പസഫിക് സമുദ്രത്തിൽ പൊങ്ങിക്കിടന്നത് 500 മില്യൺ ഡോളറിലധികം വിലവരുന്ന കൊക്കെയ്ൻ; പിടിച്ചെടുത്ത് പൊലീസ്
|30 വർഷത്തേക്ക് വിപണിയിൽ എത്തിക്കാൻ പര്യാപ്തമായ മയക്കുമരുന്നാണ് കണ്ടെടുത്തതെന്ന് പൊലീസ്
വെല്ലിങ്ടണ്‍: ന്യൂസിലാന്റിൽ കടലിൽ പൊങ്ങിക്കിടന്നത് 500 മില്യൺ ഡോളറിലധികം വിലമതിക്കുന്ന കൊക്കെയ്ൻ. ന്യൂസിലാന്‍റ് പൊലീസും കസ്റ്റംസ് സർവീസും ന്യൂസിലൻഡ് ഡിഫൻസ് ഫോഴ്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പസഫിക് സമുദ്രത്തിൽ നിന്ന് മയക്കുമരുന്ന് ശേഖരിച്ചത്. ഏകദേശം 3.2 ടൺ കൊക്കെയ്‌നാണ് പിടിച്ചെടുത്തത്.
30 വർഷത്തേക്ക് വിപണിയിൽ എത്തിക്കാൻ പര്യാപ്തമായ മയക്കുമരുന്നാണ് കണ്ടെടുത്തതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.അതേസമയം, രാജ്യത്ത് ഒറ്റത്തവണ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും അധികൃതര് പറഞ്ഞു. നിയമപാലകരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാനാണ് മയക്കുമരുന്നുകൾ കടലിൽ ഉപേക്ഷിച്ചതെന്നാണ് വിവരമെന്ന് പൊലീസ് കമ്മീഷണർ ആൻഡ്രൂ കോസ്റ്റർ ബുധനാഴ്ച വെല്ലിങ്ടണിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'മയക്കുമരുന്ന് കടത്തുകാരുടെ പുതിയ തന്ത്രമാണിത്. കടലിൽ ഉപേക്ഷിച്ച മയക്കുമരുന്ന് പാക്കറ്റുകൾ ഡീലർമാർ കപ്പലിലെത്തി ശേഖരിക്കും'. ഇത് വ്യാപകമായി പ്രയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്നുകൾ പൊലീസിന്റെ നേതൃത്വത്തിൽ നശിപ്പിക്കും.