World
Peoples life is back to normal in Bangladesh
World

പ്രതിഷേധം കെട്ടടങ്ങി; ബം​ഗ്ലാദേശിൽ ജനജീവിതം സാധാരണ​ഗതിയിലേക്ക്

Web Desk
|
24 July 2024 2:05 PM GMT

ഞായറാഴ്ച മുതൽ രാജ്യം താരതമ്യേന ശാന്തമാണ്

ധാക്ക: കർഫ്യൂക്ക് അയവ് വരുത്തിയതിന് പിന്നാലെ ബം​ഗ്ലാദേശിൽ ജനജീവിതം സാധാരണ​ഗതിയിലേക്ക് നീങ്ങിതുടങ്ങി. ബുധനാഴ്ച ധാക്കയിലെ തെരുവുകളിൽ തിരക്കേറിയ ​ഗതാ​ഗതമാണ് അനുഭവപ്പെട്ടത്. തൊഴിൽ സംവരണത്തിനെതിരെ വിദ്യാർഥി പ്രക്ഷോഭം വൻസംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചത്. തലസ്ഥാനമായ ധാക്കയിലടക്കം സൈന്യത്തെ വിന്യസിക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരെ ഷൂട്ട് ഓൺ സൈറ്റ് ഓർഡർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ 150ഓളം പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.

രാജ്യത്ത് ഓഫീസുകൾ വീണ്ടും തുറക്കുകയും ബ്രോഡ്‌ബാൻഡ് ഇൻ്റർനെറ്റ് സംവിധാനം വലിയ രീതിയിൽ പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചിട്ടില്ല. കർഫ്യൂ സമയത്ത് ഉൽപ്പാദനം നിർത്തിയ ബംഗ്ലാദേശിലെ പ്രധാന വസ്ത്ര, തുണി വ്യവസായ ഫാക്ടറികളും വീണ്ടും പ്രവർത്തനമാരംഭിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി അടച്ചിട്ട സ്റ്റോക്ക് എക്സ്ചേഞ്ചും ബാങ്കുകളും തുറന്നു പ്രവർത്തിച്ചു. ചില സ്ഥലങ്ങളിൽ പൊതു​ഗതാ​ഗതം പുനരാരംഭിച്ചതിനാൽ ജനങ്ങൾ ഓഫീസുകളിലേക്ക് പോയിതുടങ്ങി. പ്രാദേശിക വാർത്താ വെബ്‌സൈറ്റുകളും ഓൺലൈൻ പ്രവർത്തനം പുനരാരംഭിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഏഴ് മണിക്കൂർ കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്നും ഓഫീസുകൾ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ തുറക്കുമെന്നും സർക്കാർ അറിയിച്ചു.

ഞായറാഴ്ച മുതൽ രാജ്യം താരതമ്യേന ശാന്തമാണ്. സർക്കാർ ജോലികളിലെ സംവരണം ബംഗ്ലാദേശ് സുപ്രിംകോടതി റദ്ദാക്കിയതോടെയാണ് വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് അയവുവന്നത്. സർക്കാർ ജോലികളിൽ 93 ശതമാനം നിയമനവും മെറിറ്റ് അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

കടുത്ത തൊഴിലില്ലായ്മ നേരിടുന്ന രാജ്യത്ത് സർക്കാർ ജോലികളിൽ 56 ശതമാനം സംവരണമാണുണ്ടായിരുന്നത്. സ്വതന്ത്യത്തിനായി 1971ലെ വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്കുള്ള 30 ശതമാനം സംവരണം നിർത്തണമെന്ന് ആവശ്യപ്പെട്ടാണ് ധാക്കയിൽ വിദ്യാർഥി പ്രതിഷേധം അരങ്ങേറിയത്. ആയുധമേന്തി തെരുവിൽ ഇറങ്ങിയ ആയിരക്കണക്കിന് വിദ്യാർഥികളും പൊലീസും ഏറ്റുമുട്ടി.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ധാക്കയിലെ സർവകലാശാല ഉൾപ്പെടെ അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന ക്വാട്ട സമ്പ്രദായം 2018ൽ ഷെയ്ഖ് ഹസീന സർക്കാർ പ്രതിഷേധങ്ങളെ തുടർന്ന് നിർത്തി വച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം കീഴ്ക്കോടതി ആ തീരുമാനം അസാധുവാക്കിയതോടെയാണ് ബംഗ്ലാദേശ് സമീപകാലത്തെ ഏറ്റവും വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചത്. ഈ ഉത്തരവാണ് സുപ്രിംകോടതി ഞായറാഴ്ച റദ്ദാക്കിയത്. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് തൊഴിൽ സംവരണം ഏർപ്പെടുത്തിയതാണ് വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. 17 കോടിയോളം ജനസംഖ്യയുള്ള രാജ്യത്ത് 3.2 കോടി യുവാക്കൾ തൊഴിൽരഹിതരാണ്.

Similar Posts