റഫയിലെ ആശുപത്രികൾ ഒഴിയുന്നു; ചികിത്സക്ക് വഴിയില്ല, രോഗികളെയും ജീവനക്കാരെയും പുറത്താക്കി ഇസ്രായേൽ
|ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ മാറ്റാൻ മറ്റൊരു ആശുപത്രി നിലവിലില്ലെന്ന് ഫലസ്തീൻ ഡോക്ടർ മുഹമ്മദ് സഖൗട്ട് പറഞ്ഞു.
റഫ അതിർത്തി വഴി കടന്നുകയറ്റം നടത്തിയ ഇസ്രായേൽ സൈന്യം യുദ്ധടാങ്കുകളുമായി ആക്രമണം തുടരുകയാണ്. റഫയിലുടനീളമുള്ള ആശുപത്രികളിൽ നിന്ന് രോഗികളെയും ആരോഗ്യപ്രവർത്തകരെയും നിർബന്ധിച്ച് പുറത്താക്കുകയാണ് സൈന്യം. പതിനായിരക്കണക്കിന് ഫലസ്തീനികൾ ഇതിനോടകം റഫയിൽ നിന്ന് പലായനം ചെയ്തു. ആയിരക്കണക്കിന് ആളുകൾ പുറത്തുകടക്കാനുള്ള ശ്രമം തുടരുകയാണ്. മതിയായ സാമ്പത്തികം ഇല്ലാത്തതും താമസസ്ഥലത്തെ അനിശ്ചിതത്വവുമാണ് പലരെയും പിന്തിരിപ്പിക്കുന്നത്.
റഫയിലുടനീളമുള്ള ആശുപത്രികളിൽ ചികിത്സിക്കാൻ യാതൊരു മാർഗവുമില്ല. രോഗികളും ജീവനക്കാരും ആശുപത്രികൾ വിടുകയാണ്. ഗുരുതരമായി പരിക്കേറ്റ നിരവധി ഫലസ്തീനികളാണ് ഇവിടെയുള്ളത്. ഇവർക്ക് കിടക്കാൻ കിടക്കകളോ ജീവൻരക്ഷാ മരുന്നുകളോ പോലുമില്ല. ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികളെ മാറ്റാൻ മറ്റൊരു ആശുപത്രി നിലവിലില്ലെന്ന് പലസ്തീൻ ഡോക്ടർ മുഹമ്മദ് സഖൗട്ട് പറഞ്ഞു.
അൽ-നജ്ജാർ ഹോസ്പിറ്റലിൽ എല്ലാം അവസാനിച്ചുകഴിഞ്ഞു. റഫയിലെ കുവൈറ്റ് ഹോസ്പിറ്റൽ അത്യാഹിതങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണ്.
റഫ അതിർത്തിയിൽ ഇസ്രായേൽ സൈന്യം നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ മൂന്ന് ദിവസമായി ഗസ്സയിലേക്കുള്ള സഹായം നിർത്തിവെച്ചിരിക്കുകയാണ്. പട്ടിണി അതിരൂക്ഷമാം വിധം പിടിമുറുക്കിക്കഴിഞ്ഞു. ആവശ്യമായ മാനുഷിക സഹായം പോലും ഇസ്രായേൽ കടത്തിവിടുന്നില്ല. അഭയം തേടിയെത്തിയ സാധാരണക്കാരെ കൊലപ്പെടുത്തുമ്പോഴും നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഭൂഗർഭ കേന്ദ്രങ്ങൾ തകർത്താതായും പതിവ് പല്ലവി തന്നെ ആവർത്തിക്കുന്നു ഇസ്രായേൽ.
സൈന്യത്തിന് പുറമെ ഇസ്രായേലികളും ദുരിതത്തിന് ആക്കം കൂട്ടുകയാണ്. ഗസ്സയിലേക്ക് സഹായമെത്തുന്ന വഴികളെല്ലാം അടക്കുകയാണവർ. ഗസ്സയിലേക്ക് പ്രവേശിക്കുന്നതിനുള്ള സഹായത്തിനുള്ള പ്രധാന ക്രോസിംഗ് റഫയാണെങ്കിലും ഇസ്രായേൽ കുടിയേറ്റക്കാരുടെ പ്രകടനങ്ങൾ കരേം അബു സലേം (കെരെം ശാലോം) ക്രോസിംഗിന് സമീപത്തും എത്തി. ജീവൻ രക്ഷാ സാമഗ്രികളുമായി എത്തിയ ട്രക്കുകൾ ഗസ്സയിലേക്ക് കടക്കുന്നത് ഇവർ തടയുകയാണുണ്ടായത്.
