പെട്രോൾക്ഷാമം: യു.കെയിൽ ടാങ്കർ ലോറിയോടിക്കാൻ സൈനികർ...!
|10,500 താത്കാലിക തൊഴിൽ വിസ അനുവദിക്കാൻ തീരുമാനം
പെട്രോളും ഡീസലും കൊണ്ടുവരുന്ന ട്രക്കുകൾക്ക് ഡ്രൈവർമാരില്ലാത്തതിനാൽ യു.കെയിൽ ഇന്ധനപമ്പ് പ്രവർത്തനം നിലച്ചത് പരിഹരിക്കാൻ വേണമെങ്കിൽ സൈനിക ഡ്രൈവർമാരുമിറങ്ങും. ഡിപ്പാർട്ട്‌മെൻറ് ഫോർ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
പമ്പുകളിൽ ഇന്ധനക്ഷാമം ഉണ്ടായതോടെ പലരും പെട്രോളും ഡീസലും വാങ്ങിക്കൂട്ടാൻ ശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഗവൺമെൻറ് ഇടപെടൽ.
ബ്രക്‌സിറ്റിന് ശേഷം യു.കെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതാണ് ട്രക്ക് ഡ്രൈവർമാരില്ലാത്ത അവസ്ഥയിലെത്തിച്ചത്. എന്നാൽ ഇന്ധനമെത്തിക്കാൻ ഡ്രൈവർമാരില്ലാത്തതിനാൽ ഈ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. വിദേശ ട്രക്ക് ഡ്രൈവർമാർക്ക് ഹ്രസ്വകാല വിസ അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. ലോറി ഡ്രൈവർമാർക്കും പോൾട്രി ജോലിക്കാർക്കുമായി ഡിസംബർ 24 വരെ 10,500 താത്കാലിക തൊഴിൽ വിസ അനുവദിക്കാനാണ് തീരുമാനം.
ഈ തീരുമാനത്തെ സ്വാഗതം ചെയ്ത ബ്രിട്ടീഷ് പോൾട്രി കൗൺസിൽ തലവൻ റിച്ചാർഡ് ഗ്രിഫ്ത്ത്‌സ് നടപടി ഭക്ഷ്യക്ഷാമം പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് പറഞ്ഞു.
ഇന്ധനക്ഷാമം; വസ്തുതയെന്ത്?
ഇന്ധനവിതരണക്കാരായ ഷെൽ, ബി.പി, എസ്സോ എന്നിവ പറയുന്നത് റിഫൈനറികളിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്നും ഉടൻ പഴയപടി വിതരണം നടത്താൻ കഴിയുമെന്നുമാണ്. എന്നാൽ ഇപ്പോഴും പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ കാണുന്നുണ്ട്. നിലവിലുള്ള ട്രക്ക് ഡ്രൈവർമാർ ജോലി ചെയ്തു മടുത്തിരിക്കുകയാണ്. പല ഡ്രൈവർമാരും ആശുപത്രി ജീവനക്കാരും ഇന്ധനം കിട്ടാത്തതിനാൽ ജോലിക്ക് പോകാൻ കഴിയാതെയിരിക്കുന്നു.
യു.കെയിലെ 8000 ഇന്ധനപമ്പുകളിൽ പകുതിയിലും പെട്രോളില്ലെന്ന് ദി പെട്രോൾ ഡീറ്റേലേഴ്‌സ് അസോസിയേഷൻ അറിയിച്ചു. പരിഭ്രാന്തമായ വാങ്ങിക്കൂട്ടലാണ് ഇതിന്റെ പ്രധാന കാരണമെന്നും അവർ പറഞ്ഞു.
സൂപ്പർമാർക്കറ്റുകളിൽ നിന്ന് സാധനം വാങ്ങിക്കൂട്ടുന്നതും ക്രിസ്തുമസ് സമ്മാനങ്ങൾ വാങ്ങിവെക്കുന്നതും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.
ട്രക്ക് ഡ്രൈവർമാരില്ലാതായത് എങ്ങനെ?
ജനുവരിയിൽ യൂറോപ്യൻ യൂനിയനിൽനിന്ന് യു.കെ പിൻവാങ്ങിയതും കോവിഡ് മഹാമാരിയും മൂലം പല വിദേശ ഡ്രൈവർമാരും രാജ്യം വിട്ടു. ഇത് പരിഹരിക്കാനാണ് ഹ്രസ്വ വിസ അനുവദിക്കാൻ തുടങ്ങുന്നത്.
വിവിധ മേഖലകളിലായി ഒരു ലക്ഷത്തോളം ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് കണക്ക്. 40,000 പേർ ഹെവി ഗിയർ ലൈസൻസിനായി കാത്തിരിക്കുന്നുവെന്നും വാർത്തയുണ്ട്. ഇന്ധനം കൊണ്ടുപോകാൻ പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവർമാർ വേണമെന്നതും 57 വയസ്സ് വരെ മാത്രമേ ജോലി ചെയ്യാൻ പറ്റൂവെന്നതും രംഗത്തെ ബാധിക്കുന്നുണ്ട്.
മക്‌ഡൊണാൾഡ്, നാൻഡോസ് ചിക്കൻ, യു.കെയിലെ വൻ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ടെസ്‌കോ എന്നിവിടങ്ങളിലും ഡ്രൈവർമാരുടെ അഭാവമുണ്ടെന്നാണ് വിവരം.
പ്രശ്‌നം ബ്രക്‌സിറ്റ് മൂലം ഉണ്ടായതാണെന്നും കുറഞ്ഞ കൂലിയാണ് ഈ തൊഴിൽ രംഗത്തുളളതെന്നും ജർമൻ തെരഞ്ഞെടുപ്പിലെ വിജയി ഒലാഫ് സ്‌കോൾസ് പറഞ്ഞു. യൂനിനിൽനിന്ന് പുറത്തുപോകാതിരിക്കാൻ തങ്ങൾ അവരോട് ഏറെ ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
1970 ൽ ഊർജ വിതരണം സ്തംഭിച്ച ദിനങ്ങളോടാണ് പലരും പ്രതിസന്ധിയെ താരതമ്യം ചെയ്യുന്നത്. 2000 ത്തിൽ കൂടിയ ഊർജ വിലക്കെതിരെ ജനങ്ങൾ സമരം ചെയ്തതിനെ തുടർന്നും ഇന്ധനവിതരണം മുടങ്ങിയിരുന്നു. നിലവിൽ സാധാരണ പോലെ മാത്രം ഇന്ധനം വാങ്ങാൻ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഗവൺമെൻറ്.
VIDEO: Desperate motorists queue up at fuel pumps across Britain, draining tanks, fraying tempers and prompting calls for the government to use emergency powers to give priority access to healthcare and other essential workers pic.twitter.com/T9dCwPBRr1
— AFP News Agency (@AFP) September 27, 2021