ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ചു; നിരവധി കാറുകള്‍ക്ക് കേടുപാട്
|തെറിച്ച ടയര്‍ പതിച്ചത് വിമാനത്താവളത്തിന്റെ പാര്‍ക്കിങ്ങിലാണ്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയതായി വിമാനത്താവള അധികൃതര്‍
ഡല്‍ഹി: സാന്‍ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയര്‍ ഊരിത്തെറിച്ച് താഴെ വീണു. ജപ്പാനിലേക്ക് പോകുകയായിരുന്ന ബോയിങ് 777 വിഭാഗത്തിലുള്ള വിമാനം ഇതോടെ ലോസ്ആഞ്ചല്‍സില്‍ അടിയന്തിരമായി നിലത്തിറക്കി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനമാണിത്.
വിമാനം പറന്നുയരുന്നതിന് പിന്നാലെയാണ് ടയര്‍ താഴെ വീണത്. തകരാറോ എന്തെങ്കിലും പ്രശ്‌നമോ ബാധിക്കാത്ത സുരക്ഷിതമായ ലാന്റിങിനായി ആറ് ചക്രങ്ങളാണ് ബോയിങ് 777 വിമാനത്തിനുള്ളത്. തെറിച്ചു വീണ ടയര്‍ പതിച്ചത് വിമാനത്താവളത്തിന്റെ പാര്‍ക്കിങ്ങിലാണ്. ഇതോടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് പറ്റിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. 249 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ചയാണ് സംഭവം.
അടുത്തകാലത്തായി നിരവധി ഗുണനിലവാര പ്രശ്‌നം ബോയിങ് നേരിട്ടിരുന്നു. ബോയിങ് 737 മാക്‌സിന്റെ വാതില്‍ അടുത്തിടെ യാത്രാമധ്യേ തകര്‍ന്നിരുന്നു. ബോയിങ് 737 വിമാനങ്ങളുടെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെ കമ്പനി പുറത്താക്കുകയും വിമാനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പുതിയ നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.