World
യൂറോപ്പില്‍ തത്തപ്പനി പടരുന്നു; അഞ്ച് മരണം, നിരവധി പേര്‍ ചികിത്സയില്‍
World

യൂറോപ്പില്‍ തത്തപ്പനി പടരുന്നു; അഞ്ച് മരണം, നിരവധി പേര്‍ ചികിത്സയില്‍

Web Desk
|
7 March 2024 5:05 AM GMT

രോഗമുള്ള പക്ഷികളുടെ വിസര്‍ജ്യങ്ങളില്‍ നിന്നുയരുന്ന പൊടി ശ്വസിക്കുന്നതോടെയാണ് മനുഷ്യരിലേക്ക് രോഗാണു പ്രവേശിക്കുക

ബെര്‍ലിന്‍: യൂറോപ്പില്‍ തത്തപ്പനി പടർന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം തത്തപ്പനി ബാധിച്ച് അഞ്ച് പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഡെന്മാര്‍ക്കില്‍ നാല് മരണവും നെതര്‍ലാൻഡില്‍ ഒരു മരണവുമാണ് സ്ഥിരീകരിച്ചത്. ആസ്ട്രിയ, ജര്‍മനി, സ്വീഡന്‍ എന്നിവിടങ്ങളില്‍ നിരവധി ആളുകള്‍ തത്തപ്പനി ബാധിച്ച് ചികിത്സയിലുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ മാസങ്ങളിൽ രോഗബാധിതര്‍ വാര്‍ഷിക ശരാശരിയേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. ആസ്ട്രിയയില്‍ വര്‍ഷത്തില്‍ രണ്ട് കേസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, കഴിഞ്ഞ ഡിസംബറില്‍ മാത്രം 14ലധികം കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡെന്മാര്‍ക്കില്‍ ഫെബ്രുവരി 27 വരെ 23 കേസ് റിപ്പോര്‍ട്ട് ചെയ്തു.

തത്തപ്പനി എന്ന് പൊതുവെ അറിയപ്പെടുന്ന ജന്തുജന്യ രോഗമാണ് സിറ്റാക്കോസിസ്. ക്ലമൈഡിയോഫില സിറ്റാക്കി എന്ന ബാക്ടീരിയ മനുഷ്യരിലും പക്ഷികളിലും ഉണ്ടാകുന്ന രോഗമാണിത്. ന്യുമോണിയയായി തുടങ്ങി പല അവയവങ്ങൾക്കും കേടുപാട് വരുത്താനും മരണത്തിന് കാരണമാകാനും സാധ്യതയുള്ള അസുഖമാണ് സിറ്റാക്കോസിസ്. മറ്റു പക്ഷികളെ അപേക്ഷിച്ച് തത്തകളിലാണ് ഈ അസുഖം കൂടുതലായും കണ്ടുവരുന്നത്.

രോഗമുള്ള പക്ഷികളുടെ വിസര്‍ജ്യങ്ങളില്‍ നിന്നുയരുന്ന പൊടി ശ്വസിക്കുന്നതോടെയാണ് മനുഷ്യരിലേക്ക് രോഗാണു പ്രവേശിക്കുക. പനി, തലവേദന, ചുമ എന്നിവയാണ് മനുഷ്യരില്‍ സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. പിന്നീട് ഇത് ന്യുമോണിയയായി മാറും. കൂടാതെ സന്ധിവേദന, തൊണ്ടവീക്കം, മൂക്കില്‍നിന്ന് രക്തം വരിക, ക്ഷീണം, വിഷാദം എന്നീ ലക്ഷണങ്ങളും കാണിക്കാറുണ്ട്. അതേസമയം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് രോഗം പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പക്ഷിയുമായി സമ്പര്‍ക്കം പുലര്‍ത്തി 14 ദിവസത്തനകം രോഗ ലക്ഷണം കാണിച്ചു തുടങ്ങും.

Similar Posts