വിമാനം പറത്താനാളില്ല; അമേരിക്കയിൽ വ്യോമഗതാഗതം പ്രതിസന്ധിയിലേക്ക്
|ലോകമെങ്ങും ഗ്ലാമർ ജോലിയായി കരുതപ്പെടുന്ന വിമാനം പറത്തലിന് അമേരിക്കയിൽ തിളക്കം കുറഞ്ഞതിന് പല കാരണങ്ങളാണുള്ളത്
ന്യൂയോർക്ക്: കോവിഡ് പ്രതിസന്ധിക്കു ശേഷം വ്യോമഗതാഗതം പൂർവസ്ഥിതിയിലേക്ക് മടങ്ങുമ്പോൾ അമേരിക്കൻ വിമാനക്കമ്പനികൾ പുതിയൊരു പ്രതിസന്ധിയിലാണ്: വിമാനം പറത്താൻ ആവശ്യത്തിന് പൈലറ്റുമാരില്ല. പൈലറ്റുമാരുടെ ലഭ്യതക്കുറവും മോശം കാലാവസ്ഥയും കാരണം ആയിരക്കണക്കിന് വിമാനങ്ങളാണ് കഴിഞ്ഞ ക്രിസ്മസ് സീസണിൽ കാൻസൽ ചെയ്തതെന്നും ശമ്പളം കൂട്ടിയും മറ്റ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും കമ്പനികൾ പൈലറ്റുമാരെ ആകർഷിക്കുന്ന തിരക്കിലാണെന്നും പ്രമുഖ വ്യോമയാന വാർത്താ വെബ്‌സൈറ്റായ 'ഏറോടൈം ഹബ്ബ്' പറയുന്നു.
അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന്റെ (അയാട്ട) കണക്കുകൾ പ്രകാരം, കോവിഡിനു ശേഷം വ്യോമഗതാഗതം ഏറ്റവും വേഗത്തിൽ പൂർവസ്ഥിതി കൈവരിക്കുന്ന രാജ്യമാണ് അമേരിക്ക. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ഏറെക്കുറെ 2019-ലെ അത്രതന്നെ ആളുകൾ അമേരിക്കയിൽ വിമാനയാത്ര ചെയ്തു എന്നാണ് കണക്കുകൾ. 2023 ആകാശയാത്രയെ സംബന്ധിച്ചിടത്തോളം മികവിന്റെ വർഷമായിരിക്കുമെന്നും അയാട്ട പറയുന്നു.
എന്നാൽ, പൈലറ്റുമാരെ സ്വന്തമാക്കുന്ന കാര്യത്തിൽ കടുത്ത മത്സരമാണ് അമേരിക്കയിലെ വിമാനക്കമ്പനികൾക്കിടയിൽ നടക്കുന്നത്. ചില കമ്പനികൾ ശമ്പളവർധനയും മറ്റ് പാരിതോഷികങ്ങളും പ്രഖ്യാപിക്കുമ്പോൾ മറ്റു ചിലർ വൈമാനിക സ്‌കൂളുകളുമായുള്ള പാർട്ണർഷിപ്പിലൂടെ ആളെ ഒപ്പിക്കാനാണ് ശ്രമിക്കുന്നത്. ചില വിമാനക്കമ്പനികൾ സ്വന്തം നിലയ്ക്കു തന്നെ സ്‌കൂളുകളും ആരംഭിക്കുന്നുണ്ട്.
എന്താണ് ഈ പ്രതിസന്ധിക്ക് കാരണം?
ലോകമെങ്ങും ഗ്ലാമർ ജോലിയായി കരുതപ്പെടുന്ന വിമാനം പറത്തലിന് അമേരിക്കയിൽ തിളക്കം കുറഞ്ഞതിന് പല കാരണങ്ങളുണ്ട്. 2001-ലെ ട്രേഡ് സെന്റർ ഭീകരാക്രമണവും 2007-08 കാലഘട്ടത്തിലെ ആഗോളമാന്ദ്യവും വ്യോമയാത്രാ ബിസിനസിനെ സാരമായി ബാധിച്ചു. ചെലവു ചുരുക്കിയും പൈലറ്റുമാരടക്കമുള്ള ജീവനക്കാരുടെ ശമ്പളം കുറച്ചുമാണ് കമ്പനികൾ ഈ ഘട്ടത്തിൽ പിടിച്ചുനിന്നത്. ഫസ്റ്റ് ഓഫീസർ പൈലറ്റുമാരുടെ ശമ്പളത്തിൽ തന്നെ വൻ ഇടിവുണ്ടായി. ഇതോടെ, ഈ മേഖലയിൽ കരിയർ തെരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി.