ഹമാസ് ആക്രമണത്തിന് ശേഷം കരേം അബു സലേം ബുധനാഴ്ചയാണ് വീണ്ടും തുറന്നത്. എന്നാൽ, ഇസ്രായേൽ സൈന്യത്തിന്റെ നിരന്തരമായ ആക്രമണങ്ങൾ കാരണം ഒരു ഫലസ്തീനിക്ക് പോലും അതിർത്തി കടക്കുക സാധ്യമല്ലെന്ന് യുഎൻ പറയുന്നു. ജോർദാൻ ഗസ്സയിലേക്ക് സഹായ ട്രക്കുകൾ അയച്ചിട്ടുണ്ട്. ഇവയിൽ ചിലത് ഇസ്രായേലി പ്രതിഷേധക്കാർ ആക്രമിച്ചു. ആക്രമണത്തെ അപലപിച്ച ജോർദാൻ വിദേശകാര്യമന്ത്രാലയം ഗസ്സയിലെ ജനങ്ങൾക്ക് വേഗത്തിൽ സഹായം എത്തിക്കുന്നത് ഇസ്രായേൽ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ഈ ആഴ്ച നടന്ന വെടിനിർത്തൽ ചർച്ചകളിൽ 12 ആഴ്ചയെങ്കിലും ആക്രമണം നിർത്തിവെക്കണമെന്നാണ് ഹമാസ് മുന്നോട്ടുവെച്ച ആവശ്യം. ഈ കരാർ ഇസ്രായേൽ അംഗീകരിച്ചിട്ടില്ല. ഇരു പാർട്ടികളുടെയും പ്രതിനിധികൾ ഈജിപ്ത് വിട്ടു.
ഹമാസിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് അറിയിച്ച ഇസ്രായേൽ ഉദ്യോഗസ്ഥർ റഫയിൽ ആക്രമണം തുടരുമെന്ന സൂചനയും നൽകിയിട്ടുണ്ട്.
പതിനായിരക്കണക്കിന് ആളുകൾ റഫയിൽ നിന്ന് മറ്റൊരിടം തേടി പലായനം ചെയ്യുകയാണ്. ഈ ആഴ്ച റഫയിൽ നിന്ന് പലായനം ചെയ്ത പതിനായിരക്കണക്കിന് ഫലസ്തീനികളിൽ ഒരാളാണ് ലൈല അൽ-കഫർണ. യുദ്ധകാലത്ത് അവളുടെ കുടുംബം ആറാമത്തെ തവണയാണ് പലായനം ചെയ്യുന്നത്. 'ഞങ്ങൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കൈക്കുഞ്ഞിനെ കാണിച്ചുകൊണ്ട് ലൈല പറയുന്നു. യുദ്ധകാലത്താണ് ഈ കുഞ്ഞ് ജനിച്ചത്. എന്താണ് ഇവൾ ചെയ്ത തെറ്റ്?; ലൈല ചോദിക്കുന്നു.
ഗസ്സ സിറ്റിയിൽ നിന്ന് തെക്കോട്ട് പോകാൻ പറഞ്ഞു. അതിനുശേഷം ഖാൻ യൂനിസിലേക്ക് പായിച്ചു. പിന്നീട് നുസൈറാത്തിലെ അഭയാർത്ഥി ക്യാമ്പിൽ എത്തി. നുസൈറാത്തിന് ശേഷം ഡീർ എൽ-ബാലയിലേക്ക്. ശേഷം റഫയിൽ.. ഇപ്പോൾ ഇവിടെ നിന്നിനി എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയില്ല. സുരക്ഷിതമാണെന്ന് പറഞ്ഞ് ഇസ്രായേൽ ആട്ടിപ്പായിച്ച് കൊണ്ടുവരുന്ന ഒരു സ്ഥലവും സുരക്ഷിതമല്ലെന്നും ലൈല പറഞ്ഞു.
അതേസമയം, യുഎസുമായുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തിനിടയിൽ റഫയിലെ ജനസംഖ്യ മുൻനിർത്തി ഇസ്രായേൽ വിലപേശുകയാണെന്ന് ഇസ്രായേൽ രാഷ്ട്രീയ നിരൂപകനായ ഒറി ഗോൾഡ്ബെർഗ് പറയുന്നു. റഫയിലെ ഫലസ്തീനികൾ ഇസ്രായേലും അമേരിക്കയും തമ്മിലുള്ള കളിയിലെ പണയക്കാരായി മാറിയിരിക്കുന്നു. ഭയാനകമായ കാര്യമാണിതെന്നും ഒറി ഗോൾഡ്ബെർഗ് ചൂണ്ടിക്കാട്ടി.
ആക്രമണ പദ്ധതി എന്നതിലുപരി റഫ ഇപ്പോഴും ഇസ്രായേലിന്റെ ഒരു തന്ത്രമാണ്. റഫയിൽ ഇസ്രായേലിന് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.