ഇസ്രായേലിന്റെ വംശഹത്യക്കെതിരെ നിയമയുദ്ധം നയിക്കുന്ന ദക്ഷിണാഫ്രിക്കക്ക് നൊബേൽ നൽകണമെന്ന് കൊളംബിയ
|ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭക്ക് കീഴിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക പരാതി നൽകിയത്.
ബാഗോട്ട: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിയമയുദ്ധം നടത്തുന്ന ദക്ഷിണാഫ്രിക്കക്ക് സമാധാന നൊബേൽ നൽകണമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. ദക്ഷിണാഫ്രിക്കയുടെ നിയമപരമായ നീക്കങ്ങൾക്ക് അദ്ദേഹം ആവർത്തിച്ച് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ ശക്തമായ നിലപാടെടുത്ത നേതാവാണ് പെട്രോ.
'ഇന്ന് ആരെങ്കിലും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹരാണെങ്കിൽ, അത് ഫലസ്തീൻ ജനതയുടെ സംരക്ഷണത്തിനായി നെതന്യാഹുവിനെതിരെ വംശഹത്യാക്കുറ്റത്തിന് പരാതി നൽകിയ ദക്ഷിണാഫ്രിക്കൻ നിയമസംഘമായിരിക്കും'-പെട്രോ ട്വീറ്റ് ചെയ്തു.
Si alguien hoy mereciera el premio nobel de la Paz ese sería el equipo jurídico de sudáfrica que ha puesto denuncia por genocidio a Netanyahu en defensa del pueblo palestino.
— Gustavo Petro (@petrogustavo) January 13, 2024
ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐക്യരാഷ്ട്രസഭക്ക് കീഴിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക പരാതി നൽകിയത്. ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു പരാതിയിൽ കോടതി വാദം കേട്ടത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ തന്നെയാണെന്ന് തെളിവുകൾ നിരത്തി ദക്ഷിണാഫ്രിക്ക വാദിച്ചു. നേരത്തേ ആസൂത്രണം ചെയ്ത് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഹാജരായ അഭിഭാഷക ആദില ഹാശിം ചൂണ്ടിക്കാട്ടി.