2009-ലെ കോൾഗൻ വിമാനദുരന്തത്തെ തുടർന്ന് പൈലറ്റുമാരുടെ നിയമനത്തിന്റെ മാനദണ്ഡം പരിഷ്‌കരിച്ചതും തിരിച്ചടിയായി. കമേഴ്‌സ്യൽ പൈലറ്റാവുന്നവർക്ക് 1,500 മണിക്കൂറെങ്കിലും വിമാനം പറത്തി പരിചയം വേണമെന്നായിരുന്നു പരിഷ്‌കരിച്ച നിബന്ധന. ഇതുകൂടിയായപ്പോൾ പൈലറ്റ് കരിയറിന്റെ അവസാനമായി.
'ലോകത്തെ മറ്റിടങ്ങളിലെ പോലെ പൈലറ്റ് ജോലി അമേരിക്കയിൽ അത്ര ആകർഷകമല്ല. ഭീമമായ തുക മുടക്കി പരിശീലനം നേടിയാലും മറ്റ് മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ വേതനത്തിനാണ് പൈലറ്റുമാർ ജോലി തുടങ്ങേണ്ടി വരുന്നത്. പറക്കൽ മണിക്കൂറുകൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ ജോലി തുടങ്ങാൻ രണ്ട് വർഷത്തോളം കാത്തിരിക്കേണ്ടിയും വരുന്നു.' - വ്യോമഗതാഗത രംഗത്ത് ഉപദേശകനായ മാക്‌സിമില്യാൻ ബർഗർ പറയുന്നു.
ഇതിനെല്ലാം പുറമെ, കോവിഡ് കാലത്ത് നിരവധി വിമാനക്കമ്പനികൾ ചെലവ് ചുരുക്കുന്നതിനായി പ്രായമുള്ള പൈലറ്റുമാരുടെ റിട്ടയർമെന്റ് നേരത്തെയാക്കി. അതേസമയം, വൈമാനിക സ്‌കൂളുകൾ പ്രവർത്തിക്കാതിരുന്നതിനാൽ കൂടുതൽ പേർ ലഭ്യമായതുമില്ല. പൈലറ്റ് പഠനത്തിന് ഒരുലക്ഷം ഡോളറോളം (75 ലക്ഷം രൂപ) ചെലവും, നിബന്ധനകൾ പൂർത്തിയാക്കി യോഗ്യത നേടാൻ അഞ്ചുവർഷം കാലയളവും ഉള്ളതിനാൽ ഈ പ്രതിസന്ധി പരിഹരിക്കാൻ സമയമെടുക്കുമെന്ന് യുനൈറ്റ് എയർലൈൻസ് സി.ഇ.ഒ സ്‌കോട്ട് കിർബി പറയുന്നു.
അടുത്ത 20 വർഷങ്ങളിൽ ലോകമെങ്ങും 612,000 പൈലറ്റുമാരെയാണ് പുതുതായി ആവശ്യമുണ്ടാവുകയെന്നാണ് പ്രമുഖ വിമാനക്കമ്പനിയായ ബോയിങ് പറയുന്നത്. ഇതിൽ, അമേരിക്കയിൽ മാത്രം 130,000 പേരെ ആവശ്യമായി വരും. ഈ സാഹചര്യത്തിൽ വിമാനക്കമ്പനികൾ തന്നെ മുന്നിട്ടിറങ്ങിക്കൊണ്ടുള്ള ട്രെയിനിങ് പ്രോഗ്രാമുകളിലൂടെയാണ് പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നത്. 2023 പൈലറ്റ് പഠനത്തിൽ വൻതോതിലുള്ള കുതിച്ചുചാട്ടമുണ്ടാകുമെന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്ന് ഏറോടൈം റിപ്പോർട്ടിൽ പറയുന്നു.