നിലംതൊടുമ്പോൾ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് വിമാനം; ദുരന്തം ഒഴിവാക്കി ഹീറോ ആയി പൈലറ്റ് | VIDEO
|നിർണായക ഘട്ടത്തിൽ പൈലറ്റുമാരുടെ മനസ്സാന്നിധ്യമാണ് വൻ അപകടം ഒഴിവാക്കിയത്.
ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ ലാന്റ് ചെയ്യുന്നതിനിടെ കീഴ്‌മേൽ മറിയാൻ പോയ യാത്രാ വിമാനത്തെ അത്ഭുതകരമായി രക്ഷിച്ച് പൈലറ്റ്. ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ ബ്രിട്ടീഷ് എയർവേസിന്റെ 1307-ാം നമ്പർ വിമാനമാണ് തിങ്കളാഴ്ച വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. കാറ്റിൽ നിയന്ത്രിക്കാനാവാതെ ഇടതുവശം ചേർന്ന് മറിയാൻ പോയ വിമാനത്തെ കൃത്യസമയത്ത് അന്തരീക്ഷത്തിലേക്ക് ഉയർത്തിയാണ് പൈലറ്റുമാർ ജീവാപായം ഒഴിവാക്കിയത്.
വടക്കുകിഴക്കൻ സ്‌കോട്ട്‌ലാന്റിലെ അബർദീനിൽ നിന്ന് പുറപ്പെട്ട എയർബസ് വിമാനം ഹീത്രുവിലെത്തുമ്പോൾ 35 മൈൽ വേഗത്തിലാണ് കാറ്റ് വീശിയിരുന്നത്. ഇരു പിൻചക്രങ്ങളും നിലംതൊട്ടതിന്റെ തൊട്ടടുത്ത നിമിഷം വിമാനം ഇടതുഭാഗത്തേക്ക് അനിയന്ത്രിതമായി ചെരിഞ്ഞു. ഒറ്റച്ചക്രത്തിൽ മീറ്ററുകളോളം സഞ്ചരിച്ച വിമാനം പിന്നീട് നേരെയായെങ്കിലും പിന്നാലെ പറന്നുയരുകയായിരുന്നു. പറന്നുപൊങ്ങുന്നതിനിടെ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരയുകയും ചെയ്തു.
നിർണായക ഘട്ടത്തിൽ പൈലറ്റുമാരുടെ മനസ്സാന്നിധ്യമാണ് വൻ അപകടം ഒഴിവാക്കിയത്. പറന്നുയർന്ന് ആകാശം ചുറ്റിവന്ന ശേഷം വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.
ഹീത്രു എയർപോർട്ടിനടുത്ത് താമസിക്കുന്ന ജെറി ഡെയർ എന്ന വ്‌ളോഗറാണ് വിമാനം ലാന്റ് ചെയ്യാൻ ശ്രമിക്കുന്നതിന്റെയും പറന്നുയരുന്നതിന്റെയും വീഡിയോ പകർത്തിയത്. ഇതേദിവസം ശക്തമായ കാറ്റിൽ ലാന്റ് ചെയ്യാൻ മറ്റു വിമാനങ്ങളും ബുദ്ധിമുട്ടിയെന്ന് ജെറി ഡെയറിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.