രാൻസിന്റെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായത്.

ചരിത്രകാരനായ എൻഡ്യായെ വംശ, കുടിയേറ്റ, അധിനിവേശ വിഷയങ്ങളിലെല്ലാം വിദഗ്ധനാണ്. അമേരിക്കയിലും ഫ്രാൻസിലുമുള്ള ആഫ്രിക്കൻ കുടിയേറ്റത്തെക്കുറിച്ചും അദ്ദേഹം പഠനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമനം വലിയ രാഷ്ട്രീയ കോളിളക്കമാണ് ഫ്രാൻസിലുണ്ടാക്കിയിരിക്കുന്നത്. ഫ്രാൻസിലെ വലതുപക്ഷ നേതാവാക്കളായ മരിൻ ലൂ പെൻ, എറിക്ക് സെമ്മൂർ അടക്കം നിയമനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, എൻഡ്യായെയെ വിദ്യാഭ്യാസ മന്ത്രിയാക്കിയതിനെ പ്രധാനമന്ത്രി എലിസബത്ത് ബോണെ പ്രതിരോധിച്ചിട്ടുണ്ട്.

രാജ്യത്തിന്റെയും രാജ്യത്തിന്റെ മൂല്യങ്ങളുടെയും ഭാവിയുടെയും അപനിർമാണത്തിലുള്ള അവസാനത്തെ കല്ലാണ് പിയാപി എൻഡ്യായെയുടെ നിയമനമെന്നാണ് മരിൻ ലൂ പെൻ പ്രതികരിച്ചത്. ഇത്തരത്തിലുള്ള ഒരാളെ ദേശീയ വിദ്യാഭ്യാസത്തിന്റെ തലപ്പത്ത് നിർത്താനുള്ള ഈ തീരുമാനം ഞങ്ങൾ മാതാപിതാക്കളെയും മുത്തശ്ശിമാരെയുമെല്ലാം ഭയപ്പെടുത്തുന്ന തിരഞ്ഞെടുപ്പാണെന്നും അവർ തുറന്നടിച്ചു.

ഫ്രഞ്ച് കുഞ്ഞുങ്ങളുടെ ഭാവിക്ക് അപകടകരമാണ് എൻഡ്യായെയുടെ നിയമനമെന്നാണ് സെമ്മൂർ പ്രതികരിച്ചത്. ഫ്രാൻസിന്റെ ചരിത്രം അപനിർമിക്കപ്പെടാനിടയാക്കുമെന്നും അദ്ദേഹം ആക്ഷേപിച്ചു. വെള്ളക്കാർ സ്ഥിരം കുറ്റവാളികളാണെന്നും കറുത്തവർഗ്ഗക്കാർ ഇരകളാണെന്നും ഇതു കുടിയേറ്റത്തിന്റെ നാടാണെന്നും അത് തുടരണമെന്നെല്ലാം കുട്ടികളെ പഠിപ്പിക്കുന്ന തരത്തിൽ അദ്ദേഹം പാഠ്യപദ്ധതി നവീകരിക്കുമെന്നും എറിക് സെമ്മൂർ പറഞ്ഞു.

പിയാപി എൻഡ്യായെയുടെ പിതാവ് സെനഗൽ വംശജനും അമ്മ ഫ്രഞ്ചുകാരിയുമാണ്. പൊളിറ്റിക്കൽ സയൻസിൽ അന്താരാഷ്ട്രതലത്തിൽ എണ്ണപ്പെടുന്ന വിദ്യഭ്യാസ കേന്ദ്രങ്ങളിലൊന്നായ പാരിസിലെ സയൻസസ് പോ സർവകലാശാലയിൽ പ്രൊഫസറായിരുന്നു എൻഡ്യായെ. ഫ്രാൻസിലെ മ്യൂസിയം ഓഫ് ഇമിഗ്രേഷന്റെ തലവനുമായിരുന്നു.

തീവ്ര വലതുപക്ഷത്തിന്റെ ശക്തമായ പ്രചാരണങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇമ്മാനുവൽ മാക്രോൺ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, തീവ്ര വലതുപക്ഷ പാർട്ടിയായ നാഷനൽ റാലിയുടെ മരീൻ ലൂ പെന്നിന് 23.1 ശതമാനം വോട്ട് ലഭിച്ചിരുന്നു.

Summary: Pap Ndiaye, a black historian and the newly appointed French education minister, is facing an increasing number of racist attacks from far-right groups

Similar Posts