World
ഓരോ മരണവും നിങ്ങൾ കാരണമാണ്; നാറ്റോ യുക്രൈനെ ചതിച്ചോ? നിരാശനായി സെലൻസ്‌കി- രൂക്ഷവിമർശനം
World

''ഓരോ മരണവും നിങ്ങൾ കാരണമാണ്''; നാറ്റോ യുക്രൈനെ ചതിച്ചോ? നിരാശനായി സെലൻസ്‌കി- രൂക്ഷവിമർശനം

Web Desk
|
5 March 2022 2:05 PM GMT

റഷ്യൻ ആക്രമണമുണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും നാറ്റോ നിഷ്‌ക്രിയമായി നിൽക്കുകയായിരുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി

റഷ്യൻ ആക്രമണം തടയാൻ ശ്രമിക്കാതെ നാറ്റോ നിഷ്‌ക്രിയമായി നിൽക്കുകയായിരുന്നുവെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി. യുക്രൈനിൽ റഷ്യൻ ആക്രമണം കടുക്കുന്നതിനിടെയാണ് നിരാശയോടെ സെലൻസ്‌കിയുടെ രൂക്ഷപ്രതികരണം. റഷ്യൻ ആക്രമണ സാധ്യത അറിയാമായിരുന്നിട്ടും യുക്രൈനെ വ്യോമയാന നിരോധിത മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ നാറ്റോ തള്ളിക്കളയുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

''റഷ്യൻ ആക്രമണവും തുടർന്നുള്ള ആളപായവും നാശനഷ്ടങ്ങളും അറിഞ്ഞിട്ടും യുക്രൈൻ വ്യോമാതിർത്തി അടക്കാതിരിക്കാൻ തീരുമാനിക്കുകയായിരുന്നു നാറ്റോ. യുക്രൈൻ അതിർത്തി അടച്ചാൽ തങ്ങൾക്കെതിരെ റഷ്യയുടെ കടന്നാക്രമണമുണ്ടാകുമെന്നൊരു ആഖ്യാനം സൃഷ്ടിച്ചിരിക്കുകയാണ് നാറ്റോ രാജ്യങ്ങൾ. റഷ്യൻ ആക്രമണത്തിലെ ഓരോ മരണവും നിങ്ങൾ കാരണമാണ്. നിങ്ങളുടെ അശക്തത കാരണമാണ്..'' വിഡിയോ സന്ദേശത്തിൽ സെലൻസ്‌കി ആരോപിച്ചു.

റഷ്യയുമായി നേരിട്ട് ഒരു ആക്രമണത്തിലേക്ക് പോകേണ്ടിവരുമെന്നതിനാൽ യുക്രൈനിൽ ഇടപെടാനില്ലെന്നാണ് നാറ്റോ തലവൻ ജെൻസ് സ്‌റ്റോൾട്ടൻബർഗ് നേരത്തെ വ്യക്തമാക്കിയത്. വിമാനനിരോധിത മേഖല നടപ്പാക്കാനുള്ള ഏക വഴി നാറ്റോ യുദ്ധവിമാനങ്ങൾ യുക്രൈനിലേക്ക് അയച്ച് റഷ്യൻ വിമാനങ്ങൾ വെടിവച്ചിടുക മാത്രമാണ്. അത് ചെയ്താൽ യൂറോപ്പിൽ അതിശക്തമായൊരു യുദ്ധത്തിലായിരിക്കും അത് കലാശിക്കുക. ഒരുപാട് രാജ്യങ്ങളെ അതു ബാധിക്കുകയും നിരവധി ജീവനുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്നും സ്റ്റോൾട്ടൻ കൂട്ടിച്ചേർത്തു.

Summary:'People Will Die Because of You': Ukraine President Volodymyr Zelensky Slams NATO For Rejecting No-Fly Zone Over His Country

Similar Posts