ഡാനിഷ് സിദ്ദീഖിയെ താലിബാൻ വകവരുത്തിയതു തന്നെയെന്ന് റിപ്പോർട്ട്
|പള്ളിയിൽ അഭയം പ്രാപിച്ച ഡാനിഷിനെയും സൈനികരെയും താലിബാൻ സംഘം പിടികൂടി വകവരുത്തുകയായിരുന്നുവെന്ന് യുഎസ് പ്രസിദ്ധീകരണമായ 'വാഷിങ്ടൺ എക്സാമിനർ' റിപ്പോർട്ട് ചെയ്തു
പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖിയെ താലിബാൻ ബോധപൂർവം വകവരുത്തിയതു തന്നെയാണെന്ന് റിപ്പോർട്ട്. അഫ്ഗാൻ സൈന്യത്തിനെതിരായ താലിബാന്റെ പ്രത്യാക്രമണത്തിലാണ് ഡാനിഷ് കൊല്ലപ്പെട്ടതെന്ന തരത്തിലുള്ള വാർത്തകൾ തള്ളിക്കളയുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡാനിഷിനെ തിരിച്ചറിഞ്ഞ ശേഷം താലിബാൻ സംഘം ക്രൂരമായി വകവരുത്തുകയായിരുന്നുവെന്ന് യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രസിദ്ധീകരണമായ 'വാഷിങ്ടൺ എക്സാമിനർ' റിപ്പോർട്ട് ചെയ്യുന്നു.
ഈ മാസം 16നാണ് അഫ്ഗാനിസ്താനിലെ കാണ്ഡഹാറിൽ ഡാനിഷ് കൊല്ലപ്പെടുന്നത്. ഇവിടെ സ്പിൻ ബോൾഡാക് ജില്ലയിൽ അഫ്ഗാൻ-താലിബാൻ സൈന്യങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽ അബദ്ധത്തിലാണ് മരണം സംഭവിച്ചതെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. ഡാനിഷിന്റെ കൊലപാതകത്തിൽ തങ്ങൾക്കു പങ്കില്ലെന്ന് താലിബാൻ പ്രതികരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു സംഘം. എന്നാൽ, ആളെ കൃത്യമായി തിരിച്ചറിഞ്ഞു തന്നെ നടപ്പാക്കിയ കൊലപാതകമായിരുന്നു അതെന്നാണ് 'വാഷിങ്്ടൺ എക്സാമിനർ' റിപ്പോർട്ടിൽ പറയുന്നത്.
ഏറ്റുമുട്ടൽ രൂക്ഷമായ സ്പിൻ ബോൾഡാക്കിൽ അഫ്ഗാൻ ദേശീയ സൈന്യത്തിലെ ഒരു സംഘത്തിനൊപ്പമാണ് ഡാനിഷ് എത്തിയത്. മേഖലയിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു 38കാരൻ. ഡാനിഷ് സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ താലിബാന്റെ റോക്കറ്റാക്രമണം നടത്തിയിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഡാനിഷ് തന്നെ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. മേഖലയിലെ മൂന്നിലൊന്നു ഭാഗവും താലിബാൻ പിടിച്ചടക്കിയതിനു പിറകെ ഡാനിഷിന്റെ കൂടെയുണ്ടായിരുന്ന അഫ്ഗാൻ സൈന്യം രണ്ടായി പിരിഞ്ഞു. സൈനിക കമാൻഡറടക്കമുള്ള നിരവധി സൈനികർ മറ്റൊരു ഭാഗത്തേക്കു രക്ഷപ്പെട്ടു. ഡാനിഷ് മൂന്ന് അഫ്ഗാൻ സൈനികർക്കൊപ്പം ഒറ്റപ്പെട്ടു.
ഇതോടെ ഇവരെ ലക്ഷ്യമിട്ട് താലിബാൻ സംഘം ആക്രമണം തുടർന്നു. ആക്രമണത്തിൽ വെടിയേറ്റ ഡാനിഷ് സൈനികർക്കൊപ്പം സമീപത്തെ പള്ളിയിൽ അഭയം തേടി. ഇവിടെവച്ച് പ്രാഥമിക പരിചരണം ലഭിക്കുകയും ചെയ്തു. എന്നാൽ, മാധ്യമപ്രവർത്തകൻ പള്ളിയിലുണ്ടെന്ന വാർത്ത പരന്നതോടെ താലിബാൻ സംഘം സ്ഥലത്തെത്തി. ഡാനിഷ് അകത്തുണ്ടെന്നു സ്ഥിരീകരിച്ചതിനുശേഷം സംഘം പള്ളി ആക്രമിച്ചു. തുടർന്ന് ഡാനിഷിനെയും സൈനികരെയും പിടികൂടി. ആളെ സ്ഥിരീകരിച്ചതോടെ സൈനികർക്കൊപ്പം ഡാനിഷിനെതിരെ താലിബാൻ സംഘം മർദനം ആരംഭിച്ചു. തുടർന്ന് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമേരിക്കൻ മാധ്യമത്തിനു വേണ്ടി വാർത്ത പുറത്തുവിട്ട മൈക്കൽ റൂബിൻ പറയുന്നു.
ഡാനിഷ് സിദ്ദീഖി പകർത്തിയ റോഹിംഗ്യ അഭയാർത്ഥി പലായനത്തിന്റെയും ദൈന്യതയുടെയും ചിത്രങ്ങൾക്ക് 2018ലാണ് പുലിറ്റ്സർ പുരസ്കാരം ലഭിക്കുന്നത്. അഫ്ഗാൻ സംഘർഷത്തിനു പുറമെ ഏഷ്യയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയുണ്ടായ പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളുമെല്ലാം ഡാനിഷ് നേരിട്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. 18നാണ് ഡാനിഷിന്റെ മൃതദേഹം ഡൽഹി വിമാനത്താവളത്തിലെത്തിച്ചത്. തുടർന്ന് വൻജനാവലിയുടെ സാന്നിധ്യത്തിൽ ജാമിഅ മില്ലിയ്യ സർവകലശാലാ കാംപസിലെ ഖബറിസ്ഥാനിൽ മറമാടുകയായിരുന്നു.